ഹര്‍ത്താല്‍ പോലും വകവയ്ക്കാതെ നേരം പുലര്‍ന്നപ്പോള്‍ തന്നെ തീയറ്ററിലെത്തി ഒടിയന്‍ മാണിക്യനെ ആവേശത്തോടെ വരവേല്‍ക്കുകയായിരുന്നു ആരാധകര്‍. പക്ഷെ തുടക്കത്തിലെ ഈ ആവേശത്തിന് പിന്നീടങ്ങോട്ട് നിറം മങ്ങി വന്നു. വിമര്‍ശനങ്ങളും എതിരഭിപ്രായവും എത്തിത്തുടങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശന പെരുമഴ പെയ്തു. എന്നാല്‍ ഒടിയനെതിരെ നടക്കുന്നത് സംഘടിത ആക്രമണമാണെന്നും നല്ല സിനിമകളെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് ശ്രീകുമാര്‍ മേനോന്റെ പ്രതികരണം.
നൂറ് പേർ മോശം പറയുമ്പോൾ സിനിമ ഇഷ്ടപ്പെട്ട ആയിരം പേർ അപ്പുറത്തുണ്ടെന്നും പത്തോ പതിനഞ്ചോ ആളുകൾ നൂറോ ഇരുന്നൂറോ വ്യാജ ഐഡികളുണ്ടാക്കി ഒരു സിനിമയെ തകർക്കാൻ നോക്കിയാൽ നടക്കില്ലെന്നുമാണ് സംവിധായകന്റെ വാക്കുകൾ. ഒടിയനെതിരെയുള്ള വ്യാജപ്രചരണങ്ങളെ ശാസ്ത്രീയമായി നേരിടുമെന്നും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുൻധാരണ തനിക്കുണ്ടായിരുന്നെന്നും ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീകുമാർ മേനോൻ പറഞ്ഞു.
സിനിമ കണ്ടിട്ടുപോലുമില്ലാത്തവരാകാം ഇത്തരം വിമർശനങ്ങളുന്നയിക്കുന്നതെന്നും ഈ വ്യാജപ്രചാരണങ്ങൾ പെയ്ഡ് ആണെന്നും അദ്ദേഹം ആരോപിച്ചു. അസഭ്യം എഴുതാനും പ്രചരിപ്പിക്കാനും ആളുകളെ വാടകക്ക് എടുത്തിരിക്കുകയാണെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു. നല്ല കാമ്പുള്ള തിരക്കഥയുള്ള ചിത്രമാണ് ഒടിയൻ എന്ന് താന്‍
ഉറച്ചുവിശ്വസിക്കുന്നെന്നും ഈ ആക്രമണങ്ങളെയെല്ലാം സത്യം കൊണ്ടും ഉള്ളടക്കം കൊണ്ടും തോൽപ്പിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates