വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസ് ആണ് കാട്ടാൻ. ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന പരമ്പര നിർമിക്കുന്നതും വിജയ് സേതുപതി തന്നെയാണ്. എം മണികണ്ഠൻ ആണ് കാട്ടാൻ സംവിധാനം ചെയ്യുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ മാർച്ച് 27 ന് സീരിസ് റിലീസ് ചെയ്യും. ഇപ്പോഴിതാ താൻ നിർമിച്ച എല്ലാ സിനിമകളും തനിക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പറയുകയാണ് വിജയ് സേതുപതി.
കാട്ടാന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. "ഞാൻ നിർമ്മിച്ച എല്ലാ സിനിമകളും എനിക്ക് വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഞാൻ സങ്കു തേവൻ എന്ന സിനിമ നിർമിച്ചു, പക്ഷേ അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അതോടെ 1.75 കോടിയുടെ നഷ്ടമാണുണ്ടായത്.
അതിനുശേഷം, ഓറഞ്ച് മിഠായി, മെർക്കു തോഡാർച്ചി മലൈ, ജുംഗ, ലാഭം തുടങ്ങിയ സിനിമകളും നിർമ്മിച്ചു. അവയെല്ലാം വൻ നഷ്ടങ്ങളായി മാറി. പക്ഷേ ഈ സിനിമകളൊന്നും കൊമേഴ്സ്യലി മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും ഇതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അതുകൊണ്ട് തന്നെ ഈ സിനിമകൾ നിർമിച്ചതിന്റെ പേരിൽ എനിക്ക് യാതൊരു വിഷമമോ കുറ്റബോധമോ ഇല്ല. ഇപ്പോൾ, ജിയോ ഹോട്ട്സ്റ്റാറുമായി സഹകരിച്ച് ഞാൻ കാട്ടാൻ സീരിസ് നിർമ്മിച്ചിരിക്കുന്നു".- വിജയ് സേതുപതി പറഞ്ഞു.
അതേസമയം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. മിലിന്ദ് സോമൻ, സുദേവ് നായർ, റിഷ ജേക്കബ്സ്, വടിവേൽ മുരുകൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates