ആ ശബ്ദം കാവ്യയുടേതോ അതോ ദിവ്യ ഉണ്ണിയുടെയോ?, 'കുക്കറമ്മ'യെ നമുക്ക് നേരത്തെ അറിയാം! 

സിനിമ കണ്ടിറങ്ങുന്നവരിൽ പലരും ചർച്ചചെയ്യുന്നത് 'കുക്കറമ്മ' എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെക്കുറിച്ചാണ്
ആ ശബ്ദം കാവ്യയുടേതോ അതോ ദിവ്യ ഉണ്ണിയുടെയോ?, 'കുക്കറമ്മ'യെ നമുക്ക് നേരത്തെ അറിയാം! 
Updated on
2 min read

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമ‌കളിൽ ഒന്നാണ് അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ശോഭന-സുരേഷ് ​ഗോപി ജോഡി വീണ്ടും ബി​ഗ് സ്ക്രീനിൽ ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. റിലീസിന് പിന്നാലെ തിയറ്ററിൽ മികച്ച പ്രകടനം നേടി മുന്നേറുകയാണ് ചിത്രമിപ്പോൾ. 

എന്നാലിപ്പോൾ സിനിമ കണ്ടിറങ്ങുന്നവരിൽ പലരും ചർച്ചചെയ്യുന്നത് 'കുക്കറമ്മ' എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെക്കുറിച്ചാണ്. ചിലർ ഇത് കാവ്യ മാധവന്റെ ശബ്ദമെന്നും ദിവ്യ ഉണ്ണിയുടേതെന്നുമൊക്കെയാണ് അഭിപ്രായപ്പെട്ടത്. എന്നാൽ ഈ ശബ്ദത്തിനുടമ ആ കഥാപാത്രത്തെ അവതരിപ്പിച്ച  ശ്രീജ രവി തന്നെയാണ്. പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റ് ശ്രീജ സിനിമയിൽ കാവ്യക്കും ദിവ്യക്കും മാത്രമല്ല ശാലിനി, ജൂഹി ചൗള, മഞ്ജു വാര്യർ, ചിപ്പി, ദേവയാനി, ഗോപിക, റോമ തുടങ്ങി നിരവധിപ്പേർക്ക് ശബ്ദമായിട്ടുണ്ട്.

പത്തിലധികം സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുള്ള ശ്രീജയ്ക്ക് ലഭിച്ച ശ്രദ്ധേയ വേഷങ്ങളിൽ ഒന്നാണ് കുക്കറമ്മ . ശ്രീജ രവിയെക്കുറിച്ച് സിനിമാപ്രവർത്തകനായ സുരേഷ് കുമാർ രവീന്ദ്രൻ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

"ഇന്ന് 'വരനെ ആവശ്യമുണ്ട്' കാണുന്നതിനിടയിൽ, 'കുക്കറമ്മ' എന്ന കഥാപാത്രം രംഗപ്രവേശനം ചെയ്ത് രണ്ട് ഡയലോഗ് പറഞ്ഞു കഴിഞ്ഞപ്പോൾ തിയേറ്റർ മുഴുവൻ '????' ചിന്ഹം കൊണ്ടു നിറഞ്ഞു...എങ്ങും സംശയങ്ങൾ, സംശയചിരികൾ...ചിലർ കാവ്യാമാധവൻ എന്നും, ചിലർ ദിവ്യാ ഉണ്ണി എന്നുമൊക്കെ പറയുന്നുണ്ടായിരുന്നു...വളരെ കുറച്ചു നേരത്തേയ്ക്ക് ആകെ ബഹളം...ആരൊക്കയാണിത്?

അതിനു കാരണം, ഈ കഴിഞ്ഞ 45 വർഷങ്ങളായി തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഏറെ ഐശ്വര്യം നിറഞ്ഞ ശബ്ദസാന്നിധ്യമായി നിലകൊള്ളുന്ന ഒരു മഹത്‌വ്യക്തി 'കുക്കറമ്മ'യുടെ വേഷത്തിലെത്തിയതു കൊണ്ടാണ്, ആ മനോഹരമായ ശബ്ദം നമുക്കേവർക്കും ചിരപരിചിതമായതു കൊണ്ടാണ്...ബേബി ശാലിനിയും, ബേബി ശ്യാമിലിയും, സുനിതയും, സുചിത്രയും, ശാലിനിയും, ജൂഹി ചൗളയും, 'സല്ലാപം' എന്ന സിനിമയിൽ മഞ്ജു വാരിയരും, രംഭയും, സിമ്രാനും, ചിപ്പിയും, ദേവയാനിയും, ദിവ്യാ ഉണ്ണിയും, കാവ്യാ മാധവനും, ഗോപികയും, റോമയും തുടങ്ങി എണ്ണിത്തീർക്കാൻ പറ്റാത്ത അത്ര അഭിനേത്രിമാർ വെള്ളിത്തിരയിലൂടെ സംവദിച്ച ആ ശബ്ദത്തിന്റെ ഉടമയായ 'ശ്രീജ രവി' (Sreeja Ravi) എന്ന അതുല്യ കലാകാരിയെയായിരുന്നു സ്‌ക്രീനിൽ കണ്ടത്. ഷങ്കറിന്റെ 'നൻപൻ' ഉൾപ്പെടെ ഒട്ടനവധി സിനിമകളിൽ മുൻപും ക്യാമറയ്ക്കു മുന്നിലെത്തിയിട്ടുണ്ടെങ്കിലും, ശ്രീജ രവിയ്ക്ക് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ലഭിക്കുന്നത് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ തന്നെയാണ്. അത് വളരെ മനോഹരമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സിനിമയിൽ ശോഭനയുമായി ശ്രീജ രവി സ്ക്രീൻ ഷെയർ ചെയ്യുന്ന രംഗങ്ങളിൽ ഒരുപാടൊരുപാട് സന്തോഷം തോന്നി. ഒരു ഭാഗത്ത് ശ്രീജ രവി സ്വന്തം ശബ്ദത്തിൽ സംസാരിക്കുന്നു, മറു ഭാഗത്ത് ശോഭനയ്ക്കു വേണ്ടി ഭാഗ്യലക്ഷ്മി സംസാരിക്കുന്നു! കുടജാദ്രിയുടെ ഏറ്റവും മുകളിലെത്തിയിട്ട് സൂര്യനെയും ചന്ദ്രനെയും ഇരുവശങ്ങളിലായി കണ്ടത് പോലൊരു ഫീൽ! മലയാളത്തിന്റെ ഏറ്റവും മികച്ച പെൺശബ്ദങ്ങൾ, ഒരുമിച്ച് ഒരേ സമയം...ശ്രവണ സുഖം എന്നത് അതിന്റെ പാരമ്യതയിൽ..."

പ്രിയ സുഹൃത്ത് വിബിൻ നാഥ് (Vibin Nath) മൂവീ സ്ട്രീറ്റ് എന്ന ഗ്രൂപ്പിൽ എഴുതിയതാണ്, നമ്മുടെ സ്വന്തം 'കിളിനാദം' ശ്രീജ ചേച്ചിയെ കുറിച്ച്. ഞാൻ എഴുതണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ, വളരെ മനോഹരമായി എഴുതിയിട്ടുണ്ട് വിബിൻ ജി. സന്തോഷം. ശ്രീജ ചേച്ചി നമ്മുടെ സ്വത്താണ്‌, സല്ലാപത്തിലെ രാധയാണ്, അനിയത്തിപ്രാവിലെ മിനിയാണ്, ഹരികൃഷ്ണൻസിലെ മീരയാണ്. അതിനും കുറേകാലം മുൻപ്, കൊഞ്ചിക്കുഴഞ്ഞ് ചിരിച്ചു കൊണ്ട് നമ്മുടെയൊക്കെ മനസ്സുകൾ കീഴടക്കിയ ബേബി ശാലിനി-ശ്യാമിലിമാരുടെ പൊന്നോമന ശബ്ദമാണ്, ചേച്ചി. അഭിനയമേഖലയിലും ചേച്ചി തന്റെ സാന്നിധ്യം അറിയിക്കുന്നത് ഏറെ സന്തോഷം തരുന്ന സംഗതിയാണ്. തികഞ്ഞ ആയുരാരോഗ്യസൗഖ്യത്തോടെ എക്കാലവും ഇവിടെയുണ്ടാകട്ടെ, ശ്രീജ രവി എന്ന പ്രിയപ്പെട്ട ശ്രീജ ചേച്ചി...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com