

ഫീല്‍ ഗുഡില്‍ നിന്നും ത്രില്ലറിലേക്കുള്ള വിനീത് ശ്രീനിവാസന്റെ യു ടേണ്‍ ആണ് പുതിയ ചിത്രം കരം. സെപ്റ്റംബര്‍ 25ന് പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ ടീസറും ട്രെയ്‌ലറുമൊക്കെ വലിയ ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. നോബിള്‍ ബാബു തോമസ് ആണ് കരത്തിലെ നായകന്‍.
അതേസമയം കരത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ചായിരുന്നു. ആശാനെ ടീസറില്‍ കണ്ടതും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇരമ്പിയാര്‍ത്തു. ചിത്രത്തില്‍ ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ആശാനെത്തുന്നത്. ഇപ്പോഴിതാ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ കരത്തിലേക്ക് ആശാന്‍ വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
''ആശാന്‍ എന്ന് തന്നെയാണ് ഞങ്ങളും വിളിക്കാറുള്ളത്. ആശാന് കേരളത്തോടുള്ള സ്‌നേഹം കൊണ്ടാണ് നമുക്ക് അദ്ദേഹത്തെ കിട്ടിയത്. അല്ലാതെ അദ്ദേഹത്തെ പോലൊരു ആളെ നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ സാധിക്കുകയില്ല. അദ്ദേഹത്തിന്റെ താല്‍പര്യത്തില്‍ വന്നു ചെയ്തതാണ്.'' വിനീത് പറയുന്നു.
''ആദ്യം അന്വേഷിച്ചത് മലയാളികള്‍ക്കെല്ലാം അറിയുന്നൊരു സായിപ്പ് ആരാണുള്ളത് എന്നായിരുന്നു. പണ്ടായിരുന്നുവെങ്കില്‍ ആനവാല്‍ മോതിരത്തിലൊക്കെ ഉണ്ടായിരുന്ന ഗാവിന്‍ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരാളില്ല. നോബിളിന്റെ അനിയനാണ് ആശാന്റെ കാര്യം പറയുന്നത്. ആശാനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ആശാനും കേരളം ഇഷ്ടമാണ്. നിങ്ങളൊന്ന് ശ്രമിച്ചു നോക്കൂവെന്ന് പറഞ്ഞു''.
''ആശാന്റെ മാനേജരെ ബന്ധപ്പെട്ടു. ആഗ്രഹമുണ്ട് അഫോര്‍ഡ് ചെയ്യാന്‍ പറ്റുമോന്ന് അറിയില്ലെന്ന് പറഞ്ഞു. ഞങ്ങളാണ് വിളിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ മറ്റൊന്നും കുഴപ്പമില്ല ഞാന്‍ വരാമെന്ന് ആശാന്‍ പറഞ്ഞു. ഓഡിഷന്‍ ചെയ്യുന്നത് നോക്കാമെന്നും പറഞ്ഞു. ദുബായില്‍ വച്ച് കണ്ടുമുട്ടുകയും ഓഡിഷന്‍ നടത്തുകയും ചെയ്തു. അതിന് മുമ്പ് സൂം കോള്‍ ചെയ്തിരുന്നു. എന്താണ് വിനീത് പ്രതീക്ഷിക്കുന്നത്, എങ്ങനെയായിരിക്കണം പെര്‍ഫോമന്‍സ് എന്നൊക്കെ ചോദിച്ച് മനസിലാക്കിയിരുന്നു'' വിനീത് പറയുന്നു.
അദ്ദേഹത്തിന്റെ പേഴ്‌സണലാറ്റിയും കൂടെ കഥാപാത്രത്തിലേക്ക് കൊണ്ടു വരണമായിരുന്നു. അതൊക്കെ സംസാരിച്ചു. ഓഡിഷനില്‍ ഈസിയായി ചെയ്തു. കുറേ ക്യാമറ ഫേസ് ചെയ്ത് പരിചയമുള്ള ആളായതിനാല്‍ ഈസിയായിരുന്നു. നമുക്ക് മനസിലായി, എന്തുകൊണ്ട് അദ്ദേഹം വന്നപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സക്‌സസ് ആയെന്ന്. അഞ്ച് മിനുറ്റ് സംസാരിച്ചാല്‍ നമ്മുടെ ഉള്ളിലൊരു തീ കയറും. ഈ മനുഷ്യന് നമ്മളില്‍ ഇത്രയും വിശ്വാസം ഉണ്ടല്ലോ എന്ന് തോന്നും. കുട്ടിക്കാലത്തെക്കുറിച്ചും മറ്റുള്ള ഒരുപാട് കഥകള്‍ പറഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങളുടെ ഉരുക്കുണ്ട് ആ മനുഷ്യനെന്നും വിനീത് പറയുന്നു.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും ജനകീയനായ പരിശീലകനാണ് ഇവാന്‍. പോയ വര്‍ഷമാണ് ക്ലബ് വിട്ടത്. ഇതാദ്യമായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. നായകന്‍ ആയ നോബിള്‍ ബാബു തോമസാണ് കരത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. വിനീതും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മാണം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
