മലയാളികൾക്ക് അത്ര സുപരിചിതമായ മുഖമായിരുന്നിട്ടും അനിൽ മുരളി എന്ന പേര് പലരും കേട്ടത് അദ്ദേഹത്തിന്റെ മരണശേഷമാണ്. മലയാളത്തിലും തമിഴിലുമായി 200 ഓളം സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അനിലിന്റെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ എം പത്മകുമാർ. അനില്‍ മുരളി എന്ന നടന്‍റെ വിയോഗം മലയാളം സിനിമയ്ക്കോ തമിഴ് സിനിമയ്ക്കോ നികത്താനാവാത്ത വിടവോ ഒന്നുമല്ലെന്നും എന്നാൽ ഞങ്ങൾ കുറച്ചു സുഹൃത്തുക്കള്‍ അത് വലിയ നഷ്ടമാണ് എന്നുമാണ് അദ്ദേഹം കുറിക്കുന്നത്. ഇരുനൂറിനടുത്ത് മലയാളo സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്‍റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമയാണെന്നും അദ്ദേഹം കുറിക്കുന്നു.
പത്മകുമാറിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം
അനില്‍മുരളി യാത്രയായി... മലയാളസിനിമയെ സംബന്ധിച്ച് അനില്‍മുരളി എന്ന നടന്‍റെ വിയോഗം ഒരു വലിയ ഞെട്ടലോ നികത്താനാവാത്ത വിടവോ ഒന്നുമല്ല.. മലയാളo, തമിഴ് സിനിമകളെ ആശ്രയിച്ച് ജീവിക്കുന്ന കുറച്ചു നടന്മാരില്‍ ഒരാൾ.. ഒരാള്‍ക്ക് വേണ്ടി തീരുമാനിച്ച വേഷത്തിന് അയാള്‍ available അല്ലെങ്കില്‍ അടുത്തയാൾ.. ഒരുപക്ഷേ ഇരുനൂറിനടുത്ത് മലയാളo സിനിമകളില്‍ അഭിനയിച്ചിട്ടും അനിലിന്‍റെ അഭിനയത്തികവ് തിരിച്ചറിഞ്ഞതും അംഗീകരിച്ചതും തമിഴ് സിനിമ ആയിരിക്കണം.. SIX CANDLES' എന്ന സിനിമയിലെ തന്‍റെ കഥാപാത്രത്തെ അവിസ്മരണീയമാക്കാന്‍ അനിലിനും ആ കഴിവിനെ നിറഞ്ഞ കൈയടികളോടെ അംഗീകരിക്കാന്‍ തമിഴ് സിനിമക്കും കഴിഞ്ഞത് ഓര്‍ക്കുക.. എങ്കിലും തമിഴ് സിനിമയെ സംബന്ധിച്ചും അനിലിന്‍റെ വേര്‍പാട് ഒരു വലിയ നഷ്ടം ഒന്നുമല്ല..
നഷ്ടം ഞങ്ങൾക്ക്, അനിലിന്‍റെ സ്നേഹവും സൗഹൃദവും പിണക്കവും വഴക്കും എല്ലാം ആഴത്തില്‍ അനുഭവിച്ച, അതിനു പകരം വെക്കാൻ മറ്റൊന്നും ഇല്ല എന്ന് വ്യക്തമായി അറിയാവുന്ന ഞങ്ങൾ കുറച്ചു സുഹൃത്തുക്കള്‍ക്ക് മാത്രമാണ്.. സൗഹൃദം എന്ന് മാത്രം പറയാവുന്ന ഒന്നായിരുന്നില്ല അതെന്ന് എനിക്കു തോന്നുന്നു.. ഈ പറഞ്ഞ എല്ലാ വികാരങ്ങളും കൂടിച്ചേര്‍ന്ന അതിലും വലിയ എന്തോ ഒന്ന്.. മറ്റൊന്നുമാവില്ല സിന്ധുരാജിനും രാഗേഷിനുo പ്രവീണിനും നജുവിനും സാലുവിനും സുധീഷിനും മെല്‍വിനും മനോജിനും ഗണേഷിനും, ഇടപ്പള്ളി ട്രിനിറ്റിയിലെ 11C അപ്പാര്‍ട്ട്മെന്‍റിലെ അനിലിന്‍റെ ഊഷ്മളമായ സ്നേഹം അനുഭവിച്ച വേറെ ഒരാൾക്കും പറയാന്‍ അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഉണ്ടാവുക.. പ്രതിഫലേച്ഛ ഒട്ടും ഇല്ലാതെ അവസാനം വരെ കൂടെ നിന്ന കണ്ണപ്പനും പ്രസാദിനും ഇതല്ലാതെ മറ്റൊന്നും ആവില്ല പറയാനുണ്ടാവുക എന്നും എനിക്കറിയാം.. പ്രിയപ്പെട്ട സുഹൃത്തിന്‍റെ ഭൗതികശരീരം വീട്ടുകാരെ ഏല്പിച്ച് മരണമില്ലാത്ത ഓര്‍മകള്‍ നിറഞ്ഞ മനസ്സുമായി കൊച്ചിയിലേക്ക് മടങ്ങുമ്പോള്‍ രാഗേഷ് പറഞ്ഞു : 11C യില്‍ വീണ്ടും നമ്മൾ ഒത്തുകൂടും.. അനില്‍ ഇല്ലാത്ത അനിലിന്‍റെ സൗഹൃദവിരുന്ന് ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍.. ഹൃദയം നിറഞ്ഞ് തുളുമ്പുന്ന അത്രയും ഓര്‍മ്മകള്‍ ഏറ്റുവാങ്ങി അവസാനമായി 11C യോട് ഒരു യാത്ര പറച്ചില്‍...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates