രാക്ഷസൻ, ഗാട്ട ഗുസ്തി എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് വിഷ്ണു വിശാൽ. ആര്യനാണ് വിഷ്ണുവിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിൽ വച്ച് തമിഴ് സിനിമയിൽ തനിക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിഷ്ണു തുറന്നു പറഞ്ഞിരുന്നു.
തന്റെ സിനിമ വിജയിച്ചാലും ഇൻഡസ്ട്രിയിൽ നിന്ന് ആരും തന്നെ വിളിച്ച് അഭിനന്ദിക്കാറില്ലെന്നും വിഷ്ണു പറഞ്ഞു. രാക്ഷസന് ശേഷം തന്റെ ഒൻപത് സിനിമകളാണ് ഡ്രോപ്പ് ആയതെന്നും വിഷ്ണു പറഞ്ഞു. "എന്നെ സിനിമയിൽ വേണ്ടവിധത്തിൽ ആരും തിരിച്ചറിയുന്നില്ല എന്ന വിഷമം എനിക്കുണ്ട്. എന്റെ ഓരോ സിനിമകൾക്കും ഒരു വർഷമോ രണ്ട് വർഷമോ സമയം എടുക്കുന്നുണ്ട്.
ഗാട്ട ഗുസ്തി ആറ് നിർമാതാക്കൾ മാറിയതിന് ശേഷമാണ് സിനിമയായി മാറിയത്. എഫ്ഐആറിന് മൂന്ന് നിർമാതാക്കൾ മാറി. രാക്ഷസന് ശേഷം എന്റെ ഒൻപത് സിനിമകളാണ് ഡ്രോപ്പ് ആയത്. ആ വിഷമം എന്നും എന്റെ ഉള്ളിലുണ്ട്. അതുകൊണ്ടാണ് ഞാൻ തന്നെ ഒരു നിർമാതാവായി മാറിയത്.
എഫ്ഐആറും ഗാട്ട ഗുസ്തിയും വിജയിച്ചിട്ടും മൂന്ന് വർഷത്തോളം എനിക്ക് സിനിമകൾ ഇല്ലായിരുന്നു. അതുകൊണ്ട് അടുത്ത അഞ്ച് സിനിമകൾ എന്റെ പ്രൊഡക്ഷനിൽ മാത്രമേ ചെയ്യൂ, പുറത്ത് ചെയ്യില്ലെന്ന് ഞാൻ ഉറപ്പിച്ചു. എന്റെ ഒരു സിനിമ നല്ല രീതിയിൽ വിജയിച്ചാലും ഇൻഡസ്ട്രിയിൽ നിന്ന് ആരും എന്നെ വിളിച്ച് അഭിനന്ദിക്കാറില്ല അതേസമയം അവർ ആ സംവിധായകനെ വിളിക്കുകയും അദ്ദേഹത്തിന്റെ ഡേറ്റ് ചോദിക്കുകയും ചെയ്യാറുണ്ട്", - വിഷ്ണു വിശാൽ പറഞ്ഞു.
ക്രൈം ത്രില്ലർ ചിത്രമായാണ് ആര്യൻ ഒരുങ്ങുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എ പെർഫെക്ട് ക്രൈം സ്റ്റോറി എന്ന ടാഗ്ലൈനിലാണ് ചിത്രമെത്തുക. ഒക്ടബർ 31 നാണ് ചിത്രം റിലീസ് ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
