'അതെ ഞാനൊരാളുമായി പ്രണയത്തിലാണ്': ഉള്ളുതുറന്ന് ഷെയ്ന്‍ നിഗം

ഇര്‍ഫാനെ എനിക്കിഷഅടമാണ്. എന്റെ ആദ്യ നായക കഥാപാത്രമെന്ന നിലയില്‍ ഇര്‍ഫാന്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു
'അതെ ഞാനൊരാളുമായി പ്രണയത്തിലാണ്': ഉള്ളുതുറന്ന് ഷെയ്ന്‍ നിഗം
Updated on: 
1 min read

വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ ഇഷ്‌ക് വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടന്‍. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം. ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്. 

കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ചറിയാന്‍ ആരാധകര്‍ക്ക് വളരെ താല്‍പര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ തനിക്ക് ഒരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ നടന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ഷെയ്ന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

'ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അയാളുടെ മനസില്‍ പ്രണയമുണ്ടെങ്കിലേ അത്തരമൊരു കഥാപാത്രമാകാന്‍ കഴിയൂ. അതെ ഞാനൊരാളുമായി പ്രണയത്തിലാണ്.'- ഷെയ്ന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പ്രണയം ആരോടാണെന്നോ പ്രണയത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനോ ഷെയ്ന്‍ തയാറായില്ല. 

ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന ചോദ്യത്തിന് ഷെയ്ന്‍ ഇങ്ങനെ മറുപടി നല്‍കി. 'കിസ്മത്തിലെ ഇര്‍ഫാനെ എനിക്കിഷഅടമാണ്. എന്റെ ആദ്യ നായക കഥാപാത്രമെന്ന നിലയില്‍ ഇര്‍ഫാന്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു. സിനിമയില്‍ എനിക്കു നല്ലൊരു എക്‌സ്പീരിയന്‍സ് തന്ന കഥാപാത്രമാണത്. 

കുമ്പളങ്ങി നൈറ്റ്‌സിലെ ബോബി 'പൊളിമാനാ'ണ്. വളരെ ഉത്സാഹഭരിതനായ, സദാ ഉഷാറായ ഒരാളാണ് ബോബി. സൈറ ബാനുവിലെ ജോഷ്വയും അതുപോലെ തന്നെ. ഇര്‍ഫാന്റെയും ബോബിയുടെയും ജോഷ്വയുടെയും മൂന്നിലൊന്നെടുത്ത് കൂട്ടിവെച്ചാല്‍ ഷെയ്‌നായി'- ഷെയ്ന്‍ പറയുന്നു. 

നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' ആണ് ഷെയ്‌നിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ റിലീസ് ചെയ്തിരുന്നു. 'വലിയ പെരുന്നാള്‍', ഷാജി കരുണ്‍ ചിത്രം 'ഓള്' എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷെയ്‌നിന്റെ മറ്റു ചിത്രങ്ങള്‍. നവാഗതനായ ഡിമല്‍ ഡെന്നീസാണ് 'വലിയ പെരുന്നാള്‍' സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ് എന്നിവരും അണിനിരക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അന്‍വര്‍ റഷീദാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com