ബോളിവിഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെയാണ് നെപ്പോട്ടിസം സംബന്ധിച്ച വിവാദങ്ങൾ സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധനേടിയത്. താരമക്കൾക്ക് സിനിമയിൽ ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഈ വിവേചനമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നാണ് ആരാധകരുടെ വാദം. സുശാന്തിനെ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും അതാണ് നടനെ വൈകാരികമായി തളർത്തിയതെന്നുമാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി അഹാന.
അഹാനയുടെ ഫോട്ടോ ചേർത്ത് പ്രചരിക്കുന്ന ഒരു മീം പങ്കുവച്ചാണ് നടി ഇതേക്കുറിച്ച് പ്രതികരിച്ചത്. ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യൂട്യൂബിൽ വിഡിയോ ചെയ്യാൻ ആലോചിക്കുന്നു, പക്ഷെ സ്വയം എങ്ങനെ സിനിമയിലെത്തി എന്ന് തിരിച്ചറിഞ്ഞപ്പോൾ എന്നാണ് മീമിലെ ഉള്ളടക്കം. വളരെ രസകരമായ ഒന്നാണ് ഈ മീം എന്ന് പറഞ്ഞ നടി പക്ഷെ ഇതിനായി കുറച്ചുകൂടെ മികച്ച ഒരു കാൻഡിഡേറ്റിനെ തിരഞ്ഞെടുക്കാമായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേത്രി എന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ അഞ്ച് വർഷം വേണ്ടിവന്ന ഒരാളല്ല ഇതിന് യോജിച്ചത് എന്നാണ് അഹാന പറയുന്നത്.
താരപുത്രി എന്ന പരിഗണന തനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് സിനിമകളിൽ അഭിനയിക്കുകയും ഒരു അവാർഡെങ്കിലും വാങ്ങുകയും ചെയ്യുമായിരുന്നു എന്നും അഹാന കൂട്ടിച്ചേർത്തു. അതുകൊണ്ട് ഇത്തരം ഗ്യാങ്ങിലേക്ക് തന്നെ വലിച്ചിടരുതെന്നാണ് നടിയുടെ അഭ്യർത്ഥന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates