

ദളപതി വിജയ് സിനിമയിൽനിന്ന് വിരമിക്കുകയാണെന്ന വാർത്ത തന്നെപ്പോലെ സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയെയും ഏറെ വൈകാരികമായി ബാധിച്ചിരുന്നുവെന്ന് നടി സായ് പല്ലവി. വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' സംബന്ധിച്ച പ്രഖ്യാപനം വന്നപ്പോൾ ഷൂട്ടിങ്ങിനിടെ രാജ്കുമാർ പെരിയസ്വാമി കരഞ്ഞതായാണ് സായ് പല്ലവി വെളിപ്പെടുത്തിയത്. മമ്മൂട്ടി, ധനുഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ഒ.എമ്മുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
വിജയ്‌യുടെ കടുത്ത ആരാധകനാണ് രാജ്കുമാർ പെരിയസ്വാമിയെന്ന് സായ് പല്ലവി പറഞ്ഞു. ഷൂട്ടിങ് ലൊക്കേഷനിൽ ഇരിക്കുമ്പോഴായിരുന്നു വിജയ്‌യുടെ 69-ാം ചിത്രവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നത്. സിനിമാജീവിതത്തിലെ അവസാന ചിത്രമായിരിക്കും ഇതെന്ന വാർത്ത ഇരുവരും അപ്പോഴാണ് അറിയുന്നത്. വിജയ്‌യുടെ അവസാന സിനിമയെന്ന വാർത്ത തന്നെ ഏറെ സങ്കടപ്പെടുത്തിയെന്നും സായ് പല്ലവി പറഞ്ഞു.
താൻ പൊതുവെ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ആ വാർത്ത കണ്ടപ്പോൾ വിഷമം തോന്നി. എന്നാൽ തന്റെ തൊട്ടടുത്തുണ്ടായിരുന്ന രാജ്കുമാർ പെരിയസ്വാമി കരയുന്നത് കണ്ടപ്പോൾ അത്ഭുതപ്പെട്ടുവെന്നും താരം ഓർത്തെടുത്തു.
'എനിക്കറിയാവുന്ന ഏറ്റവും വലിയ വിജയ് ആരാധകനാണ് രാജ്കുമാർ സാർ. ജനനായകന്റെ പ്രൊമോ പുറത്തിറങ്ങിയ ദിവസമായിരുന്നു അത്. പ്രൊമോയിൽ 'വൺ ലാസ്റ്റ് ടൈം ഓൺ സ്ക്രീൻ' എന്ന് നൽകിയിരുന്നു. അതു കണ്ടപ്പോൾ ഞാൻ ഏറെ വൈകാരികമായി. ചെറിയ കാര്യങ്ങൾക്കുപോലും കരയുന്ന പ്രകൃതക്കാരിയാണ് ഞാൻ. അപ്പോൾ അടുത്ത് രാജ്കുമാർ സാറുണ്ടായിരുന്നു. 'പല്ലവി, കരയരുത്. നീ കരഞ്ഞാൽ ശരിയാകില്ല' എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാൽ ഞാൻ നോക്കുമ്പോൾ അദ്ദേഹം കരയുകയായിരുന്നു. സാർ കരയുന്നത് അതിനുമുമ്പ് ഒരിക്കൽപ്പോലും ഞാൻ കണ്ടിട്ടില്ല', സായ് പല്ലവി പറഞ്ഞു.