

അഹമ്മദാബാദിലുണ്ടായ വിമാനാപകടം (Ahmedabad Plane Crash) ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് നടൻ വിക്രാന്ത് മാസിയുടെ കസിൻ ആണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തന്റെ കസിൻ അല്ലെന്നും കുടുംബ സുഹൃത്ത് ആണെന്നും വ്യക്തത വരുത്തിയിരിക്കുകയാണ് വിക്രാന്ത് മാസി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിക്രാന്ത് മാസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിമാനത്തിന്റെ കോ പൈലറ്റായ ക്ലൈവ് കുന്ദർ തന്റെ കുടുംബ സുഹൃത്തായിരുന്നുവെന്നും ബന്ധുവായിരുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ക്ലൈവ് കുന്ദറിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിക്രാന്ത് മാസി പങ്കുവച്ച ഒരു കുറിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
വാർത്തകൾ പങ്കുവെക്കുന്നതിനുമുമ്പ് വസ്തുതകൾ പരിശോധിക്കാൻ അദ്ദേഹം പൊതുജനങ്ങളോടും മാധ്യമങ്ങളോടും അഭ്യർഥിച്ചു. "മാധ്യമങ്ങളിലെയും മറ്റ് സ്ഥലങ്ങളിലെയും പ്രിയ സുഹൃത്തുക്കളെ, നിർഭാഗ്യവശാൽ മരിച്ച ക്ലൈവ് കുന്ദർ എൻ്റെ ബന്ധുവായിരുന്നില്ല. കുന്ദർമാർ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. ഊഹാപോഹങ്ങൾ ഒഴിവാക്കാനായി അഭ്യർഥിക്കുന്നു." വിക്രാന്ത് മാസി കുറിച്ചു.
ലണ്ടനിലെ ഗാറ്റ്വിക് എയർപോർട്ടിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ 171 വിമാനത്തിലെ ഫസ്റ്റ് ഓഫീസറായാണ് ക്ലൈവ് കുന്ദർ സേവനമനുഷ്ഠിച്ചിരുന്നത്. 1,100 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള അദ്ദേഹം, 8,200 മണിക്കൂർ പറക്കൽ പരിചയമുള്ള ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായ സുമീത് സബർവാളിനൊപ്പമായിരുന്നു ഉണ്ടായിരുന്നത്.
അഹമ്മദാബാദ് സർദാർ വല്ലഭായ് വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ഫ്ലൈറ്റ് AI 171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം 32 സെക്കന്റിലുള്ളിലാണ് അപകടത്തില്‍പ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates