റിലീസിനൊരുങ്ങുന്ന 'മറിയം വന്ന് വിളക്കൂതി' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകാണ് നവാഗത സംവിധായകനായ ജെനിത് കാച്ചപ്പിള്ളി. തന്റെ സിനിമയിലെ നായികയായ നടി സേതുലക്ഷ്മിയോട് ആദ്യസിനിമയുടെ കഥ പറയാന്‍ പോയ ഓര്‍മ്മകള്‍ വിവരിക്കുകയാണ് ജെനിത്തിപ്പോൾ.
കന്നി സിനിമയ്ക്കായി മൂന്നു വര്‍ഷം കൂടെ നിന്ന ചേച്ചി തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് സംവിധായകന്റെ വാക്കുകളിൽ നിന്ന് വ്യക്തം. കഥപറയാൻ ഡയറിമിൽക്കും വാങ്ങിയാണ് സേതുലക്ഷ്മിയുടെ അരികിലെത്തിയതെന്നും മക്കളുടെ പ്രായമുള്ള സംവിധായകൻ ആണെങ്കിലും സാർ എന്നേ വിളിക്കുകയുള്ളുവെന്നും ജെനിത് പറയുന്നു.
ജെനിത് കാച്ചപ്പിള്ളിയുടെ കുറിപ്പ്:
മറിയം വന്ന് വിളക്കൂതിയുടെ കഥ ആദ്യമായി സേതുലക്ഷ്മി ചേച്ചിയുടെ അടുത്ത് പറയാൻ പോകുന്നത് ഒരു ഡയറി മിൽക്കും വാങ്ങിച്ചിട്ടാണ്. അത് എന്തിനാണ് എന്ന് ചോദിച്ചാ എന്തോ എനിക്ക് അങ്ങനെ തോന്നി. എനിക്ക് ചേച്ചി ഒരു മുത്തശ്ശി ഫീൽ ആണ്. കഥാപാത്രങ്ങളിലൂടെ തന്നെ ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ട് ഒക്കെയാണ് മെഗാ മീഡിയയിൽ വെച്ച് ആദ്യമായി കഥ പറയാൻ പോകുമ്പോ ഒരു ഡയറി മിൽക്ക് വാങ്ങി കയ്യിൽ കരുതിയത്. കഥ പറയുന്ന സമയത്ത് മറിയാമ്മയുടെ ഓരോ ഡയലോഗും ഞാൻ കഥ പറയുന്ന കൂടെ തന്നെ പറഞ്ഞു നോക്കുന്ന ആ ഡെഡിക്കേഷൻ കണ്ട് വലിയ സന്തോഷം തോന്നിയിട്ടുണ്ട്. നാടക കാലഘട്ടങ്ങളിൽ നിന്നേയുള്ള ചേച്ചിയുടെ ശീലം ആയിരിക്കണം. സെറ്റിലും കഴിയുമ്പോഴൊക്കെയും ഡയലോഗ് ഉരുവിട്ട് നടക്കുന്ന ചേച്ചിയെ ആണ് കണ്ടിട്ടുള്ളത്. അത് കാണുമ്പോ ഒരു സംവിധായകൻ എന്ന നിലയിൽ വലിയ സന്തോഷം തോന്നും. വരുമ്പോഴും പോകുമ്പോഴും കൃത്യമായി സംവിധായകന്റെ, ക്യാമറയുടെ അടുത്ത് വന്ന് വരുന്നതും പോകുന്നതും അറിയിക്കുന്ന, ഇപ്പോഴും മക്കളുടെ മക്കളുടെ പ്രായമുള്ള സംവിധായകൻ ആണെങ്കിലും സർ എന്ന് വിളിച്ചു പോകുന്ന, സ്നേഹത്തോടെ ഞാനൊക്കെ ആ വിളി തിരുത്തിയിട്ടുള്ള, അത്രയേറെ പ്രിയപ്പെട്ട സേതുലക്ഷ്മി ചേച്ചി. ആ ചേച്ചിയാണ് ഞങ്ങളുടെ നായിക. മൂന്ന് വർഷത്തോളം പരന്നു കിടന്ന ഈ സിനിമയുടെ അധ്വാനത്തിന്റെ ചരിത്രത്തിൽ ഓരോ തവണ ഓരോ ആവശ്യത്തിന് വിളിക്കുമ്പോഴും പ്രായത്തിന്റെയും യാത്രയുടെയും ബുദ്ധിമുട്ടുകൾക്ക് ഇടയിലും ഓടി വന്നിട്ടുള്ള, ലേറ്റ് നൈറ്റ് ഷൂട്ട് പോയി ഞങ്ങൾ ബുദ്ധിമുട്ടിച്ചിട്ടുള്ള ഞങ്ങളുടെ മറിയാമ്മ ജോർജ്.
ചേച്ചി ഇടയ്ക്ക് വിളിക്കും എന്നിട്ട് ചോദിക്കും "പടം നന്നായിട്ട് വന്നിട്ടുണ്ടോ മക്കളേ?". ഞാൻ നന്നായി വന്നിട്ടുണ്ട് എന്ന് പറയുമ്പോ ദൈവങ്ങളെ വിളിച്ച് പ്രാർത്ഥിക്കും.
ഈ അടുത്ത് പ്രോമോ സോങ്ങിന്റെ ഷൂട്ടിന് വന്നപ്പോൾ ചേച്ചി കൂടെ ഉള്ള ഒരാളോട് പറഞ്ഞു. "അന്നൊക്കെ എന്നെ വിടാൻ വൈകുമ്പോൾ ഞാൻ അവനെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാലും അവന്റെ 3 വർഷമായുള്ള അധ്വാനം എനിക്ക് അറിയാം. അവനത് വിട്ടില്ലല്ലോ. അവൻ വിജയിക്കും"...
ഈ 31 ന് അതായത് മറ്റന്നാൾ മറിയം വന്ന് വിളക്കൂതി റിലീസ് ആണ്. ചേച്ചിയുടെ വാക്കുകൾ പൊന്നാകട്ടെ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates