സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമോ എന്ന് ഭയപ്പെടുന്നുണ്ടെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ മഞ്ജു പറയുന്നത്. ഇപ്പോള്‍ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. താരത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഫേയ്‌സ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.
ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും അപ്പോള്‍ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന സ്വഭാവവും കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന്‍ തന്നെയാണ് എന്നോട് പറഞ്ഞിരിക്കുന്നത് എന്നാണ് ശ്രീകുമാര്‍ കുറിക്കുന്നത്. എന്റെ ബുദ്ധിയിലും സ്‌നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്. വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ചത് നീ മറന്നു. മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.
ശ്രീകുമാര്‍ മേനോന് എതിരേ ഗുരുതര ആരോപണങ്ങളാണ് മഞ്ജു ഉയര്‍ത്തുന്നത്. തനിക്കെതിരേയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ മേനോനും അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലുമാണെന്നാണ് മഞ്ജു പറയുന്നത്. മാസങ്ങളായി തനിക്കെതിരേ ഭീഷണി ഉയരുന്നുണ്ടെന്നും തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ശ്രീകുമാര്‍ മേനോന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
എന്നാലും എന്റെ പ്രിയപ്പെട്ട മഞ്ജു....
നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ?
നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവിശ്യം പറഞ്ഞു കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ എന്ന്. (ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നമ്മള്‍ ഒരു നാള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് വന്ന നിന്റെ ഒരു ആത്മാര്‍ത്ഥസുഹൃത്തിന്റെ ഫോണ്‍കോള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു ഒരു ഉദാഹരണമായി.)
സ്‌നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ . ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്‌നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്.
വീട്ടില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങികരഞ്ഞതും നീ മറന്നു.
നിന്റെ അമ്മ ഇടക്ക് നിന്റെ മുന്‍പില്‍ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാര്‍ സഹായിക്കുവാന്‍ ഇല്ലായിരുന്നു എങ്കില്‍ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.
അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോള്‍ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛന്‍ ആണ്. സ്വര്‍ഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും.
എന്നാലും മഞ്ജു.... കഷ്ട്ടം!!
അതെ, മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!
കല്യാണ്‍ ജൂവല്ലേഴ്‌സ് തൃശൂര്‍ പോലീസില്‍ കൊടുത്ത പരാതിയിലും ഇപ്പോള്‍ നിങ്ങള്‍ തിരുവനന്തപുരത്ത് ഡി.ജി.പി ക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവേലിന്റെയും പേര് ഒരുപോലെ പരാമര്‍ശിച്ചതില്‍ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു...?
നീ കാരണം എന്റെ ശത്രുക്കളായ കുറെ മഹത് വ്യക്തികള്‍, ഇപ്പോള്‍ പെട്ടന്ന് നിന്റെ മിത്രങ്ങളായതും എന്നാല്‍ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആകാം അല്ലേ ?
ഈ വാര്‍ത്ത വന്നതിന് ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി.
ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യര്‍ എനിക്കെതിരെ നല്‍കിയ പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും.
ഈ അവസരത്തില്‍ ഈ കുറിച്ചതിനപ്പുറം
എനിക്കൊന്നും പറയാനില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates