

'ഇനി എനിക്ക് ഒരു അഭിപ്രായം ഉള്ളത്, സദ്യയ്‌ക്കൊപ്പം ഒരു വെള്ള പോഴ്‌സലൈന്‍ പാത്രത്തില്‍ നല്ല കട്ടത്തൈരും അതിനു മുകളില്‍ നല്ലൊരു പച്ചമുളകും വേണം, പച്ചമുളക് ഐസിയുവില്‍ കിടക്കുന്ന വൃദ്ധനെപ്പോലെയാവരുത്. നല്ല തുടിപ്പു വേണം. യൗവ്വനം തോന്നുന്ന ഒരു മുളക്'- നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ വാക്കുകളാണിത്.
താരത്തിന്റൈ ഭക്ഷണസങ്കല്‍പവും ആഹാരത്തോടുള്ള കാഴ്ച്ചപ്പാടുമെല്ലാം വ്യക്തമാക്കുന്ന ഒരു വീഡിയോയില്‍ നിന്നാണിത്. 'ചോറില്‍ ഇളംപുളിയുള്ള നല്ല കട്ടത്തൈരൊഴിച്ച്, അല്‍പം ഉപ്പിട്ട്, അതില്‍ രസികന്‍ പച്ചമുളകൊരെണ്ണം ഞെരുടിച്ചേര്‍ത്ത് കുഴച്ചുരുട്ടിയുണ്ണുന്നത് ഒന്നോര്‍ത്തുനോക്കൂ, എന്തൊരു സ്വാദാണത്! നാവില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞില്ലേ'- ഒരു നീളന്‍ പച്ചമുളക് കയ്യില്‍പ്പിടിച്ച് ബാലചന്ദ്രമേനോന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ മലയാളികള്‍ അതേറ്റെടുത്തു.
മലയാളിയുടെ സദ്യയെക്കുറിച്ചും ഇന്നത്തെ ആരോഗ്യരീതികളെക്കുറിച്ചുമെല്ലാം ബാലചന്ദ്ര മേനോന്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. എന്റെ പച്ചമുളകേ.., പുന്നാര തങ്കക്കുടമേ എന്ന പേരിലുള്ള യൂട്യൂബ് വീഡിയോ താരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം ചുവടെ.
അങ്ങിനെ, പറഞ്ഞു പറഞ്ഞു ഓണം വന്നു ....
പറന്ന് പറന്ന് ...അതിന്റെ വഴിക്കു പോയി...
മാതൃഭൂമി ചാനലിലും 24 ഫ്ലവർസിലും മുഖം കാണിച്ചതല്ലാതെ ഓണ വിശേഷമായിട്ടു ഒന്നും ഇല്ല എന്നു തന്നെ പറയാം ...
നഗരത്തിലെ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഓണസദ്യ ഉണ്ടു .കുറ്റം പറയരുതല്ലോ , രുചിയുള്ള വിഭവങ്ങളായിരുന്നു. രണ്ടിടങ്ങളിലും ഉപ്പേരി മാത്രം ഇലയിൽ വിളമ്പിയത് ഓണമായിട്ടും ദാരിദ്ര്യം തോന്നിപ്പിച്ചു . അതിലേറെ , ഒരു രുചിയും തോന്നാത്ത പ്ലാസ്റ്റിക് ഉപ്പേരികൾ ...പണ്ടൊക്കെ ഓണത്തിന് തറവാട്ടിൽ കഴിച്ചു ശീലിച്ച ഉപ്പേരിയുടെ സ്വാദു ഇപ്പോഴും നാക്കിൽ ഒളിഞ്ഞിരിക്കുന്നതാവും കാരണം .
ങാ ..... പിന്നെ ...ഓണമായിട്ടു നല്ലൊരു വിശേഷമുണ്ടായി . ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന ഒരു സന്തോഷവാർത്തമാനം. അത് പറയാം ....
'filmy FRIDAYS ' തുടങ്ങുന്നതിനു മുൻപ് ഞാൻ പലരുമായും അതിന്റെ സാധ്യതകൾ ചർച്ച ചെയ്തിരുന്നു . അങ്ങനെയിരിക്കെ ക്യാമെറായും എഡിറ്റിങ്ങും ഒരുമിച്ചു ചെയ്യാമെന്ന് പറഞ്ഞു ഒരു ചങ്ങാതീ എന്നെ വന്നു കണ്ടു . ക്രൗൺ പ്ലാസ ഹോട്ടലിൽ ഉണ് കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു ഞാൻ . എന്നാൽ കയ്യോടെ ഒന്ന് പരീക്ഷിക്കാമെന്നു ഞാനും സമ്മതിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല . വിഷയം എന്ത് വേണേൽ ആവാമെന്ന് തീരുമാനിച്ചപ്പോൾ റസ്റ്റാറന്റായതുകൊണ്ടു ഞാൻ ഒരു പച്ചമുളകിനെപ്പറ്റി സംസാരിക്കാമെന്നു തീരുമാനിച്ചു . 'വായിൽ തോന്നിയത് കോതക്ക് പാട്ടു 'എന്ന മട്ടിൽ മനസ്സിലൂടെ വന്ന ചിന്തകൾ ക്യാമറക്കു വേണ്ടി പങ്കു വെച്ചു. ഇത് കഴിഞ്ഞു പിന്നെയും ഒരു മാസം കഴിഞ്ഞപ്പോഴാണ് 'filmy Fridays' ഇപ്പോഴത്തെ രൂപത്തിൽ ഒരു സിനിമ അധിഷ്ഠിത പ്രോഗ്രാമായി നിങ്ങളുടെ മുന്നിൽ വന്നതും 18 എപ്പിസോഡുകൾ പൂർത്തിയാക്കുകയും ചെയ്തത് . അപ്പോഴൊക്കെ എന്റെ പാവം പച്ചമുളക് പഞ്ച പുഛമടക്കി എന്റെ ലാപ്ടോപ്പിൽ ശാപമോക്ഷത്തിനായി കാത്തു കിടന്നു ..
ഞാൻ എപ്പോഴും പറയാറുള്ള ,ഇപ്പോഴും വിശ്വസിക്കുന്ന ഒരു പ്രമാണമുണ്ട് . ആർക്കും ആരുടേയും തലവര മായ്ക്കാനാവില്ല. ഓണത്തിന്റെ ആലസ്യത്തിനിടയിലും എനിക്ക് തോന്നി എന്തെങ്കിലും ഒരു കുറിപ്പ് വായനക്കാർക്കായി തയ്യാറാക്കണമെന്നു അപ്പോഴാണ് GNPC എന്ന മലയാളീ ഫേസ്‌ബുക് കൂട്ടായ്മയുടെ അജിത് അവർക്കായി ഒരു പോസ്റ്റ് ഇടാമോ എന്ന് ചോദിച്ചത് ഓർമ്മ വന്നത് . അവരുടെ ഗ്രൂപ്പിൽ ഭക്ഷണ സംബന്ധിയായ ഒരു പാട് പോസ്റ്റുകൾ വരാറുണ്ട് .ഞാൻ ആ ഗ്രൂപ്പിൽ എന്റെ പച്ചമുളകിനു ഒരു 'ബർത്ത്' വാങ്ങിക്കൊടുത്തു . അതും ഓണദിവസം രാവിലെ തന്നെ . പക്ഷെ അത് ഒരു 'ഒന്നൊന്നര ' പോസ്റ്റായിരുന്നു എന്ന് പിന്നീട് അജിത് ഫോണിൽ പറഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത് . സംഗതി കരക്കാർക്കു നന്നേ സുഖിച്ചു . എന്ന് പറഞ്ഞാൽ, ഇന്ന് രാവിലെ നോക്കുമ്പോൾ ഏതാണ്ട് 13 ലക്ഷം വ്യൂസ് ആയിക്കഴിഞ്ഞു, 60000 ലൈക്സ് , തീർന്നില്ല, 5000 കമന്റുകൾ എന്ന് അറിയുന്നു.
( പ്രതികരിച്ച എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു ..)
കവി പാടിയത് പോലെ ആന്ദലബ്ധിക്കിനി എന്ത് വേണം ?
എന്നാൽ , ആ പോസ്റ്റിന്റെ വായനാസുഖം,അല്ലെങ്കിൽ ദൃശ്യ സുഖം എന്റെ ഫെസ്ബൂക് മിത്രങ്ങൾ അറിയണമെന്ന് എനിക്ക് നിർബ്ബന്ധമുണ്ട് . അതുകൊണ്ടു തന്നെ എന്റെ 'പച്ചമുളക് പയ്യനെ ' ഞാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു . നിങ്ങളുടെ കമന്റുകൾ പ്രതീക്ഷിക്കുന്നു ...ഈ ഓണത്തിന് എന്റെ ഒരു സമ്മാനമായി കരുതിക്കൊള്ളു .....
കൂട്ടത്തിൽ പറഞ്ഞോട്ടെ, 'filmy Fridays' നെ പറ്റി നിറയെ അന്വേഷണങ്ങൾ എനിക്ക് വരുന്നുണ്ട് .അണിയറയിൽ അതിന്റെ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുമുണ്ട്. അധികം വൈകാതെ തന്നെ നമുക്ക് കോടമ്പാക്കത് വെച്ച് കാണാം ....
that's ALL your honour !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates