ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി വാമിഖ ഗാബി. ഒരിക്കൽ കങ്കണയുടെ ആരാധികയായിരുന്നു എന്നതിൽ ലജ്ജിക്കുന്നുവെന്നായിരുന്നു വാമിഖ ട്വീറ്റ് ചെയ്തത്. വെറുപ്പു മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയെന്നും താരം കുറിച്ചു. പഞ്ചാബ്‌സ്വദേശിയായ വാമിഖ ടൊവിനോ തോമസിന്റെ ഗോദയിലൂടെയാണ് മലയാളത്തിൽ ശ്രദ്ധനേടുന്നത്.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്തെ പരിഹസിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റാണ് വിമർശനത്തിന് കാരണമായത്. ഷഹീൻബാദ് ദാദി എന്നറിയപ്പെടുന്ന മൊഹീന്ദർ കൗറിനെ അപഹസിച്ചുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റ് വിവാദമായിരുന്നു. ഇത് പങ്കുവച്ചുകൊണ്ടായിരുന്നു വാമിഖയുടെ പ്രതികരണം.
'ഒരിക്കൽ ഇവരുടെ ആരാധികയായിരുന്നു ഞാൻ... എന്നാൽ ഇവരെ ഞാൻ ഇഷ്ടപ്പെട്ടിരുന്നല്ലോ എന്നോർത്ത് ഇപ്പോൾ ലജ്ജ തോന്നുന്നു. ഹിന്ദു ആയിരിക്കുക എന്നതിന്റെ അർത്ഥം തന്നെ സ്നേഹമായിരിക്കുക എന്നതാണ്. ഒരു പക്ഷേ, രാവണൻ ശരീരത്തിൽ കയറിയാൽ മനുഷ്യർ ഇങ്ങനെയൊക്കെ ആകുമായിരിക്കും. വെറുപ്പു മാത്രം നിറഞ്ഞൊരു സ്ത്രീയായി താങ്കൾ മാറിപ്പോയത് ഏറെ ദുഃഖിപ്പിക്കുന്നു!"- വാമിഖ കുറിച്ചു.
പരസ്യ പ്രതികരണത്തിനു പിന്നാലെ വാമിഖയെ കങ്കണ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു. വാമിഖ തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. നിലപാടുകളോടു വിയോജിപ്പുള്ള മറ്റ് സ്ത്രീകൾക്ക് കങ്കണ നൽകുന്ന തരംതാണ മറുപടികളിലേക്ക് പോകാതെ തന്നെ ബ്ലോക്കുക മാത്രം ചെയ്തതിൽ സന്തോഷിക്കുന്നു. വെറുപ്പു മാറി മനസിൽ സ്നേഹം നിറയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെയെന്നും വാമിഖ ആശംസിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates