ടിക്ക് ടോക്കിലൂടെയാണ് ഫുക്രു ശ്രദ്ധ നേടുന്നത്. തുടർന്നാണ് ഫുക്രു റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ എത്തുന്നത്. കൊറോണ ഭീതിയെ തുടർന്ന് റിയാലിറ്റി ഷോ പൂർത്തിയാക്കുന്നതിന് മുൻപ് അവസാനിപ്പിക്കേണ്ടിവന്നു. എന്നാൽ അതിന് പിന്നാലെ ഷോയിലെ മത്സരാർത്ഥികളിൽ ചിലർക്ക് രൂക്ഷമായി സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു. ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഫുക്രു. തനിക്ക് മോശം കമന്റുകളും വധഭീഷണികളും വരുന്നുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. ഷോയിൽ നിന്ന് രജിത് കുമാറിനെ പുറത്താക്കിയതും തുടർന്ന് ഒരു കൂട്ടം പേർ സർക്കാർ നിർദേശം ലംഘിച്ച് രജിത്തിനെ സ്വീകരിക്കാൻ എത്തിയതുമെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നടി ആര്യയ്ക്ക് നേരെയും അധിക്ഷേപങ്ങൾ ഉയരുന്നുണ്ട്.
ഫുക്രുവിന്റെ വാക്കുകൾ ഇങ്ങനെ
ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നത് ശരിയാണോ എന്നെനിക്കറിയത്തില്ല. എങ്കിലും എനിക്ക് നിങ്ങളോട് അത് പറയാൻ തോന്നി. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നലെ ആരോ ഹാക് ചെയ്തു. അതീന്ന് ഞാനിടാത്ത കുറേ കമന്റുകൾ പോയിട്ടുണ്ടായിരുന്നു. ഇതിനു മുമ്പ് ഞാൻ ബിഗ് ബോസിലായിരുന്നു സമയത്തും കുറേ ആളുകൾ ഒരുമിച്ച് റിപ്പോർട്ട് അടിച്ച് എന്റെ അക്കൗണ്ട് കളഞ്ഞു. അത് ഞങ്ങൾ തിരിച്ചെടുത്തു. ഹാക് ചെയ്തതും ഞങ്ങൾ തിരിച്ചെടുത്തു. ഹാക് ചെയ്യപ്പെട്ട സമയത്ത് നിങ്ങളെ അറിയിക്കാതിരുന്നത് അവര് എന്തെങ്കിലും ചെയ്തു കളയുമോ എന്ന പേടി കൊണ്ടാണ്. എന്തിനു വേണ്ടി ഇത് ചെയ്യുന്ന എന്ന് എനിക്കറിയത്തില്ല. ചിലപ്പോൾ മറ്റുള്ളവരോടുള്ള അമിതമായ ഇഷ്ടം കൊണ്ട് ചെയ്യുന്നതായിരിക്കാം. എന്റെ ഇൻസ്റ്റഗ്രാമായാലും ഫെയ്സ്ബുക്കായാലും ഒരുപാട് മോശം കമന്റുകളുണ്ട്. വധഭീഷണി വരെയുണ്ട്. എല്ലാം ഞാൻ അതിന്റെ സ്പിരിറ്റിലാണ് എടുക്കുന്നത്. ഈയൊരു കാര്യം നിങ്ങളോടു പറയാൻ വേണ്ടി മാത്രമാണ് ഞാൻ ഈയൊരു വിഡിയോ ചെയ്തത്. നിങ്ങളാരും എന്നെ സംശയത്തോടെ നോക്കണ്ട. ഞാനെന്റെ പറമ്പിലാണ് ഉള്ളത്. എല്ലാവരും വീട്ടില് സേഫ് ആയിരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates