'ഇത് വലിയ ചതി'; ലൂസിഫറിന്റെ വ്യാജനെ കണ്ട് വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസി; വിമര്‍ശനം

അസ്‌കർ പൊന്നാനിയെപ്പോലെയുള്ളവർ ചെയ്യുന്നത് അതല്ല, മറിച്ച് സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവർത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്
'ഇത് വലിയ ചതി'; ലൂസിഫറിന്റെ വ്യാജനെ കണ്ട് വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസി; വിമര്‍ശനം
Updated on
2 min read

മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫറിന്റെ വ്യാജ പതിപ്പ് കണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസിക്കെതിരേ നിര്‍മതാക്കള്‍ രംഗത്ത്. സൗദിഅറേബ്യയില്‍ ജോലി ചെയ്യുന്ന അസ്‌കര്‍ പൊന്നാനി എന്ന യുവാവാണ് വ്യാജ പതിപ്പ് കണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് വ്യക്തമാക്കി. 

ഇയാള്‍ക്കെതിരെ രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളും കൈക്കൊള്ളുന്നതാണെന്നും നാട്ടിലെത്തിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളതെന്നും ആശീര്‍വാദ് സിനിമാസ് പുറത്തിറക്കിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍  പറയുന്നു. അസ്‌കര്‍ പോസ്റ്റ് ചെയ്ത വീഡിയോ സഹിതമാണ് കുറിപ്പ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പൈറസിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ രൂക്ഷ വിമര്‍ശനമാണ് അസ്‌കര്‍ പൊന്നാനിക്കെതിരേ ഉയരുന്നത്. 

ആശിര്‍വാദ് സിനിമാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്‌
 

പ്രിയപ്പെട്ട സുഹൃത്തുക്കളെ,

“ലൂസിഫർ”നെ വമ്പൻ വിജയമാക്കിയ നിങ്ങളേവരോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് തുടങ്ങട്ടെ.

വളരെ വേദനയോടെ ആണ് ഞങ്ങൾ ഈ കുറിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നത്. “ലൂസിഫർ” എന്ന ഞങ്ങളുടെ ചലച്ചിത്രം വലിയ റെക്കോർഡ് വിജയം കൈവരിച്ച്, മലയാള സിനിമയ്ക്ക് തന്നെ പുതിയ മാനങ്ങൾ സമ്മാനിക്കുന്ന ഈ വേളയിൽ, ഇതിനെ തകർക്കാനും ഇതിന്റെ വ്യാജ പ്രിന്ററുകൾ ഇറക്കാനും കച്ചകെട്ടി ഇറങ്ങുന്നവർ ചിലരുണ്ട്. നിയമം ഇവരുടെ പിന്നാലെയും ഉണ്ട്.

ഇത്തരം വ്യാജ പ്രിന്റുകൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധം ആണെന്നിരിക്കെ, ഇത് ഡൗൺലോഡ് ചെയ്യാനും കാണാനും എന്നു മാത്രമല്ല, കണ്ടുകഴിഞ്ഞു “കണ്ടു” എന്ന് ഉറക്കെ പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാനും യാതൊരു മടിയും നിയമഭയവും ഇല്ലാത്ത ഒരാൾ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

അസ്‌കർ പൊന്നാനി എന്ന് പേരുള്ള ഇയാൾ സൗദി അറേബ്യയിൽ നിന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഒരു സിനിമയെപ്പറ്റി, അതോടുന്ന തീയേറ്ററിൽ പോയിക്കണ്ട ശേഷം, എന്തും പറയാനുള്ള അധികാരവും അവകാശവും എല്ലാവർക്കുമുണ്ട്. പക്ഷെ അസ്‌കർ പൊന്നാനിയെപ്പോലെയുള്ളവർ ചെയ്യുന്നത് അതല്ല, മറിച്ച് സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവർത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്.
ഇതിനെ കണ്ടില്ലെന്ന് നടിക്കാൻ സാധ്യമല്ല എന്ന് മാത്രമല്ല, വരും കാലങ്ങളിൽ ഇത്തരം തെമ്മാടിത്തരങ്ങൾ തടയേണ്ടത് വലിയ ഒരു ആവശ്യവും കൂടി ആണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങൾ നിയമപരമായി നീങ്ങിയതിന്റെ ഫലമായി കേരളാ പോലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രവുമല്ല, സൗദി ഗവൺമെന്റുമായി ബന്ധപ്പെട്ട് ഇയാൾ ജോലിചെയ്യുന്നിടവും കണ്ടെത്തിയിട്ടുണ്ട്. തക്കതായ നിയമനടപടികൾ രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളും ഇയാൾക്കെതിരെ കൈക്കൊള്ളുന്നതാണ്. നാട്ടിലെത്തിയാലുടൻ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. സൗദിയിൽ ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ടവരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങൾ ചെയ്യുന്നവരെ നേരിടാൻ മറ്റു പല മാർഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്, എന്നുകൂടി അറിയിച്ചുകൊള്ളട്ടെ.
ജനങ്ങൾക്ക് ഇഷ്ടമുള്ള സിനിമകൾ വിജയിക്കട്ടെ. തിയേറ്ററിൽ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങൾ നേരിടുക തന്നെ ചെയ്യും.

സ്നേഹാദരങ്ങളോടെ,

നിങ്ങളുടെ സ്വന്തം

ആശീർവാദ് സിനിമാസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com