'ഓഡിഷനില്‍ പരാജയപ്പെട്ടപ്പോള്‍ അവര്‍ എന്നെ തല്ലി, കെട്ടുകഥകള്‍ പ്രചരിപ്പിച്ചു'; ആശുപത്രിയിലായതിനു പിന്നാലെ ഷാവോ ലൂസി

തനിക്കൊപ്പമുണ്ടായിരുന്ന ഒരാളില്‍ നിന്ന് നേരിട്ട ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ചാണ് താരം പറഞ്ഞത്
Zhao Lusi
ഷാവോ ലൂസിട്വിറ്റര്‍
Updated on
2 min read

ഹിഡന്‍ ലവ് എന്ന റൊമാന്റിക് സീരീസിലൂടെ ആഗോള തലത്തില്‍ ശ്രദ്ധനേടിയ ചൈനീസ് നടിയാണ് ഷാവോ ലൂസി. കഴിഞ്ഞ കുറച്ചുനാളുകളായി താരത്തിന്റെ ആരോഗ്യത്തേക്കുറിച്ച് പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ വിഷാദ രോഗത്തേക്കുറിച്ചും മാനസികവും ശാരീരികവുമായി നേരിട്ട പീഡനങ്ങളേയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തുറന്നു പറച്ചില്‍.

തനിക്കൊപ്പമുണ്ടായിരുന്ന ഒരാളില്‍ നിന്ന് നേരിട്ട ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ചാണ് താരം പറഞ്ഞത്. ഒഡിഷനില്‍ തോറ്റപ്പോള്‍ തന്നെ മര്‍ദിച്ചെന്നും സഹായം തേടാന്‍ പേടിയായിരുന്നു എന്നുമാണ് നടി പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തും അവര്‍ തന്നേക്കുറിച്ച് പല അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

വീല്‍ചെയറില്‍ 26 കാരിയായ താരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പിന്നാലെ സ്പൂണ്‍ പോലും പിടിക്കാന്‍ കഷ്ടപ്പെടുന്ന താരത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ആരാധകര്‍ ആശങ്കയിലായിരുന്നു. അതോടെയാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.

തന്റെ ആരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമുള്ള ആദ്യത്തേയും അവസാനത്തേയും വിശദീകരണമാണ് ഇതെന്ന് പറഞ്ഞാണ് താരം കുറിപ്പ് ആരംഭിച്ചത്. 'മുന്‍പ് എന്റെ രോഗം എന്റെ ജോലിയേയോ ചുറ്റുമുള്ളവരെയോ ബാധിക്കാന്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല. എന്നില്‍ നിന്നു തന്നെയാണ് ഈ പ്രശ്‌നങ്ങളുണ്ടായത് എന്നു ഞാന്‍ സമ്മതിക്കുന്നു. എനിക്ക് എല്ലാം ഒറ്റയ്ക്ക് നേരിടാനാവുമെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഞാന്‍ വിചാരിച്ച അത്ര മനക്കരുത്തില്ലെന്ന് കഴിഞ്ഞ ഒന്നര മാസത്തില്‍ എനിക്ക് മനസിലായി. അതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കുന്നു.'

2019 മുതല്‍ താന്‍ വിഷാദത്തിന്റെ പിടിയിലാണ് എന്നാണ് താരം പറയുന്നത്. 'വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴും പലരും എന്നോട് പറഞ്ഞത് അത് വലിയ കാര്യമാക്കേണ്ടെന്നും പോസിറ്റീവായി ചിന്തിക്കാനുമായിരുന്നു. ഞാന്‍ ഓവര്‍ സെന്‍സിറ്റീവ് ആവുകയാണ് എന്നാണ് ഞാന്‍ കരുതിയത്. അതിനാല്‍ മാനസികാരോഗ്യത്തെ വലിയ കാര്യമായി എടുത്തില്ല. 2021ല്‍ ലക്ഷണങ്ങള്‍ തീവ്രമായി. പ്രാണികള്‍ എന്റെ മേലെ ഇഴയുന്ന പോലെയും സൂചി കൊണ്ട് കുത്തുന്നപോലെയും അലര്‍ജിയുമെല്ലാം അനുഭവപ്പെടാന്‍ തുടങ്ങി. ഞാന്‍ മരുന്നും ഇന്‍ജെക്ഷനുമെല്ലാം എടുത്തെങ്കിലും ലക്ഷണങ്ങള്‍ കുറഞ്ഞില്ല. തുടര്‍ന്ന് ആന്‍സൈറ്റി നിയന്ത്രിക്കാനും വേണ്ടി സൈക്കോളജിസ്റ്റിന്റെ സഹായം തേടി.'

2023ല്‍ ശീരീരികമായ പല പ്രശ്‌നങ്ങളും അനുഭവപ്പെടാന്‍ തുടങ്ങി. ന്യുമോണിയ, ശ്വാസ തടസം, ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേല്‍ക്കുക തുടങ്ങിയ പലപ്രശ്‌നങ്ങളും നേരിട്ടു. ഇത് കൂടാതെ തന്റെ പ്രിയപ്പെട്ടവരുടെ വിയോഗവും കുടുംബാംഗങ്ങള്‍ കാന്‍സര്‍ ബാധിതരായതുമെല്ലാം തന്നെ മോശമായി ബാധിച്ചു എന്നാണ് നടി പറയുന്നത്. മാനസികമായി പല പ്രശ്‌നങ്ങളും ഉണ്ടായിട്ടും താനിത് കാര്യമാക്കിയില്ല. എന്നാല്‍ 2024ല്‍ ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമായി. വരണ്ട ചുമ, തലകറക്കം, സന്ധി വേദന, അലര്‍ജികള്‍ തീവ്രമാവുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം മരുന്നിന്റെ സൈഡ് ഇഫക്റ്റായാണ് താന്‍ കണ്ടത് എന്നാണ് ലൂസി പറയുന്നത്.

കുട്ടിക്കാലത്ത് താന്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചും നടി പറഞ്ഞു. ഭംഗിയുള്ള വിഡ്ഢിയായാണ് തന്നെ സ്‌കൂളില്‍ കണക്കാക്കിയിരുന്നത് എന്നാണ് ലൂസി പറയുന്നത്. 'ട്യൂഷന്‍ ക്ലാസില്‍ വച്ച് എന്നെ അധ്യാപകന്‍ അടിച്ചപ്പോള്‍ ഞാന്‍ പഠിക്കാത്തതുകൊണ്ടാണ് എന്ന് ഞാന്‍ കരുതി. ഞാനാണ് പ്രശ്‌നം എന്ന് കരുതി തുറന്നു പറഞ്ഞില്ല.

വളര്‍ന്നപ്പോള്‍ ഒഡിഷനില്‍ പരാജയപ്പെട്ടപ്പോള്‍ വീണ്ടും അടിയേറ്റു. വിജയിക്കാത്തത് എന്റെ കുറ്റമായി ഞാന്‍ കണക്കാക്കി. രക്ഷപ്പെടണം എന്നായിരുന്നു എനിക്ക്. അതുകൊണ്ട് ഞാന്‍ നിശബ്ദയായി. സഹായം തേടാതെ എല്ലാം സഹിച്ചു. നടിയായി പ്രശസ്തിയില്‍ എത്തിയപ്പോഴാണ് ആ ഇരുണ്ടകാലം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്. കരച്ചിലും സ്വയം ഉപദ്രവിക്കുമെന്നുമുള്ള ഭീഷണിയുമെല്ലാം അവര്‍ അവസാനിപ്പിച്ചത് വലിയ തുക കൈപ്പറ്റിയതിനു ശേഷമാണ്. പിന്നീട് സിനിമയ്ക്ക് അകത്തും പുറത്തും തന്നെ മോശക്കാരിയാക്കുന്ന നിലയില്‍ പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചു. ആ കഥകള്‍ കേട്ട് പലരും എന്നേക്കുറിച്ച് പലതും പറഞ്ഞു. ഇതെല്ലാം തന്റെ വേദനയേറ്റി- ലൂസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്നെ ഉപദ്രവിച്ച ആളുടെ പേര് താരം വെളിപ്പെടുത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com