

ദീപിക പദുക്കോണ്‍ മുന്നോട്ട് വച്ച എട്ട് മണിക്കൂര്‍ ഷിഫ്റ്റ് വാദത്തിന് പിന്തുണയുമായി നടി യാമി ഗൗതം. സിനിമയുടെ ചിത്രീകരണം എട്ട് മണിക്കൂറായി നിജപ്പെടുത്തണം എന്ന ദീപികയുടെ നിലപാട് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് തെലുങ്ക് ചിത്രങ്ങളായ സ്പിരിറ്റ്, കല്‍ക്കി എന്നിവയില്‍ നിന്നും ദീപിക പിന്മാറുന്നത്.
ഈയ്യടുത്താണ് ദീപിക അമ്മയായത്. തന്റെ കുട്ടിയ്ക്കായി കൂടുതല്‍ സമയം മാറ്റിവെക്കേണ്ടതുള്ളതിനാലാണ് ജോലി സമയത്തില്‍ മാറ്റം വേണമെന്ന് ദീപിക ആവശ്യപ്പെട്ടത്. താരത്തിന്റെ നിലപാട് പല കോണില്‍ നിന്നും എതിര്‍പ്പുയര്‍ത്തിയെങ്കിലും പിന്തുണയുമായി നിരവധി പേരും രംഗത്തെത്തി. ഇതിനിടെയാണ് യാമി ഗൗതവും പിന്തുണയറിയിക്കുന്നത്.
''ഒരു സ്ത്രീ, ജോലി ചെയ്യുകയാണെങ്കിലും വീട്ടമ്മയാണെങ്കിലും ശരി, എല്ലാ അമ്മമാരും സ്‌പെഷ്യലാണ്. തന്റെ കുഞ്ഞിനായി അവര്‍ സാധിക്കുന്നതെല്ലാം ചെയ്യും. മറ്റേതൊരു മേഖലയും പോലെ തന്നെ ഞങ്ങള്‍ക്കും സമയപരിധിയുണ്ടാകണമെന്നുണ്ട്. പക്ഷെ ഞങ്ങളുടേത് കുറച്ച് വ്യത്യസ്തായ മേഖലയാണ്. ലോക്കേഷനും അനുമതികളും കോമ്പിനേഷനുകളും സാങ്കേതികവശങ്ങളുമടക്കം ഒരുപാട് കാര്യങ്ങളുണ്ട്. അതിനാല്‍ സമയപരിധിയെന്നത് അഭിനേതാവിനും നിര്‍മാതാവിനും സംവിധായകനും വ്യത്യസ്തമായിരിക്കും'' താരം പറയുന്നു.
''ഇത് വര്‍ഷങ്ങളായി നടന്നു വരുന്നതാണ്. ഒരു ദിവസം എട്ട് മണിക്കൂറും ആഴ്ചയില്‍ അഞ്ച് ദിവസം മാത്രവും ഷൂട്ട് ചയ്യുന്ന, രാത്രി ഷൂട്ട് ചെയ്യാത്ത നടന്മാരുണ്ട്. നടനും സംവധായകനും നിര്‍മാതാവും തമ്മില്‍ മുന്‍ധാരണയുണ്ടാകും. പിന്നെ എന്തുകൊണ്ടാണ് ഒരു നടി പറയുമ്പോള്‍ അതൊരു പ്രശ്‌നമാകുന്നത്? അടിസ്ഥാനപരമായി ഞങ്ങളെല്ലാം വളരെ അസാധാരണമായ സാഹചര്യങ്ങളില്‍ കല സൃഷ്ടിക്കുന്ന മനുഷ്യരാണ്. അതിനാല്‍ പ്രൊഡക്ഷന് അനുയോജ്യാ തരത്തില്‍ സമയപരിധി ചോദിക്കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് അത് അംഗീകരിക്കാന്‍ സാധിക്കുമെങ്കില്‍ മുന്നോട്ട് പോകാം, അല്ലെങ്കില്‍ വേണ്ട'' എന്നും യാമി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates