

കോഴിക്കോട്: ഏത് സംഘടനയില്‍ ആയാലും നടക്കാന്‍ പാടില്ലാത്ത കാര്യം നടന്നാല്‍ വിമര്‍ശനവും ചര്‍ച്ചയും ഉണ്ടാകുന്നത സ്വാഭാവികമാണെന്ന് നടി പാര്‍വതി. സിനിമാരംഗത്തെ പ്രശ്‌നങ്ങളായതുകൊണ്ടാണ് ഇതിന് അമിത പ്രാധാന്യം ലഭിക്കുന്നതെന്നും പാര്‍വതി പറഞ്ഞു. മാതൃഭുമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ തുറന്ന് പറച്ചില്‍. അനീതി ഉണ്ടാവുമ്പോള്‍ അത് തിരുത്തുക എന്നുള്ളതാണ് കാര്യം. തെറ്റായ ഒരു തീരുമാനമുണ്ടായാല്‍ അതിനെ വിമര്‍ശിക്കും. ഒപ്പം നല്ല ചര്‍ച്ചകളിലൂടെ മുന്നോട്ടു പോവണം. അതിനുള്ള ഒരു ഇടത്തിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
വിമന്‍ ഇന്‍ സിനിമ കലക്ടീവ് വന്നത് വേറൊരു സംഘടനയെയോ വ്യക്തിയെയോ വിമര്‍ശിച്ച് അവര്‍ക്ക് പോരുദോഷം വരുത്താനല്ല. ഈ രംഗത്ത് കുറച്ചു പ്രശ്‌നങ്ങളുണ്ട്, അതിനെ എങ്ങനെ ഒരുമിച്ച് നേരിടാം എന്ന് ആലോചിക്കാനാണ്. ഡബ്ലൂ.സി.സിയിലെ അംഗങ്ങളുടെ മാത്രമല്ല, ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുടെയും ജോലി സ്ഥലം ആണ് സിനിമാ ഇന്‍ഡസ്ട്രി. അതിനു കൊടുക്കേണ്ട ബഹുമാനവും അച്ചടക്കവും ഉള്‍പ്പെടെ ചര്‍ച്ചയാവണമെന്നും പാര്‍വതി പറഞ്ഞു
മലയാളചലചിത്രമേഖലയിലാണ് ഏറ്റവും ആരോഗ്യകരമായ അന്തരീക്ഷമുള്ളത്. പല അന്യായങ്ങളും പ്രശ്‌നങ്ങളും ഉണ്ട്. എന്നാലും അതിനെക്കുറിച്ച് ഒരു ഭയവുമില്ലാതെ ബഹുമാനത്തോടെത്തന്നെ സംസാരിക്കാം. തീരുമാനത്തിലെത്താം. അങ്ങനെ നോക്കുമ്പോ മലയാള സിനിമാ ലോകം വളരുന്നുണ്ട്. ഞങ്ങള്‍ മുന്നോട്ട് വെച്ച ചില ചോദ്യങ്ങളുണ്ട്. അതിനൊക്കെ ഉത്തരം കിട്ടണം. അതിലൂടെ ഒരുമിച്ച് മുന്നോട്ടു പോവാനുള്ള സാധ്യതയുണ്ടാവണം. എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവമാണ് ഒരു വര്‍ഷം മുമ്പ് നടന്നത്. ആ സംഭവത്തിന്റെ ഗൗരവം കുറയാതെത്തന്നെ വേണം ചര്‍ച്ച; പരസ്പരം ബഹുമാനിച്ചുകൊണ്ടുതന്നെ. എനിക്കുറപ്പാണ്, മലയാളം സിനിമാ ഇന്‍ഡസ്ട്രി മാറും. നല്ലതിനുവേണ്ടി മാറും. അതിലേക്കുള്ള യാത്രയാണ് ഇതെല്ലാം എന്നും പാര്‍വതി പറയുന്നു
സമൂഹത്തിന്റെ വിപരീതദിശയില്‍ പോവുന്ന ആളൊന്നുമല്ല ഞാനു. കൂടെത്തന്നെ പോവാനാണിഷ്ടം. പക്ഷേ പണ്ടേ ഉള്ളതാണ് എന്നതുകൊണ്ട് മാത്രം ആളുകള്‍ തുടരുന്ന ചില കാര്യങ്ങളില്ലേ? അതില്‍ മാറ്റം വേണമെന്നു തോന്നിയാല്‍ പറയാറുണ്ട്. ഭൂരിപക്ഷത്തിനും അറിയാം അത് ശരിയല്ലെന്ന്. എന്നിട്ടും സഹിക്കുന്നു. എന്തിന്? ഒരു മാറ്റം വേണ്ടേ? എപ്പോഴും ഇങ്ങെന സാ..എന്നു പോയാല്‍ മതിയോ? ഒരു താളവ്യത്യാസമൊക്കെ വേണം. അങ്ങനെ തോന്നുമ്പോ പറയും. ഞാന്‍ മാത്രമല്ല പലരും പറയും. പിന്നെ, ഞാന്‍ പറയുന്നതു മാത്രമാണ് ശരി എന്ന് ഒരിക്കലും തോന്നിയിട്ടില്ല.
ആരെയെങ്കിലും ഒരാളെ മുദ്രകുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല അത് എന്ന് ഞാന്‍ അന്നേ പറഞ്ഞു. ഇപ്പോഴും അതുതന്നെ പറയുന്നു. പറഞ്ഞകാര്യം മനസ്സിലാക്കാതെ അക്രമിക്കാന്‍ വരുന്നവരോട് സംസാരിക്കാന്‍ പറ്റില്ല. അതൊരു ആള്‍ക്കൂട്ടമാണ്. അവരുടെ മനശാസ്ത്രം വേറെയാണ് . അവരോട് എങ്ങനെ സംസാരിക്കും? സംസാരിക്കാന്‍ പറ്റിയാല്‍ അവര്‍ പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും കേള്‍ക്കാം. ഒരു പക്ഷേ ബഹുമാനത്തോടെ വിയോജിക്കാം, അല്ലെങ്കില്‍ സമ്മതിക്കാം. പക്ഷേ അവര്‍ സംസാരിക്കാനേ തയ്യാറല്ലെങ്കിലോ? അങ്ങനെയുള്ളവരില്‍ ഫോക്കസ്‌ചെയ്യാന്‍ ഞാനില്ല. അവരെ ബഹുമാനത്തോടെ അവഗണിക്കാനേ പറ്റൂ എന്ന് പാര്‍വതി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates