കെട്ടുറപ്പുള്ള കഥയും ഗംഭീര പെർഫോമൻസുകളും; 'ഔസേപ്പിന്റെ ഒസ്യത്ത്' റിവ്യു
കെട്ടുറപ്പുള്ള കഥയും ഗംഭീര പെർഫോമൻസുകളും(4 / 5)
ഒരു കുടുംബം ആകുമ്പോൾ അവിടെ പല അഭിപ്രായ വ്യത്യാസങ്ങളും പൊരുത്തക്കേടുകളുമൊക്കെയുണ്ടാകും. എന്നാലും സ്നേഹവും പരസ്പരമുള്ള കരുതലും വിശ്വാസവുമൊക്കെ കൂടി ചേരുമ്പോൾ അവിടമൊരു സ്വർഗമായി മാറും. സ്നേഹവും കരുതലുമൊക്കെ മലയാള സിനിമയ്ക്ക് വിഷയങ്ങളാകാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ ഒരു ചിത്രം കൂടിയെത്തിയിരിക്കുകയാണ്. നവാഗതനായ ശരത് ചന്ദ്രന്‍ സംവിധാനം ചെയ്ത ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രം.
ഇടുക്കിയിലെ പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറിനോളം അടുത്തുവരുന്ന ഭൂസ്വത്തിന്റെ ഉടമയായ ഔസേപ്പിന്റെയും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ഔസേപ്പിന്റെ മൂത്തമകൻ മൈക്കിൾ ആയി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജ് ആയി കലാഭവൻ ഷാജോണും ഇളയ മകൻ റോയ് ആയി ഹേമന്ത് മേനോനുമാണെത്തുന്നത്.
ഔസേപ്പിന്റെ മൂന്ന് ആണ്മക്കളും സർക്കാർ ഉദ്യോഗസ്ഥരാണ്. പണത്തിന്റെ കാര്യത്തിൽ ഔസേപ്പ് ഒരു കാർക്കശ്യക്കാരനാണെങ്കിലും അയാൾക്ക് മക്കളോട് വലിയ സ്നേഹമാണ്, പലപ്പോഴും അത് പുറമേ കാണിക്കാറില്ലെങ്കിൽ കൂടിയും. ഭാര്യ മരിച്ചതിന് പിന്നാലെ മക്കളുടെ വിവാഹമുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും നോക്കുന്നതും ഔസേപ്പ് തന്നെയാണ്. ഇതിനിടെ ഔസേപ്പിന്റെ മൂത്ത രണ്ട് ആൺമക്കളും ഒരു ബിസിനസിലേക്ക് ഇറങ്ങുകയും അത് തകരുകയും ചെയ്യുന്നു. കടത്തിനുമേൽ കടത്തിലാകുന്ന ഇരുവരും ഔസേപ്പിന്റെ അടുത്ത് പണത്തിനായി സമീപിക്കുകയാണ്. അവിടെ നിന്ന് മൈക്കിളിന്റെയും ജോർജിന്റെയും ജീവിതം കീഴ്മേൽ മറിയുന്നു. പിന്നീട് ഔസേപ്പിന്റെ മൂന്ന് ആൺമക്കളിലേക്ക് കഥ തിരിയുകയാണ്.
ഔസേപ്പിന്റെ ഒസ്യത്ത് എന്നാണ് ചിത്രത്തിന്റെ പേരെങ്കിലും ഒസ്യത്തിന് ചിത്രത്തിൽ ഒരു ഗസ്റ്റ് അപ്പിയറൻസ് മാത്രമേയുള്ളൂ. ചിത്രത്തിലെ ഏറ്റവും കൈയടി അർഹിക്കുന്നത് തിരക്കഥയ്ക്ക് തന്നെയാണ്. ഒരേ സമയം ഒരു ഫാമിലി ഡ്രാമയായും ഒരു ത്രില്ലർ മൂവിയുമായി മാറുന്നുണ്ട് ഔസേപ്പിന്റെ ഒസ്യത്ത്. എല്ലാ ക്ലീഷേ സാധ്യതകളെല്ലാം പൊളിച്ചടുക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഫസൽ ഹസൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കഥാപാത്രങ്ങൾക്കുണ്ടാകുന്ന മാനസിക സമ്മർദവും സങ്കടവുമൊക്കെ കൃത്യമായി പ്രേക്ഷകനിലേക്ക് കണക്ട് ചെയ്യുന്ന കാര്യത്തിലും സംവിധായകൻ നൂറു ശതമാനവും വിജയിച്ചിട്ടുണ്ട്.
ഔസേപ്പിന്റെ ഒസ്യത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത് കലാഭവൻ ഷാജോണും ദിലീഷ് പോത്തനുമാണ്. വൈകാരിക രംഗങ്ങളിൽ വളരെ സ്വാഭാവികമായ അഭിനയം കൊണ്ട് ഇരുവരും മികച്ചു നിന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോകുമ്പോഴും വളരെ സ്വഭാവികമായി വികാരങ്ങൾ നിയന്ത്രിച്ചു നിർത്തുന്നതിൽ ഇരുവരും ഞെട്ടിച്ചു കളഞ്ഞു എന്ന് വേണം പറയാൻ. കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അമ്മയോടുള്ള മൈക്കിളിന്റെ അതിരു കവിഞ്ഞ സ്നേഹവും കുഞ്ഞനിയൻ റോയ്‌യോടുള്ള സ്നേഹവുമൊക്കെ ദിലീഷ് പോത്തനിൽ ഭദ്രമാണ്. ഔസേപ്പിലൂടെ വിജയരാഘവനും അക്ഷരാർഥത്തിൽ പ്രേക്ഷകനെ ഞെട്ടിക്കുന്നുണ്ട്. മറ്റു കഥാപാത്രങ്ങളായെത്തിയ ഹേമന്ത് മേനോൻ, കനി കുസൃതി, ലെന, സെറിന്‍ ഷിഹാബ് തുടങ്ങിയവരും പെർഫോമൻസിൽ കൈയടി നേടി.
സാങ്കേതികപരമായും ഹൈ ക്വാളിറ്റി തന്നെയാണ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. അതിപ്പോൾ ഛായാഗ്രഹണത്തിലായാലും സംഗീതത്തിലായാലും വിഎഫ്ക്സിലായും കളറങ്ങിലുമൊക്കെ അങ്ങനെ തന്നെ. അരവിന്ദ് കണ്ണാബിരൻ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഹൈറേഞ്ചിന്റെ ഭംഗിയും കോട മഞ്ഞുമൊക്കെ അതിഗംഭീരമായി തന്നെയാണ് അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നത്. അക്ഷയ് മേനോന്റെ പശ്ചാത്തല സംഗീതവും അഭിനന്ദനാർഹമാണ്. മെയ്ഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്‌വേര്‍ഡ് അന്തോണിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കുടുംബത്തിനും ബന്ധത്തിനുമൊക്കെ പ്രാധാന്യം കൊടുക്കുമ്പോഴും ഒട്ടേറെ ചോദ്യങ്ങൾ കൂടി പ്രേക്ഷകന്റെ മനസിൽ അവശേഷിപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ആരാണ് ശരി, ആർക്കൊപ്പമാണ് നിൽക്കേണ്ടത്, നീതി ആർക്കാണ് ലഭിക്കേണ്ടത് തുടങ്ങി ഒരുപാട് ചോദ്യങ്ങൾ സിനിമ കഴിയുമ്പോഴും, നമ്മൾ നമ്മളോട് തന്നെ സ്വയം ചോദിച്ചു കൊണ്ടേയിരിക്കും. മേക്കിങ് കൊണ്ടും കെട്ടുറപ്പുള്ള കഥ കൊണ്ടും പെർഫോമൻസുകൾ കൊണ്ടും മികച്ചൊരു കാഴ്ചാനുഭവം തന്നെ സമ്മാനിക്കുന്ന ചിത്രമാണ് ഔസേപ്പിന്റെ ഔസ്യത്ത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

