അനുരാ​ഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടി; എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് മറുപടി

തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് അനുരാ​ഗ് ട്വിറ്ററിൽ കുറിച്ചത്
അനുരാ​ഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടി; എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് മറുപടി
Updated on
1 min read

സംവിധായകൻ അനുരാ​ഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി ബോളിവുഡ് നടി പായൽ ഘോഷ്. ബോംബെ വെൽവറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ തന്നോട് മോശമായി പെരുമാറി എന്നാണ് താരം ആരോപിച്ചത്. തുടർന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി അനുരാ​ഗ് കശ്യപ് തന്നെ രം​ഗത്തെത്തി. തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് അനുരാ​ഗ് ട്വിറ്ററിൽ കുറിച്ചത്. 

"എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ വളരെയധികം സമയമെടുത്തു. അത് സാരമില്ല. എന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിൽ, നിങ്ങൾ സ്വയം ഒരു സ്ത്രീയായിരുന്നിട്ടും മറ്റ് നിരവധി സ്ത്രീകളെ വലിച്ചിഴച്ചു. എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം. ആരോപണങ്ങൾ എന്തുതന്നെയായാലും, അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറയാൻ ആഗ്രഹിക്കുന്നു"

”എന്നെ കുറ്റപ്പെടുത്തുന്ന പ്രക്രിയയിൽ നിങ്ങൾ എന്റെ കലാകാരന്മാരെയും ബച്ചൻ കുടുംബത്തെയും വലിച്ചിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്റെ കുറ്റമാണെങ്കില്‍ ഞാന്‍ സമ്മതിക്കാം. ഞാന്‍ നിരവധി സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തി ഒരിക്കലും ചെയ്യാത്ത ആളാണ് ഞാൻ. അതുപോലെ അതിനെ അം​ഗീകരിക്കാനുമാവില്ല. എന്ത് സംഭവിക്കുമെന്ന് നമുക്ക് വഴിയെ കാണാം. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ക്ക് തന്നെ ഇതില്‍ എത്ര സത്യമുണ്ടെന്നും അതുപോലെ നുണയുണ്ടെന്നും തിരിച്ചറിയാന്‍ കഴിയും. സ്നേഹവും ആശംസക‌ളും നിങ്ങൾക്ക് കൈമാറുന്നു. ഇം​ഗ്ലീഷിലുള്ള പ്രതികരണത്തിന് ഹിന്ദിയിൽ മറുപടി നൽകിയതിന് ക്ഷമ ചോദിക്കുന്നു.- അനുരാ​ഗ് വ്യത്യസ്ത ട്വീറ്റുകളിലായി കുറിച്ചു.  

തന്റെ രണ്ട് വിവാഹത്തെക്കുറിച്ച് പറയാനും താരം മറന്നില്ല. തനിക്കെതിരെയുള്ള ആക്രമണത്തിന്റെ തുടക്കം മാത്രമാണ് ഇതെന്നും അദ്ദേഹം കുറിച്ചു. ആരോപണത്തിൽ പ്രതികരിക്കരുത് എന്നാവശ്യപ്പെട്ട് നിരവധി പേർ തന്നെ ഫോൺ വിളിച്ചെന്നും അനുരാ​ഗ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമായിരുന്നു അനുരാഗ് കശ്യപിനെതിരെ പായല്‍ ഘോഷ് പീഡനാരോപണവുമായി രം​ഗത്തെത്തിയത്. എബിഎന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവര്‍ത്തിച്ചു. അനുരാഗിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായല്‍ ഘോഷിന്‍റെ ആരോപണം. കൂടിക്കാഴ്ചയുടെ സമയത്ത് അനുരാഗ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് അനുരാഗിന്‍റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിക്കുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് നടത്തിയ ട്വീറ്റിനോട് പ്രതികരിച്ച് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയും രംഗത്തെത്തി. വിശദമായ പരാതി സമര്‍പ്പിക്കാന്‍ നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com