നടന്‍ ദിലീപിന് എതിരേ ഗുരുതര ആരോപണവുമായി സംവിധായകന്‍ ആര്‍.എസ്. വിമല്‍ രംഗത്ത്. എന്ന് നിന്റെ മൊയ്തീനില്‍ അഭിനയിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് ദിലീപിനേയും കാവ്യയേയും ആയിരുന്നെന്നും ദിലീപ് ആദ്യം ചിത്രത്തില്‍ നിന്ന് പിന്‍മാറുകയും കള്ളം പറഞ്ഞ് കാവ്യയെ പിന്‍മാറ്റുകയുമായിരുന്നു എന്നാണ് വിമല്‍ പറയുന്നത്. ബിപി മൊയ്തീനിന്റെ സേവാമന്ദിരം പണിയാന്‍ 30 ലക്ഷം രൂപ ദിലീപ് നല്‍കിയത് തന്നോടുള്ള പകവീട്ടുന്നതിനാണെന്നും എന്നാല്‍ അനശ്വര പ്രണയത്തിന്റെ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
എന്ന് നിന്റെ മൊയ്തീന്‍ വിജയിച്ചതോടെയാണ് ദിലീപ് ഇതിലേക്ക് കയറുന്നത്. കാഞ്ചനമാലയ്ക്ക് പണം നല്‍കി ദിലീപ് കൈയടിവാങ്ങിയപ്പോള്‍ താനും പൃഥ്വിരാജും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടെന്നും വിമല്‍ പറഞ്ഞു. കാഞ്ചനമാല ആ പണം തിരികെ കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ദിലീപിനെയും കാവ്യാമാധവനെയുമാണ് ആദ്യം എന്ന് നിന്റെ മൊയ്തീനിലെ നായികനായകന്മാരായി ആലോചിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഞാന്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയി. കാഞ്ചനമാലയായി കാവ്യയെ അഭിനയിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിച്ചു. അതോടൊപ്പം ഡോക്യുമെന്ററിയുടെ ഒരു കോപ്പി വേണമെന്നും ദിലീപിനെ കാണിക്കാനാണെന്നും പറഞ്ഞു.
അന്നു വൈകുന്നേരം തന്നെ ദിലീപ് എന്നെ തിരിച്ചുവിളിച്ചു. സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിന്റെ പൂജ നടക്കുന്ന സ്ഥലത്ത് കാണാമെന്നും അറിയിച്ചു. അന്ന് ദിലീപിനെ പോയി കണ്ടു. പിന്നീടും ഒരുപാട് തവണ കണ്ടു. എന്നാല്‍ പിന്നീട് ദിലീപ് ഇതില്‍ നിന്ന് പിന്മാറി. പുതിയ സംവിധായകന്റെ പടം ചെയ്യുകയും അത് പൊട്ടിപ്പോകുകയും ചെയ്തതാണ് ദിലീപിനെ പിന്നോട്ടുവലിച്ചത്. അതുകൊണ്ടു തന്നെ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാന്‍ താത്പര്യമില്ലെന്ന് ദിലീപ് അറിയിച്ചു.
അതിനുശേഷം ഒരു ദിവസം കാവ്യാ മാധവന്‍ എന്നെ വിളിച്ച് പൊട്ടിത്തെറിച്ചു. നിങ്ങള്‍ക്ക് ഞാന്‍ നല്ല ഒരവസരമല്ലേ ഒരുക്കിത്തന്നതെന്നും അതെന്തിന് ഇല്ലാതാക്കി എന്നുമായിരുന്നു കാവ്യ അന്ന് ഫോണിലൂടെ ചോദിച്ചത്. പിന്നീടാണ് കാവ്യ ദേഷ്യപ്പെട്ടതിന്റെ കാര്യം മനസ്സിലായത്. ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നു. താത്പര്യമില്ലെന്ന് എന്നോട് അറിയിച്ച ദിലീപ് കാവ്യയോട് പറഞ്ഞത് ഞാന്‍ ദിലീപിനെ നായകനാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നാണ്. എന്റെ സിനിമയില്‍ സഹകരിക്കാത്തത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു.
പക്ഷേ ചിത്രം പിന്നീട് പൃഥ്വിരാജിനെയും പാര്‍വ്വതിയെയും പ്രധാന കാഥാപത്രങ്ങളാക്കി ഞാന്‍ പൂര്‍ത്തിയാക്കി. പക്ഷേ അത് ഇത്രയും ഹിറ്റാകുമെന്നും ജനപ്രിയമാകുമെന്നും ദിലീപ് കരുതിയില്ല. തുടര്‍ന്ന് ഒരു സുപ്രഭാതത്തില്‍ ദിലീപ് ഇതിലേക്ക് കടന്നുവരികയായിരുന്നു. ബി.പി മൊയ്തീന് സേവാമന്ദിറിന് 30 ലക്ഷം നല്‍കി അദ്ദേഹം ജനപ്രിയനായി മാറി. അതേസമയം ഞാനും പൃഥ്വിരാജും ഏറെ പഴികേട്ടു. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടു.
കാഞ്ചനമാലയെ സന്ദര്‍ശിച്ചതിന്റെ പിറ്റേദിവസം ദിലീപ് വീണ്ടും എന്നെ വിളിച്ചു. കാഞ്ചനമാല എന്ന് നിന്റെ മൊയ്തീനെതിരെ കൊടുത്ത കേസ് കോടതിയില്‍ നടക്കുന്നതിനാലാണ് സേവാമന്ദിര്‍ നിര്‍മ്മാണത്തില്‍ നിന്ന് ഞങ്ങള്‍ തത്കാലത്തേക്ക് പിന്മാറിയതെന്നും സിനിമ തുടങ്ങുന്നതിന് മുമ്പ് കാഞ്ചനമാലക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നതായും ഞാന്‍ ദിലീപിനോട് പറഞ്ഞു. ബി.പി മൊയ്തീന് സ്മാരകം നിര്‍മ്മിക്കുന്നത് ഞങ്ങള്‍ക്ക് താത്പര്യമുള്ള കാര്യമാണെന്നും അറിയിച്ചു. അങ്ങനെയൊരു കേസ് നടക്കുന്നുണ്ടെങ്കില്‍ അതിന് മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ദിലീപിന്റെ മറുപടി. അപ്പോഴാണ് ദിലീപിന്റെ യഥാര്‍ത്ഥ റോള്‍ എനിക്ക് മനസ്സിലായത്. ഒരുതരം പകവീട്ടല്‍ തന്നെയായിരുന്നു അത്.
അങ്ങനെ ഒരു മധ്യസ്ഥന്റെ ആവശ്യം എനിക്കില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ ദിലീപിനെ അറിയിച്ചു. കാഞ്ചനമാല കേസ് കൊടുത്ത് എന്ന് നിന്റെ മൊയ്തീന്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുമ്പോള്‍ സഹായിക്കാനെത്താത്ത വ്യക്തി ഇപ്പോള്‍ രംഗപ്രവേശനം ചെയ്യേണ്ട ആവശ്യമില്ലെന്നും ഞാന്‍ പറഞ്ഞു. ഞാനൊരു മാധ്യമപ്രവര്‍ത്തകനാണെന്നും വാര്‍ത്തയുണ്ടാക്കി പ്രശസ്തനാകുന്ന വിദ്യ എനിക്ക് നന്നായി അറിയാമെന്നും ദിലീപിനോട് പറഞ്ഞു. താഴേക്ക് വീണുകൊണ്ടിരിക്കുന്ന ആളുടെ തലയില്‍ വീണ്ടും ചവിട്ടി താഴ്ത്തുന്നവനല്ല ഞാന്‍. പക്ഷേ ഞാനനുഭവിച്ച വേദന പങ്കുവെച്ചില്ലെങ്കില്‍ അത് തന്നോടു തന്നെ ചെയ്യുന്ന ചതിയായിരിക്കും' വിമല്‍ പറയുന്നു.
ആറു കോടി സാറ്റലൈറ്റ് റൈറ്റ് ലഭിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന് ആറ് കോടി സാറ്റലൈറ്റ് റൈറ്റ് ലഭിച്ചെന്നും അതില്‍ നിന്ന് താനോ പൃഥ്വിരാജോ പണം വാങ്ങിയിട്ടില്ലെന്നുമാണ് വിമല്‍ പറയുന്നത്. ഇതില്‍ നിന്ന് ഒരു വിഹിതമെടുത്ത് എന്ന് നിന്റെ മൊയ്തീന്റെ നിര്‍മ്മാതാക്കാള്‍ മൊയ്തീന്‍ സേവാ മന്ദിര്‍ നിര്‍മ്മിക്കണമെന്നും ദിലീപിന്റെ പേര് ഒരിക്കലും സേവാമന്ദിറിന്റെ ശിലാഫലകത്തില്‍ വരരുതെന്നും ആര്‍എസ് വിമല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates