പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണെന്ന് നടൻ കൃഷ്ണകുമാർ. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ സമയത്ത് കടന്നുവന്ന അവതാരമാണ് മോദിയെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. മകളും നടിയുമായ അഹാനയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചും കൃഷ്ണകുമാർ മനസു തുറന്നു.
‘മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.’ കൃഷ്ണകുമാർ പറഞ്ഞു.
സ്വാതന്ത്രദിനത്തിൽ മോദി നടത്തിയ പ്രഖ്യാപനത്തേക്കുറിച്ചും അദ്ദേഹം വാചാലനായി. പത്ത് സാനിറ്ററി പാഡുകൾ പത്ത് രൂപയ്ക്ക് നൽകുമെന്നാണ് മോദി പറഞ്ഞത്. സ്ത്രീ സമൂഹത്തിൽ ജീവിക്കുന്ന ആളെന്ന നിലയിൽ പാഡിന്റെ പ്രാധാന്യം തനിക്കറിയാം. നമ്മുടെ കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് മോശമായി ചിത്രീകരിച്ച സാഹചര്യമുണ്ട്. ഭാരതത്തിലെ പ്രധാനമന്ത്രിയോട് ഇക്കാര്യത്തിൽ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അടുത്ത തലമുറകൾക്ക് പ്രധാനമന്ത്രി ഒരുപാട് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് മകൾക്ക് നൽകിയ ഉപദേശത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അവൾ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ല. വളരെ ശരിയായ കാര്യമാണ് എഴുതിയത്. പക്ഷേ കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മൾ തൽക്കാലം മാറ്റി വെക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക.അതല്ല സിനിമയാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്.
നെഗറ്റീവ് കമന്റുകൾ നമ്മളെ ബുദ്ധിമുട്ടിക്കും. മുന്നൂറ് പേരാണെങ്കിലും അവർ ഒരുലക്ഷം പേരുടെ ശബ്ദം ഉണ്ടാക്കും. അതാണ് നടന്നത്. അഹാനയ്ക്കെതിരെ മാത്രമല്ല നാല് മക്കൾക്കു നേരെയും ആക്രമണം നടന്നു. സ്ത്രീകളെ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നാൽ കാലം മാറിയത് ഈ വിഭാഗത്തിന് മനസ്സിലായിട്ടില്ല. പുരുഷന്മാരാണ് ഏത് സമയത്തും സ്ത്രീകള്‍ക്ക് കൂടെയുണ്ടാകുക. ഒരുപാട് പേർ ഞങ്ങളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. വി. മുരളീധരൻ ഞങ്ങളെ വിളിച്ച് ആശ്വസിപ്പിച്ചു. ചെറിയൊരു ഫോൺ കോൾ ആണെങ്കില്‍ പോലും അത് നമുക്ക് തരുന്ന ധൈര്യമുണ്ട്.- കൃഷ്ണകുമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates