

തമിഴ്‌നാട് സര്‍ക്കാരിന്റെ പരമോന്നത സംഗീത പുരസ്‌കാരമായ എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിനര്‍ഹയായിരിക്കുകയാണ് ഗായിക എസ് ജാനകി. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ 2011 മുതലുള്ള കലൈമാമണി പുരസ്‌കാരങ്ങളും എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചത്.
എസ് ജാനകിയെക്കൂടാതെ ഗായികമാരായ സി സരോജ സി ലളിത, സംഗീതജ്ഞന്‍ ടിവി ഗോപാലകൃഷ്ണന്‍ എന്നിവരും പുരസ്‌കാരത്തിനര്‍ഹരായിട്ടുണ്ട്. എന്നാല്‍ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഈ പുരസ്‌കാരം വേണ്ടെന്ന് വെച്ചിരിക്കുകയാണ് ഗായിക.
സംഗീതരംഗത്ത് നിന്ന് പൂര്‍ണമായി വിരമിച്ചതിനാല്‍ ഈ അവാര്‍ഡ് എസ് ജാനകി സ്വീകരിക്കില്ലെന്ന് മകന്‍ മുരളീകൃഷ്ണനാണ് അറിയിച്ചത്. അവാര്‍ഡിന് തിരഞ്ഞെടുത്ത വിവരം സംസ്ഥാന സര്‍ക്കാരോ മറ്റാരെങ്കിലുമോ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അമ്മയുടെ ആരാധകര്‍ പറഞ്ഞ അറിവ് മാത്രമാണ് ഞങ്ങള്‍ക്ക് അവാര്‍ഡിനെക്കുറിച്ചുള്ളത്.
സാധാരണനിലയില്‍ അവാര്‍ഡിന് തിരഞ്ഞടുക്കപ്പട്ടാല്‍ അത് ഔദ്യോഗികമായി അറിയിക്കുക എന്നൊരു പതിവുണ്ട്. എന്നാല്‍, ഇതുവരെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നടപടിയും ഉണ്ടായിട്ടില്ല. അവാര്‍ഡിന് തിരഞ്ഞെടക്കപ്പെട്ടതില്‍ സന്തോഷമുണ്ടെങ്കിലും അത് അറിയിക്കാത്തതില്‍ വിഷമമുണ്ട്. ഇത് ആരെങ്കിലും പറഞ്ഞ് അറിയേണ്ടതല്ലല്ലോ. ഇത് വിചിത്രമായ ഒരു കാര്യമാണ് മുരളീകൃഷ്ണന്‍ പറഞ്ഞു.
മാത്രമല്ല, ഇനി ഔദ്യോഗികമായി അറിയിച്ചാലും പുരസ്‌കാരം സ്വീകരിക്കേണ്ട എന്നാണ് എസ് ജാനകിയുടെ തീരുമാനമെന്നും മുരളീകൃഷ്ണന്‍ പറയുന്നു. സംഗീതരംഗത്ത് നിന്ന് മാത്രമല്ല, പൊതുരംഗത്ത് നിന്ന് ഏതാണ്ട് പൂര്‍ണമായി തന്നെ വിരമിച്ചിരിക്കുകയാണ് ജാനകി. പുതിയതായി പാട്ടുകളൊന്നും പാടുന്നില്ല. മുന്‍പ് ഏറ്റ ചില പാട്ടുകള്‍ മാത്രമാണ് പിന്നീട് പാടിയത്.
പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ ഒരു തരത്തിലുമുള്ള അവാര്‍ഡുകള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ല. വേണ്ടത്ര പാട്ടുകള്‍ പാടിക്കഴിഞ്ഞതാണ്. ഒരുപാട് പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ഇനി ഒന്നും വേണ്ട. ഈ തീരുമാനത്തില്‍ ഇനി ഒരു മാറ്റവുമില്ലെന്നും മുരളീകൃഷ്ണന്‍ വ്യക്തമാക്കി.
എണ്‍പതാം വയസിലും എസ് ജാനകി പൂര്‍ണ ആരോഗവതിയായി വീട്ടില്‍ വിശ്രമിക്കുകയാണെന്ന് മുരളീകൃഷ്ണന്‍ പറഞ്ഞു. ചെറുപ്പകാലം മുതല്‍ തന്നെ ഒപ്പമുള്ള ശ്വാസതടസം മാത്രമാണ് ഇപ്പോഴും അലട്ടുന്നത്. മറ്റ് വിഷമങ്ങളൊന്നുമില്ല. ആരാധകര്‍ ഇപ്പോഴും തന്നെയും തന്റെ പാട്ടുകളെയും ഓര്‍ക്കുന്നതില്‍ ജാനകിക്ക് അതിയായ സന്തോഷമുണ്ടെന്നും മുരളീകൃഷ്ണന്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷനും എസ് ജാനകി നേരത്തെ നിരസിച്ചിരുന്നു. 2013ല്‍ ആയിരുന്നു അത്. അഞ്ചര പതിറ്റാണ്ടിന്റെ സംഗീത പാരമ്പര്യമുള്ള തന്നെ ആദരിക്കാന്‍ വൈകിയെന്നും തെന്നിന്ത്യന്‍ കലാകാരന്മാര്‍ അവഗണിക്കപ്പെടുന്നുവെന്നും പരാതിപ്പെട്ട് എസ് ജാനകി പത്മഭൂഷന്‍ നിരസിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത കലാ പുരസ്‌കാരമായ കലൈമാമണി പുരസ്‌കാരത്തിനൊപ്പമാണ് മുതിര്‍ന്ന കലാകാരന്മാര്‍ക്കുള്ള സുബ്ബലക്ഷ്മി അവാര്‍ഡും നല്‍കുന്നത്. ഇത്തവണത്തെ കലൈമാമണി അവാര്‍ഡ് നേടിയവരില്‍ ഗായകന്‍ ഉണ്ണി മനോനും ഉള്‍പ്പെടും. ജാനകിക്ക് 1986ല്‍ കലൈമാമണി പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞാണ് ഇപ്പോള്‍ സര്‍ക്കാര്‍ എംഎസ് സുബ്ബലക്ഷ്മി അവാര്‍ഡ് നല്‍കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates