നവ്യ നായർ പ്രധാന കഥാപാത്രമായി എത്തിയ ഒരുത്തീ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. രാധാമണി എന്ന ശക്തമായ കഥാപാത്രമായാണ് ചിത്രത്തിൽ നവ്യ എത്തിയത്. സിനിമ കണ്ടതിന് ശേഷം എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാധാമണിക്ക് ഉണ്ടായതുപോലെ തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവതത്തെക്കുറിച്ചാണ് കുറിപ്പ്. ഏഴു പവൻ മാല കള്ളൻ പൊട്ടിച്ചതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ശാരദക്കുട്ടി വിവരിക്കുന്നത്. നവ്യാനായരുടെ രാധാമണി തന്റെ അന്നത്തെ വെന്ത ഓട്ടം ഓർമ്മിപ്പിച്ചു എന്ന് ശാരദക്കുട്ടി പറയുന്നു.
ശരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം
ഈ പടമെടുക്കുമ്പോൾ ആദ്യ പ്രസവം കഴിഞ്ഞ് 28 ദിവസമായിട്ടില്ല. കഴുത്തിൽ കിടക്കുന്ന മാലയാണ് എന്റെ വിവാഹത്തിന് വരൻ അണിയിച്ചത്. അന്ന് എനിക്കധികം സ്വർണമൊന്നുമുണ്ടായിരുന്നില്ല. ഞാനാദ്യമായിട്ടണിഞ്ഞ ഏറ്റവും തൂക്കം കൂടിയ മാല ഇതായിരുന്നു. 7 പവന് മേലെ ഉണ്ടായിരുന്നു. എന്തിനായിരുന്നു അതും കഴുത്തിൽ തൂക്കി നടന്നിരുന്നതെന്ന് ഇന്ന് ചോദിച്ചിട്ടു കാര്യമില്ല. അബദ്ധങ്ങൾ ഇങ്ങനെ പലതും ചെയ്തും വീണും വീണ്ടും എഴുന്നേറ്റുമാണ് വളർച്ചയെത്തിയത്. 28 വയസ്സിലെ ഒരാളെ ഇന്നിരുന്ന് ജഡ്ജ് ചെയ്യുന്നതിലൊരർഥവുമില്ലല്ലോ.
ആ മാല അധികം വൈകാതെ കള്ളൻ പൊട്ടിച്ചു കൊണ്ടുപോയി. അങ്ങോട്ടുമിങ്ങോട്ടുമുള്ള മൽപ്പിടുത്തത്തിൽ ഒന്നരപ്പവൻ ഭാഗം എന്റെ കയ്യിലും ബാക്കി കള്ളന്റെ കയ്യിലുമായി. മൊട്ടയുടെ വെള്ളയും എണ്ണയും തേച്ചു മെഴുകിയിരുന്ന പാതി നഗ്നമായ അയാളുടെ തെന്നിത്തെന്നി പിടികിട്ടാത്ത ഇരുണ്ട ദേഹം ഇന്നും എന്നെ ഭയപ്പെടുത്തുന്നു. ഇന്നലെ ഒരുത്തീയിലെ നവ്യാനായരുടെ രാധാമണി എന്റെ അന്നത്തെ വെന്ത ഓട്ടം ഓർമ്മിപ്പിച്ചു. രാധാമണി വെള്ളം കുടിക്കുന്നില്ല. രാധാമണി വിശപ്പറിയുന്നില്ല. രാധാമണിയുടെ കണ്ണിൽ തീയുണ്ടായിരുന്നു. പെണ്ണിന്റെ ശരീരത്തിന്റെ എനർജിയെക്കുറിച്ച് സംശയമുള്ള സമൂഹത്തെ രാധാമണി ഓടിത്തോൽപ്പിക്കുന്നു.
എനിക്ക് കള്ളനിൽ നിന്ന് മാലയുടെ കാൽഭാഗമേ പിടിച്ചു വാങ്ങാനായുള്ളു രാധാമണിക്കു മുഴുവനും കിട്ടി. കാലത്തോടൊപ്പം പെണ്ണോടിയ ഓട്ടങ്ങളെ രാധാമണി ഓർമ്മിപ്പിച്ചു. ഇടവേളയിൽ പരവേശപ്പെട്ട്ഞാൻ പുറത്തിറങ്ങി ഒരു കാപ്പി വാങ്ങിക്കുടിച്ചു. ഓടിപ്പാഞ്ഞു തളർന്ന ആ കാലത്തിന്റെ ക്ഷീണം ഞാൻ വീണ്ടും അനുഭവിച്ചു.എന്റെ കഴുത്തിൽ കള്ളൻ മാന്തിപ്പറിച്ച മുറിവുകൾ നേരം വെളുത്തപ്പോഴേക്കും പഴുത്തു തുടങ്ങിയിരുന്നു. പിറ്റേന്ന് കോളജിൽ ചെന്നപ്പോൾ മുറിവേറ്റ കഴുത്തു കണ്ട ഉടനെ, 'കള്ളൻ കഴുത്തിൽ മാത്രമേ മാന്തിയുള്ളോ ' എന്ന് അശ്ലീലം ചോദിച്ച സഹാധ്യാപകനെ കള്ളനേക്കാൾ അറച്ചു. ഭയന്നു.
മാല നഷ്ടപ്പെട്ട അന്ന് ഞാനും പൊലീസ് സ്റ്റേഷനിൽ പോയിരുന്നു. എന്റെ സഹോദരനായിരുന്നു കൂടെ. ഞങ്ങൾക്കു മുന്നിൽ നിന്ന് തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നു കൈ മലർത്തി പൊലീസ്. രാധാമണിയെപ്പോലെ അന്ന് ഞാനും കുറെ കരഞ്ഞിരുന്നു. വിനായകന്റെ പൊലീസ് രാധാമണിക്കൊപ്പം നിന്നു. ഒരു തവണ പോലും അവളെ കുറ്റപ്പെടുത്തുന്നില്ല, നിങ്ങളുടെ അശ്രദ്ധ എന്നു പഴി പറയുന്നില്ല. ശ്രദ്ധിക്കേണ്ടതായിരുന്നില്ലേ എന്ന് പരാതിക്കാരിയോട് ചോദിക്കേണ്ട സമയമതല്ല എന്നറിയുന്ന ഒരു പൊലീസ്. എല്ലാവരും കാണണം അതൊന്ന്.
വിനായകന്റെ ശരീരത്തിൽ പതിവായി അണിയുന്ന ഇരയുടെ കുപ്പായത്തേക്കാൾ എത്ര മനോഹരമായിരുന്നു മനുഷ്യപ്പറ്റുള്ള ആ അധികാരിയുടെ കുപ്പായം. ഈ സ്ത്രീയും കുഞ്ഞും ദിവസങ്ങളായി ഓടിയ ഓട്ടത്തിന് നിങ്ങൾ ശിക്ഷയനുഭവിക്കുമെന്ന് സ്വർണ്ണക്കട മുതലാളിയെ നോക്കി പറയുമ്പോൾ എന്തൊരു വീര്യവും വാശിയുമാണ് ആ മുഖത്ത്. രാധാമണിയെ നോക്കുമ്പോൾ എന്തു കരുതലാണ് !! ഇതിനിടയിൽ സമീപകാലത്തെ പല പൊലീസിടപെടലുകളും ഓർമ്മ വന്നു.
ഓരോ തവണയും രാധാമണിയുടെ വേവലാതി പിടിച്ച ഫോൺകോൾ വരുമ്പോഴും 'ദാ ഞാനെത്തി ' എന്നയാൾ ഓടിയെത്തുന്നു. എന്തൊരാശ്വാസമായിരുന്നു വിനായകന്റെ പൊലീസ് !! ഇത് ഒരു സിനിമയെ കുറിച്ചുള്ള എഴുത്തല്ല. സാധാരണമെന്ന മട്ടിൽ ലോകം ലഘുപ്പെടുത്തി തള്ളിക്കളയുന്ന പെണ്ണിന്റെ അസാധാരണ ഓട്ടങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. ഓടിക്കിതച്ചവൾക്കേ അതു ശരീരത്തിൽ പിടിച്ചെടുക്കാൻ കഴിയൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates