തെന്നിന്ത്യൻ സിനിമപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ശോഭന. നീണ്ടനാൾ സിനിമയിൽ നിന്ന് വിട്ടുനിന്നിട്ടും താരത്തിനും ആരാധകർക്ക് കുറവൊന്നുമില്ല. തമിഴിലേയും മലയാളത്തിലേയും സൂപ്പർ സംവിധായകർക്കും നായകർക്കുമൊപ്പം ശോഭന അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ രജനീകാന്തിനൊപ്പമുള്ള രസകരമായ ഒരു ഓർമ പങ്കുവെക്കുകയാണ് താരം. രജനീകാന്ത് കാലുപിടിച്ചതുകൊണ്ട് തനിക്കുവന്ന ഭീഷണിയെക്കുറിച്ചാണ് തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം മനസു തുറന്നത്.
ശിവ എന്ന ചിത്രത്തിലാണ് രജനീകാന്ത് ശോഭനയുടെ കാലുപിടിക്കുന്നത്. സംവിധായകൻ ഈ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ അത് വേണ്ട എന്ന നിലപാടിലായിരുന്നു രജനി. എന്നാൽ അതിന് കാരണം എന്താണെന്ന് തനിക്ക് പിന്നീടാണ് മനസിലായത് എന്നാണ് ശോഭന പറയുന്നത്.
''ശിവ എന്ന ചിത്രത്തിൽ രജനികാന്ത് എന്റെ കാലുപിടിക്കുന്ന സീൻ ഉണ്ടായിരുന്നു. രജനികാന്ത് ആ സീൻ വേണ്ടെന്ന് പറഞ്ഞു. എന്നാൽ സംവിധായകൻ രജനിയെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി അത് ചെയ്യിച്ചു. രജനിക്ക് കാലു പിടിക്കുന്നതിൽ പ്രശ്നമുണ്ടായിട്ടല്ല. അദ്ദേഹത്തിന്റെ ആരാധകർക്ക് അത് ഇഷ്ടമാകില്ല. അതുകൊണ്ടാണ് അദ്ദേഹം അത് മാറ്റണമെന്ന് പറഞ്ഞത്. ആ ചിത്രം ഇറങ്ങിയതിന് ശേഷം ശേഷം കുറേ ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. തലെെവർ എന്തിന് നിങ്ങളുടെ കാൽ പിടിക്കണം- എന്നൊക്കെയായിരുന്നു സന്ദേശം. അപ്പോൾ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി. അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുള്ള ആർക്കും മറിച്ചൊരു അഭിപ്രായം പറയാൻ കഴിയില്ല''- ശോഭന വ്യക്തമാക്കി.
ദളപതി സിനിമയുടെ ഷൂട്ടിങ് സെറ്റിലുണ്ടായ അനുഭവം ശോഭന പങ്കുവെച്ചു. ഷൂട്ടിങ് തിരക്കിനിടയിൽ തനിക്ക് വീട്ടിൽ പോകാൻ സാധിക്കാതെ വന്നെന്നും. മണിരത്നം അനുവാദം തന്നത് അനുസരിച്ച് ഒരു ദിവസം നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ ഒരു രംഗം ഷൂട്ട് ചെയ്യാൻ സാധിക്കാതിരുന്നതിനാൽ അന്ന് പോകാനാവില്ലെന്നാണ് മണിരത്നം പറഞ്ഞത്. ഇത് കേട്ട് തനിക്ക് വിഷമമായെന്നും ആരും കാണാതിരിക്കാൻ മാറി നിന്ന് കരഞ്ഞു എന്നും ശോഭന പറഞ്ഞു. എന്നാൽ താനിരുന്ന് കരയുന്നത് മമ്മൂട്ടി കണ്ടു. അയ്യേ ശോഭന കരയുവാണോ... സാരമില്ല, നാളെ വീട്ടിലേക്ക് പോകാം എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates