

ബോളിവുഡിലെ സൂപ്പർഹിറ്റ് നിർമാതാവ് കരീം മൊറാനിയും രണ്ട് മക്കളും കൊറോണ ബാധിതരായത് സിനിമ ലോകത്തെ ആശങ്കയിലാക്കിയിരുന്നു. ഇപ്പോൾ ഇവർ മൂന്നു പേരും അസുഖം ഭേദമായി ആശുപത്രി വിട്ടിരിക്കുകയാണ്. മക്കൾക്ക് പിന്നാലെ കഴിഞ്ഞ ദിവസമാണ് കരീമും വീട്ടിലേക്ക് മടങ്ങിയത്. ഒമ്പതു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അച്ഛൻ തിരിച്ചെത്തിയതോടെ പിന്തുണച്ചവർക്ക് നന്ദി പറയുകയാണ് മകൾ സോയ മൊറാനി.
തങ്ങളുടെ കുടുംബം ഇപ്പോൾ കോവിഡ് നെഗറ്റീവായി എന്നാണ് സോയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആരോഗ്യപ്രവർത്തകർക്കും ആശുപത്രിക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെല്ലാം നന്ദി പറയുകയാണ് സോയ. അനുഭവങ്ങളുടെ കൊടുങ്കാറ്റാണ് കൊറോണ സമ്മാനിച്ചത് എന്നാണ് താരം കുറിച്ചത്.
'അവസാനം കഴിഞ്ഞ രാത്രിയിൽ ചികിത്സ കഴിഞ്ഞ് അച്ഛനും വീട്ടിലേക്ക് തിരിച്ചെത്തി. ഇതോടെ ഞങ്ങളുടെ മുഴുവൻ കുടുംബവും കൊറോണ നെഗറ്റീവായി. ഞങ്ങൾ എല്ലാവരും വീട്ടിലുണ്ട്. ആരോഗ്യത്തോടെയും നല്ല മനസോടെയും. കൊടുങ്കാറ്റുപോലുള്ള അനുഭവങ്ങളായിരുന്നു പക്ഷേ മറികടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. കൊറോണ ലക്ഷണങ്ങൾ ഞങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായിരുന്നു. അതിനാൽ എന്തെങ്കിലും നിർദേശങ്ങൾ ആവശ്യമുണ്ടെങ്കിൽ ഡോക്ടറുമായും ആശുപത്രിയുമായും ബന്ധപ്പെടാനാവും. എന്റെ അച്ഛന് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒമ്പത് ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. സഹോദരിക്ക് പനിയും തലവേദനയുമുണ്ടായിരുന്നു. ആറു ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. എനിക്ക് പനി, വിറയൽ, ചുമ, തലവേദന, നെഞ്ചിന് ബുദ്ധിമുട്ട്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടായിരുന്നു. ഏഴു ദിവസം ആശുപത്രിയിൽ കഴിഞ്ഞു. എല്ലാം ചെറുതായി ഉണ്ടായിരുന്നുള്ളൂ. ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫുമെല്ലാം ഭയമില്ലാത്തവരും പോസറ്റീവുമായിരുന്നു.' സോയ കുറിച്ചു.
മികച്ച പ്രവർത്തനം കാഴ്ചവെച്ച ഹെൽത്ത് ഡിപ്പാർട്ട്മെന്റിനേയും ആശുപത്രികളേയും സർക്കാരിനേയും പ്രശംസിക്കാനും നന്ദി പറയാനും സോയ മറന്നില്ല. വീട്ടിലക്ക് മടങ്ങിയെങ്കിലും 14ദിവസത്തെ ഹോം ക്വാറന്റീനിലാണ് ഇവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates