

വിനയൻ സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു സത്യം. പൃഥ്വിരാജ്, തിലകൻ, പ്രിയ മണി, തരുണി സച്ദേവ്, ലാലു അലക്സ്, അനന്ദ്‌രാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സത്യം പുറത്തിറങ്ങിയിട്ട് ഇരുപത് വർഷം പൂർത്തിയായിരിക്കുകയാണിപ്പോൾ. ഇപ്പോഴിതാ ഈ ചിത്രം തനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രൊജക്ടാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ വിനയൻ.
മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, തന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്. മലയാള സിനിമയിലെ താരങ്ങൾ ഒരു സമരമെന്ന രൂപത്തിൽ വിദേശത്തേക്ക് പ്രോഗ്രാം നടത്താൻ പോകുന്ന സമയത്ത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാടിനോട് ചേർന്ന് നിന്ന താൻ താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ഒരു ചിത്രം കൂടിയാണിതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
സത്യം ഇറങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വർഷം. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന ഈ വേളയിൽ ഈ ചിത്രത്തെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സത്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പൃഥ്വിരാജും, തിലകൻ ചേട്ടനും, ബേബി തരുണിയുമൊക്കെയുള്ള, പ്രിയാമണി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. ഈ ചിത്രം എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രൊജക്ടാണ്. മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, എന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്.
മലയാള സിനിമയിലെ താരങ്ങൾ ഒരു സമരമെന്ന രൂപത്തിൽ വിദേശത്തേക്ക് പ്രോഗ്രാം നടത്താൻ പോകുന്ന സമയത്ത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാടിനോട് ചേർന്ന് നിന്ന ഞാൻ താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ഒരു ചിത്രം കൂടിയാണിത്. അന്ന് നിർമാതാക്കൾ താരങ്ങൾക്ക് കൊടുക്കുന്ന തുകയ്ക്ക് എഗ്രിമെന്റ് ഇല്ലായിരുന്നു. വൻ തുക കൊടുക്കുമ്പോൾ എഗ്രിമെന്റ് വേണമെന്ന് നിർമാതാക്കൾ പറയുകയും, അത് പറ്റില്ല അങ്ങനെയാണെങ്കിൽ വേറെ ഫിലിം ചേംബർ പോലുമുണ്ടാക്കുമെന്ന് താരങ്ങൾ പറയുകയും ചെയ്ത സാഹചര്യത്തിൽ പ്രൊഡ്യൂസേഴ്സ് പറയുന്നതിലാണ് ന്യായമെന്നും എഗ്രിമെന്റ് വേണമെന്ന നിലപാട് ഞാനെടുക്കുകയും ചെയ്തു.
മറ്റു മേഖലകളിൽ ചെറിയ ഒരു തുക കൈമാറുമ്പോൾ പോലും എഗ്രിമെന്റ് ഉള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഒരു വൻ തുക കൈമാറുമ്പോൾ എഗ്രിമെന്റ് പാടില്ല എന്നാണ് ഞാൻ ചിന്തിച്ചത്. നിർമാതാക്കളുടെയും ഫിലിം ചേംബറിന്റെയും അഭ്യർത്ഥന പ്രകാരം താരങ്ങൾ വിദേശത്തേക്ക് പോകുന്നതിന് മുൻപ് ഒരു സിനിമ ചെയ്യണമെന്ന് അവർ പറയുകയും എന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് ആ ചിത്രം ഞാൻ ഏറ്റെടുക്കുകയും ചെയ്തു. അന്ന് എഗ്രിമെന്റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകൻ ചേട്ടനുമുണ്ടായിരുന്നത്. അവരെ കൂടാതെ ചില ആർട്ടിസ്റ്റുകൾ കൂടി മലയാളത്തിൽ നിന്നും വന്നു. പ്രിയാമണി ഉൾപ്പെടെ ബാക്കിയുള്ളവർ തമിഴിൽ നിന്നുമായിരുന്നു.
വളരെ കുറച്ച് ദിവസം കൊണ്ട് പ്ലാൻ ചെയ്ത് കഥയും തിരക്കഥയുമെഴുതി ഷൂട്ടിങ് ആരംഭിച്ചു, അങ്ങനെ താരങ്ങളുടെ സമരത്തെ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ വന്ന എഗ്രിമെന്റ് ആണ് ഇന്ന് മലയാള സിനിമയിൽ തുടരുന്നതെന്നുള്ള സത്യം പുതിയ തലമുറയിലെ എത്ര പേർക്ക് അറിയും എന്നെനിക്കറിയില്ല. അതിനു ശേഷമാണ് ഞാൻ ഈ പറയുന്ന ശത്രുപക്ഷത്തിലേക്ക് മാറുന്നത്.
അതൊന്നും മന:പൂർവമല്ലായിരുന്നു, എന്റെ നിലപാടായിരുന്നു എഗ്രിമെന്റ് വരുന്നതിൽ കുഴപ്പമൊന്നുമില്ല എന്നുള്ളത്. പൃഥ്വിരാജിന് നല്ലൊരു ആക്ഷൻ സ്റ്റാർ എന്ന ലേബൽ ആ ചിത്രം ഉണ്ടാക്കിക്കൊടുത്തു. ഒത്തിരി ഓർമ്മകൾ മനസ്സിൽ വരുന്ന ഒരു ചിത്രമായതുകൊണ്ട് തന്നെ സത്യത്തിന് അതിന്റേതായ പ്രസക്തിയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates