

കൊച്ചി: ജാഡയുടെ കാര്യത്തിലും നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി മുന്‍പിലാണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലെയൊന്നുമല്ല ആ ജാഡ. അതിനും അപ്പുറത്താണ്. ഫോര്‍ട്ട് കൊച്ചിയിലെ ഈ ഓട്ടോ ഡ്രൈവര്‍ പറയുന്നതും അതാണ്.
നടന്നു നീങ്ങുന്ന മമ്മൂട്ടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനുള്ള ഓട്ടോ ഡ്രൈവറുടെ ശ്രമം. ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിന് ശകാരിക്കുന്ന ലൊക്കേഷന്‍ മാനേജരുടെ ശബ്ദം ആള്‍ക്കുട്ടത്തിന് ഇടയില്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഇതിനിടയില്‍ ഓട്ടോ ഡ്രൈവറുടെ അടുത്തേക്ക് എത്തുന്ന മമ്മൂട്ടി. ഓട്ടോ ഡ്രൈവറുടെ പക്കല്‍ നിന്നും ഫോണ്‍ വാങ്ങി ഗ്യാലറി പരിശോധിക്കുന്ന മമ്മൂട്ടി. എടുത്ത ഫോട്ടോകളില്‍ ഒന്നു പോലും ശരിയായിട്ടില്ലെന്ന് കണ്ട്, ഓട്ടോ ഡ്രൈവറുടെ ഫോണില്‍ തന്നെ അയാളെ ചേര്‍ത്ത് പിടിച്ച് സെല്‍ഫിയെടുക്കുന്നു, ഒന്നല്ല, കുറച്ചധികം സെല്‍ഫി.
ഫോര്‍ട്ടു കൊച്ചിയില്‍ നിന്നുള്ള ആ താര ജാഡ കഥ ഇപ്പോള്‍ കേരളം മുഴുവന്‍ പരക്കുകയാണ്. ആ ജാഡയ്ക്ക് സാക്ഷിയായ ഒരാളാണ് സെല്‍ഫി കഥ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
സംഭവം ഇങ്ങനെ,
ഇന്നലെ ഫോർട്ട് കൊച്ചിയിൽ യാദൃശ്ചികമായി ഞാൻ സാക്ഷിയായ ഒരു സംഭവം , മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു .. ആരോ ചിലർ ആരോപിക്കുന്ന പോലെ മമ്മൂട്ടി എന്ന മെഗാസ്‌റ്റാറിന്റെ " ജാഡ" ഒരിക്കൽ കൂടി നേരിട്ട് കണ്ടു !!
സംഭവം മറ്റൊന്നുമല്ല . പോത്തീസ് ടെക്സ്റ്റൈൽസിന്റെ പരസ്യം ഷൂട്ട് ചെയ്യുന്നിടമാണ് സംഭവ സ്ഥലം.സഞ്ചാരികളും തദ്ദേശീയരുമായ നൂറുകണക്കിന് ആളുകൾ കൂടി മെഗാസ്‌റ്റാറിന്റെ
വരവും പ്രതീക്ഷിച്ചു കാത്തു നിൽക്കുന്നു. ഇതിനിടെ ഫോർട്ട് കൊച്ചിയിലെ ലൊക്കേഷൻ മാനേജർമാർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നന്നേ പാട് പെടുന്നത് കാണാം !
ഷൂട്ടിങ് വേഷത്തിൽ തയ്യാറായി വരുന്ന മമ്മൂക്കയുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തരുതെന്നു , കൂട്ടത്തിൽ മുതിർന്ന ലൊക്കേഷൻ മാനേജർ പറയുന്നത് കേൾക്കാമായിരുന്നു .(പരസ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങൾ ആയതുകൊണ്ടാവണം ഇങ്ങനെപറയുന്നതെന്നു ആരോ പറഞ്ഞത് ഓർക്കുന്നു ) പെട്ടന്നാണ് സാക്ഷാൽ മെഗാസ്റ്റാർ കടന്നു വരുന്നത് . സ്വാഭാവികമായും ആൾകൂട്ടം ഇളകിയാർത്തു.
കാക്കി വേഷ ധാരിയായ ഒരാൾ ഇടയിലൂടെ പെട്ടന്ന് മുന്നോട്ടു വന്നു തന്റെ സ്മാർട്ഫോൺ ഉപയോഗിച്ച് ചറപറാന്നു ചിത്രങ്ങൾ എടുക്കുന്നു . ഇത് കണ്ട ലൊക്കേഷൻ മാനേജർ പൊട്ടിത്തെറിച്ചു . പറഞ്ഞാൽ മനസ്സിലാവില്ലേ, മൊബൈലിൽ ആണോ ഫോട്ടോ എടുക്കുന്നത് എന്ന് തുടങ്ങി പൊട്ടി തെറിക്കുന്നു .
മുന്നോട്ടു നീങ്ങിയ മെഗാസ്റ്റാർ ഒരു നിമിഷം നിന്നു. മാനേജർ ശകാരിച്ചുകൊണ്ടിരുന്ന ആളുടെ നേരെ തിരിഞ്ഞു , അയാളുടെ സമീപത്തേക്കു നടന്നു ..ഫോർട്ട് കൊച്ചി തന്നെ നിശബ്ദമായ ഒരു നിമിഷമായിരുന്നു അത് !!
മെഗാസ്റ്റാർ എന്തെങ്കിലും ചോദിക്കും മുമ്പ് തന്നെ ആ മനുഷ്യൻ പറഞ്ഞു " അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തത് തെറ്റാണെന്നു അറിയാം , ഇപ്പൊ തന്നെ ഡിലീറ് ചെയ്തോളാം "
"താങ്കൾ പറഞ്ഞത് ശരിതന്നെ , എല്ലാത്തിനും ഒരു സാമാന്യ മര്യാദ ഉള്ളതും നല്ലതാ ... ആ മൊബൈൽ ഇങ്ങു തരൂ ..." മെഗാസ്റ്റാർ പറയേണ്ട താമസം അയാൾ മൊബൈൽ കൈമാറി .അയാളുടെ ഗ്യാലറിയെ ചിത്രങ്ങൾ തുറന്നു നോക്കി .. ഒരു ഫോട്ടോയിലും ആരുടെയും മുഴുവൻ ചിത്രമില്ല ( അയാൾക്ക് അത്രെയേ സാധിക്കുമായിരുന്നുള്ളൂ )
അപ്പോഴേക്കും മാനേജരുടെ ക്ഷോഭം കൂടുതൽ ഉച്ചത്തിലായി . മമ്മൂക്കയുടെ നോട്ടം ആ വഴിക്കു നീണ്ടോ എന്നൊരു സംശയം , അയാൾ നിശബ്ദനായി .
ആ മൊബൈൽ കയ്യിൽ വാങ്ങി , ആ മനുഷ്യനെ തന്നോട് ചേർത്ത് നിർത്തി , അയാളുടെ മൊബൈലിൽ സെൽഫി എടുത്തുകൊടുക്കുന്ന സാക്ഷാൽ മെഗാസ്റ്റാറിനെയാണ് പിന്നെ ഫോട്കൊച്ചി കാണുന്നത് . അതിനിടയിൽ പേര് സമീർ എന്നാണന്നും ജോലി ഓട്ടോറിക്ഷ ഓടിക്കലാണെന്നും മമ്മൂക്കയുടെ ചോദ്യങ്ങൾക്കുത്തരമായി പറയുന്നത് കേൾക്കാമായിരുന്നു. ഈ സമയം കൊണ്ട് അഞ്ചോളം സെൽഫിയാണ് മമ്മൂക്ക തന്നെ സമീറിന് സമ്മാനിച്ചത് .യാത്ര ചോദിച്ചു നടന്നു നീങ്ങുന്ന മെഗാസ്റ്റാറിനെ നോക്കി നിറകണ്ണുകളോടെ നിന്ന സമീർ പറഞ്ഞു, "നിങ്ങൾ ഒരു അത്ഭുതമാണ് മമ്മൂക്ക". സമീറിന്റെ സെൽഫി വാട്സാപ്പിലൂടെയും മറ്റും കൈപ്പറ്റാൻ തൊട്ടടുത്ത ഓട്ടോസ്റ്റാൻഡിൽ നിന്നുള്ള സഹപ്രവർത്തകരും കാണികളും മത്സരിക്കുന്ന ഒരു രംഗമായിരുന്നു അവിടെ ..
ആ സമയം ആ വഴി കടന്നുപോയ ഒരു സ്കൂട്ടറുകാരൻ അപ്പോഴും പറഞ്ഞു...."എന്തൊരു ജാടയാ ഈ മനുഷ്യന് "!!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates