ജയസൂര്യ പ്രധാനവേഷത്തില്‍ എത്തിയ സസ്‌പെന്‍സ് ത്രില്ലറാണ് അന്വേഷണം. ചിത്രത്തിനെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ്. പ്രമുഖ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനായ ബുക്ക് മൈ ഷോക്കെതിരെയാണ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ റേറ്റിങ് ബുക്ക് മൈ ഷോയില്‍ കുറച്ചുകാട്ടുകയാണ് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 20 ഐഡികളില്‍ നിന്ന് 10 ശതമാനത്തില്‍ താഴെ റേറ്റിംഗ് നല്‍കിയിരിക്കുന്നത്. തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെ പ്രൊമോഷനുകള്‍ ഏറ്റിരിക്കുന്ന വ്യക്തികള്‍ തന്നെയാവാം മറ്റ് സിനിമകളെ ഡീപ്രൊമോട്ട് ചെയ്യുന്നതെന്നും പത്രക്കുറിപ്പിലൂടെ ആരോപിച്ചു. ഗൂഢാലോചന മുഖേന ഞങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് ബുക്ക് മൈ ഷോയ്‌ക്കെതിരെയും മേല്‍പ്പറഞ്ഞ ഐഡികള്‍ക്ക് എതിരെയും ക്രിമിനല്‍ കേസ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി
നിര്‍മാതാക്കള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ്
കഴിഞ്ഞ ഇരുപത് വര്‍ഷമായി മലയാള സിനിമാ വിതരണ, നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. എന്നാല്‍ ഇന്ന് നമ്മുടെ ചെറിയ വ്യവസായത്തെ മുച്ചൂടും മുടിക്കുന്ന ഒരു കരുത്തുറ്റ ഭീമന്‍ ശൃംഖലയെക്കുറിച്ച് പറയാതെ നിവൃത്തിയില്ല. ആരംഭഘട്ടത്തില്‍ ഇവര്‍ നിഷ്പക്ഷരാണെന്ന് കരുതി മലയാളത്തിലെ നിര്‍മ്മാതാക്കള്‍ പോലും ഇവരുടെ റേറ്റിംഗ് കാണിച്ചുകൊണ്ട് പരസ്യങ്ങള്‍ കൊടുത്തിരുന്നു. എന്നാല്‍ ഇന്ന് റേറ്റിംഗ് കൂട്ടിയും കുറിച്ചും മലയാള സിനിമകളുടെ തലവര തിരുത്തുന്ന തരത്തില്‍ ഇവര്‍ വളര്‍ന്നിരിക്കുന്നു. അനേകം പിടിയാളന്മാര്‍ റേറ്റിംഗ് കൂട്ടിത്തരാം എന്ന വാഗ്ദാനവുമായി എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന ചെറുകിട നിര്‍മ്മാതാക്കളില്‍നിന്ന് ഭീമമായ തുക കൈപ്പറ്റുന്നു.
ഈ വെള്ളിയാഴ്ച ഞങ്ങളുടെ അന്വേഷണം എന്ന സിനിമ റിലീസ് ചെയ്യുകയുണ്ടായി. എന്നാല്‍ ആദ്യ ഷോ കഴിഞ്ഞത് മുതല്‍ നെഗറ്റീവ് റേറ്റിംഗ്, നെഗറ്റീവ് റിവ്യൂ എന്നിവ ഇട്ട് ബുക്ക് മൈ ഷോയില്‍ ഞങ്ങളുടെ റേറ്റിംഗ് കുറയ്ക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി ഞങ്ങള്‍ക്ക് ബോധ്യമായി. ഇതുമായി ബന്ധപ്പട്ട് അന്വേഷിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ ഏകദേശം ഇരുപതോളം ഐഡികളില്‍നിന്ന് പത്ത് ശതമാനത്തില്‍ താഴെ റേറ്റിംഗ് നല്‍കിയിരിക്കുന്നതായി മനസിലാക്കാന്‍ കഴിഞ്ഞു. സൈബര്‍ െ്രെകം മേഖലയുമായി അറിയാവുന്നവരുമായി ബന്ധപ്പെട്ടപ്പോള്‍ ഈ പ്രക്രിയയ്ക്ക് ബിഒടി റേറ്റിംഗ് എന്നാണ് പറയുന്നതെന്നും പലവിധ അക്കൗണ്ടുകള്‍ ഒരേ കമ്പ്യൂട്ടറില്‍ തന്നെ സൃഷ്ടിച്ച്, റേറ്റിംഗ് നടത്താന്‍ പ്രീപ്രോഗ്രാം ചെയ്ത് സജ്ജമാക്കി വച്ചിരിക്കുന്ന പ്രക്രിയയാണെന്നും മനസിലായി. ഒരുപക്ഷേ തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെ പ്രൊമോഷനുകള്‍ ഏറ്റിരിക്കുന്ന വ്യക്തികള്‍ തന്നെയാവാം മറ്റ് സിനിമകളെ ഡീപ്രൊമോട്ട് ചെയ്യുന്നതും. മുപ്പതോളം നിരൂപകരുടെ റേറ്റിംഗ് ഞങ്ങള്‍ അയച്ചുകൊടുത്തിട്ടും അതില്‍ ഒന്നുമാത്രമാണ് അവര്‍ പബ്ലിഷ് ചെയ്തത്. അത് മാത്രമല്ല (ഇംഗ്ലീഷില്‍) എ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന അന്വേഷണം പോലൊരു ചിത്രം അവരുടെ ആപ്ലിക്കേഷനിലും വെബ് സൈറ്റിലും ഏറ്റവും അവസാനം മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ.
ആയതിനാല്‍ ഈ ഡൂഢാലോചന മുഖേന ഞങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് ബുക്ക് മൈ ഷോയ്‌ക്കെതിരെയും മേല്‍പ്പറഞ്ഞ ഐഡികള്‍ക്ക് എതിരെയും ക്രിമിനല്‍ കേസ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സൈബര്‍ സെല്‍ വഴി ഐപി വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കിത്തരുവാന്‍ സൈബര്‍ സെല്‍ വഴി ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്കുണ്ടായ ഭീമമായ നഷ്ടം മുകളില്‍ പരാമര്‍ശിച്ച ഐഡികളില്‍നിന്നും ബുക്ക് മൈ ഷോയില്‍ നിന്നും തുല്യമായി ഈടാക്കാനായി കേസ് കൊടുക്കാനും ഞങ്ങള്‍ തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates