'എന്റെ കുഞ്ഞിനെ പോലും അവര്‍ വെറുതെവിട്ടില്ല, എന്റെ ഹൃദയം തകര്‍ന്നു'; അനുഭവം പങ്കുവെച്ച് ബിബിന്‍

'എന്റെ കുഞ്ഞിനെ പോലും അവര്‍ വെറുതെവിട്ടില്ല, എന്റെ ഹൃദയം തകര്‍ന്നു'; അനുഭവം പങ്കുവെച്ച് ബിബിന്‍

തന്റെ മകളെപ്പോലും ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത് എന്നാണ് ബിബിന്‍ പറയുന്നത്
Published on

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ചാണ് ബിബിന്‍ ജോര്‍ജ് മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. തിരക്കഥാകൃത്തായും നടനായും തിളങ്ങി നില്‍ക്കുകയാണ് ബിബിന്‍. അടുത്തിടെയാണ് ബിബിന് ഒരു പെണ്‍കുഞ്ഞ് പിറന്നത്. തന്റെ സോഷ്യല്‍ മീഡിയയിലൂടെ മകളോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. എന്നാല്‍ തന്റെ മകളെപ്പോലും ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത് എന്നാണ് ബിബിന്‍ പറയുന്നത്. പുതിയ ചിത്രം മാര്‍ഗംകളിയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നുപറച്ചില്‍. 

കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ബിബിന്‍ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഉരുക്കുവനിത എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചിത്രം സിനിമ ഗ്രൂപ്പില്‍ പ്രചരിച്ചു. എങ്ങനെയാണ് ഉരുക്കു വനിതയാകുന്നത് എന്ന് ചോദിച്ച് ഒരു സിനിമ ഗ്രൂപ്പില്‍ ഏതോ ഒരാള്‍ ഫോട്ടോ പങ്കുവെച്ചു. അതിന് താഴെയാണ് വളരെ മോശം കമന്റ് വന്നത്. അത് തന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു എന്നാണ് ബിബിന്‍ പറയുന്നത്. 

'അവന്റെ കുഞ്ഞാണെങ്കില്‍ അവനെപ്പോലെ വൈകല്യം അതിനും ഉണ്ടാകും ആ ഭാഗത്തെ ആയിരിക്കും അവന്‍ ഉരുക്ക് എന്ന് പറഞ്ഞത്.' എന്നായിരുന്നു കമന്റ്. ഒരു കുഞ്ഞിന്റെ ഫോട്ടോയ്ക്ക് പോലും ഇത്ര ക്രൂരമായി പെരുമാറാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് ബിബിന്‍ ചോദിക്കുന്നത്. ഇത്രത്തോളം ആക്ഷേപിക്കാന്‍ മാത്രം താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും താരം ചോദിച്ചു. അറിഞ്ഞു കൊണ്ട് ഒരാളെപ്പോലും താന്‍ ദ്രോഹിച്ചിട്ടില്ലെന്നും ബിബിന്‍ പറഞ്ഞു. 

സോഷ്യല്‍ മീഡിയയില്‍ വളരെ മോശം രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പണം കൊടുത്ത് പണം കൊടുത്ത് സിനിമ കാണുന്നവര്‍ക്ക് ഇഷ്ടമായില്ലെന്ന് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കാണുന്ന പ്രവണത തെറിവിളിക്കുന്നതും ആവശ്യമില്ലാതെ വീട്ടുകാരെ വലിച്ചിഴക്കുന്നതുമൊക്കെയാണ്. ബിബിന്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com