ആമസോണിലെ തീയണക്കാന്‍ ലിയനാര്‍ഡോ ഡികാപ്രിയോ: നടന്‍ നല്‍കിയത് 35 കോടി രൂപ

അദ്ദേഹം എര്‍ത്ത് അലയന്‍സ് സംഘടനയിലേക്ക് സംഭാവനകളും ക്ഷണിച്ചിരുന്നു. 
ആമസോണിലെ തീയണക്കാന്‍ ലിയനാര്‍ഡോ ഡികാപ്രിയോ: നടന്‍ നല്‍കിയത് 35 കോടി രൂപ
Updated on
2 min read

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ വനങ്ങളില്‍ കാട്ടുതീ ലോകത്താകമാനം ചര്‍ച്ചയായുവകയാണ്. അടിക്കടിയുണ്ടാകുന്ന ഈ കാട്ടുതീ ലോകത്തിന്റെ പരിസ്ഥിതി സന്തുലനത്തിന് തന്നെ ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ സഹായവുമായി ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോ രംഗത്തെത്തിയിരിക്കുകയാണ്.

ആമസോണ്‍ മഴക്കാടുകളെ രക്ഷിക്കാന്‍ 35 കോടിയോളം രൂപയാണ് ഡികാപ്രിയോ നല്‍കുന്നത്. ഇക്കാര്യം അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. എര്‍ത്ത് അലയന്‍സ് എന്ന സംഘടനയുമായി സഹകരിച്ചാണ് നടന്‍ തുക സമാഹരിച്ചിരിക്കുന്നത്. ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് എമര്‍ജന്‍സി ഫണ്ട് രൂപീകരിച്ചിരിക്കുന്നത്. ആമസോണില്‍ തീയണയ്ക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തുന്ന പ്രാദേശിക സംഘടനകള്‍ക്കും തദ്ദേശീയര്‍ക്കും തുക കൈമാറും. 

കാട് കത്തിയമരുന്ന ചിത്രങ്ങളും ഡികാപ്രിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഭൂമിയിലെ ജീവജാലങ്ങള്‍ക്കു വേണ്ട ജീവവായുവിന്റെ 20 ശതമാനം പുറത്തുവിടുന്ന മേഖല കഴിഞ്ഞ 16 ദിവസമായി കത്തിയമരുകയാണെന്നും അടിയന്തരസഹായം ആവശ്യമായ സമയമാണെന്നും നടന്‍ കുറിച്ചു. അദ്ദേഹം എര്‍ത്ത് അലയന്‍സ് സംഘടനയിലേക്ക് സംഭാവനകളും ക്ഷണിച്ചിരുന്നു. 

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ എന്ന രേഖപ്പെടുത്താവുന്ന തീപിടുത്തമാണ് ആമസോണ്‍ മഴക്കാടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കാട്ടുതീ മൂലം ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച മുതല്‍ ബ്രസീല്‍ സൈന്യം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

മഴക്കാടുകളുടെ സംരക്ഷണമാണ് ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതന്ന് നേരത്തെ ബോല്‍സൊനാരോ അഭിപ്രായപ്പെട്ടിരുന്നു. ഇത് പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിന് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് സാവോപോളോയിലും റിയോ ഡി ജനീറോയിലും ആയിരക്കണക്കിന് ആളുകള്‍ അണിനിരന്ന പ്രതിഷേധങ്ങള്‍ നടന്നു. 

ആമസോണ്‍ വനാന്തരങ്ങളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. മറ്റ് ആമസോണ്‍ രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നേരിടാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൊളീവിയയില്‍ മാത്രം 7500 ല്‍ കൂടുതല്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് ആമസോണ്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 76000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന എ.ബ് 747400 സൂപ്പര്‍ ടാങ്കര്‍ വിമാനമുപയോഗിച്ചും ബൊളീവിയയില്‍ തീയണക്കുന്നുണ്ട്.

സാവോ പോളോ അടക്കമുള്ള നഗരങ്ങളില്‍ നട്ടുച്ചയ്ക്കു പോലും രാത്രിയുടെ പ്രതീതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാട്ടുതീയുടെ ഫലമായി നഗരത്തില്‍ കറുത്ത പുക മൂടിയിരിക്കുന്നതിനാല്‍ സൂര്യപ്രകാശം എത്തിച്ചേരാത്തതാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. അന്തരീക്ഷത്തില്‍ പുകപടലങ്ങള്‍ രൂക്ഷമായതിനാല്‍ മഴ പെയ്യുമ്പോള്‍ കറുത്ത നിറത്തിലുള്ള വെള്ളമാണ് ഭൂമിയിലെത്തുന്നത്.

മേഖലയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വലിയ തോതില്‍ വര്‍ധിച്ചതായി യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള കോപര്‍നിക്ക്‌സ് ക്ലൈമറ്റ് ചേഞ്ച് സെര്‍വീസ് എന്ന സംഘടന വ്യക്തമാക്കി. കൂടാതെ കാര്‍ബണ്‍ ഡൈയോക്‌സൈഡും വലിയ തോതില്‍ പുറന്തള്ളുന്നുണ്ട്. ഇതെല്ലാം ചേര്‍ന്ന് മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ആഗോളതാപനം രൂക്ഷമാക്കുന്നതില്‍ ഇത് വലിയ പങ്കുവഹിക്കുമെന്നുമാണ് ഗവേഷകര്‍ ഭയപ്പെടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com