'അലുവ വിളമ്പിയ മുഖത്തിൽ നിന്ന് മലയാളികളുടെ പുരുഷ പ്രതിനിധിയായി, പരിഹാസം തുടർന്നോളൂ, അയാളുടെ പേര് മോഹൻലാൽ എന്നാണ്'

ശരീരത്തിന്റെ പേരിൽ ഇത്രയും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ള മലയാളി വേറെയുണ്ടാകില്ല എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിൽ സാജിദ് പറയുന്നത്
'അലുവ വിളമ്പിയ മുഖത്തിൽ നിന്ന് മലയാളികളുടെ പുരുഷ പ്രതിനിധിയായി, പരിഹാസം തുടർന്നോളൂ, അയാളുടെ പേര് മോഹൻലാൽ എന്നാണ്'
Updated on
2 min read

മോഹൻലാനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ സാജിദ് യാഹിയ. ശരീരത്തിന്റെ പേരിൽ ഇത്രയും ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുള്ള മലയാളി വേറെയുണ്ടാകില്ല എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിൽ സാജിദ് പറയുന്നത്. മലയാളിയുടെ പുരുഷ കാഴ്ചപ്പാടിന് വിരുദ്ധമായ മുഖവുമായാണ് മോഹൻലാൽ സിനിമയിൽ എത്തിയതെന്നും എന്നാൽ പിന്നീട് അതേ മോഹൻലാൽ തന്നെ മലയാളത്തിന്റെ പുരുഷ പ്രതിനിധിയായി. മുൻപ് കർണ്ണഭാരം നാടകത്തിൽ കർണ്ണനായി എത്തിയപ്പോഴും മോഹൻലാൽ ഇത്തരത്തിൽ പരിഹാസത്തിന് പാത്രമായി. ബോഡി ഷെയ്മിങ് നടത്തുന്നവർ അതു തുടരണമെന്നും അവർ തുടർന്നാലും ഇല്ലെങ്കിലും അയാൾ തുടരുമെന്നും കുറിപ്പിൽ പറയുന്നു. ഹരിമോഹൻ എന്ന സിനിമാ ആസ്വാദകൻ എഴുതിയ കുറിപ്പാണ് കടപ്പാടു രേഖപ്പെടുത്തി സാജിദ് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. പ്രമുഖ ചാനലിന്റെ ഓണപ്പരിപാടിയിൽ മോഹൻലാൽ എത്തുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. അതിന് പിന്നാലെയാണ് പരിഹാസം രൂക്ഷമായത്. 

കുറിപ്പ് വായിക്കാം

"ഒരുമാതിരി അലുവ വിളമ്പിയത് പോലുള്ള മുഖമാണ് അന്ന് ലാലിന് ആ കൂട്ടത്തിൽ നിന്നു ലാലിനെ തിരഞ്ഞെടുക്കാൻ കാരണവും അതു തന്നെയായിരുന്നു"മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്കു മോഹൻലാൽ, തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു വളരെ തമാശ രൂപേണ ഫാസിൽ സർ പിന്നീട് പറഞ്ഞതാണ്...

സിനിമ സൗന്ദര്യ ശാസ്ത്രത്തിനു ഒട്ടും യോജിക്കാൻ കഴിയാത്ത,അന്ന് സിബി മലയിൽ പോലും പത്തിൽ രണ്ടു മാർക്കിട്ട മലയാളിയുടെ പുരുഷ കാഴ്ചപ്പാടിന് വിരുദ്ധമായ മുഖം കൊണ്ടു സിനിമയിലേക്ക് വന്ന അതെ മോഹൻലാൽ പിന്നീട് മലയാളത്തിന്റെ പുരുഷ പ്രതിനിധിയായത്, ഇന്നത്തെ ഏറ്റവും വലിയ താരമായത് ആദ്യത്തെ തമാശ.

സത്യത്തിൽ മലയാളി മോഹൻലാലിനെ സ്വാഭാവികമായി ഇഷ്ടപ്പെട്ടതാണോ?? അല്ല ഒരിക്കലുമല്ല മലയാളത്തിലെ വിരുദ്ധമായ കാഴ്ചപ്പാടുകളെ  തന്നിലേക്ക് ഇഷ്ടപ്പെടുത്തിയതാണ് മോഹൻലാൽ. നിരവധി കഥാപാത്രങ്ങൾ,ജനകീയ നിമിഷങ്ങൾ,തുടങ്ങി അതിലേക്കു രഥചക്രം വലിച്ച കാര്യങ്ങൾ
ഒരുപാടുണ്ട്. പക്ഷെ ആത്യന്തികമായി സൗന്ദര്യത്തെക്കുറിച്ചുള്ള ഒരു ജനതയുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റിയതിൽ മോഹൻലാൽ മുൻനിരയിലുണ്ട്. പക്ഷെ ഇതിനൊക്കെയിടയിലും ഒരിക്കലും വിമർശ്ശനങ്ങൾക്ക്, മനപ്പൂർവ്വമുള്ള അധിക്ഷേപങ്ങൾക്ക് കുറവുണ്ടായിട്ടില്ല. പ്രിയദർശൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് 

"ലാലിനോളം ബോഡി ഷെമിങ് നേരിട്ടൊരു മലയാളി കാണില്ലെന്ന് സത്യമാണ്.അത്രയധികം ശരീരത്തെ ചൊല്ലി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട് political correctness,body shaming നിലപാടുകാരൊക്കെ മോഹൻലാലിലേക്കു ചുരുങ്ങുമ്പോൾ മാങ്ങയുള്ള മാവിലെ പതിവുള്ള ഏറുകാരായി മാറും.

പക്ഷെ എത്ര അധിക്ഷേപിച്ചാലും തടിയെന്നു കളിയാക്കിയാലും മുട്ടനാടിന്റെ ചോര കുടിച്ച്,ഒറ്റ ഷോട്ടിൽ പൂക്കോയിയുടെ ബെഞ്ചിന് മുകളിൽ കയറി നിന്നു ചങ്കത്തു ചവിട്ടാനും, വിസ്കി ഫ്ലാസ്ക്ക് മൊത്തിക്കുടിച്ച് മഴയത്തൊരു ചുവന്ന തലയിൽ കെട്ടും കെട്ടി ബുള്ളറ്റിൽ വന്നു പറന്നു കയറാനുമുള്ള ആക്‌ഷൻ സങ്കൽപ്പങ്ങളിൽ ഞങ്ങൾക്ക് ഒരു താരവും വികാരവുമേയുള്ളു. ഒരേയൊരു മോഹൻലാൽ മാത്രം...അവിടെയാണ് ഒരു ഫോട്ടോയും പൊക്കിപ്പിടിച്ച് കാര്യമേതാ കാരണം എന്താ എന്നു പോലും അറിയാതെ ട്രോളാൻ ഇറങ്ങുന്നത്.

ഒന്നു കൂടി പറയാം കുറച്ചു വർഷങ്ങൾ മുൻപത്തെ കഥയാണ്.അന്നും ഏകദേശം ഇതുപോലെ ഒരു ചിത്രം വന്നിരുന്നു പത്രത്തിലാണ് വന്നത്. അന്നിതു പോലെ നിരീക്ഷകർ കുറവുള്ള കാലമല്ലേ എങ്കിലും അന്നും കുറച്ചു പേരൊക്കെ കളിയാക്കിയിരുന്നു എന്നാണ് ഓർമ്മ. പക്ഷെ ബോധമുള്ളവരൊക്കെ അന്നെ ഞെട്ടിയിരുന്നു. കാരണം സംഭവം കർണ്ണാഭാരത്തിന്റെ ഡൽഹിയിലെ അവതരണമായിരുന്നു. അതെ അന്നു കാവാലത്തിന്റെ കർണ്ണഭാരം സംസ്‌കൃത നാടകത്തിൽ കർണ്ണ വേഷം കെട്ടിയ അതെ മുഖത്തു തന്നെയാണ് ഇന്നും ചിലരൊക്കെ ഫാൻസി ഡ്രസ്സ്‌,മേക്കപ്പ് എന്നൊക്കെ പറഞ്ഞു പരസ്യമായി തന്നെ ബോഡി ഷേമിങ് ഒളിച്ചു കടത്തുന്നത്. അവരോടൊക്കെ ഒന്നേ പറയാനുള്ളു. പറയാനുള്ളു. നിങ്ങൾ തുടരുക. ഇനി നിങ്ങൾ തുടർന്നാലും ഇല്ലെങ്കിലും അയാൾ തുടർന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹൻലാൽ എന്നാണ്.നന്ദി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com