കൊച്ചി: ഈ മുഖം സ്‌ക്രീനില്‍ കാണുന്നതു തന്നെ വല്ലാത്ത സന്തോഷമാണ്. കുസൃതി നിറഞ്ഞ ചിരിയും സംസാരവുമെല്ലാം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. 95 വയസിലേക്ക് കടന്നിട്ടും ഇപ്പോഴും യുവത്വത്തിന്റെ ചുറുചുറുക്ക് അദ്ദേഹത്തിന് നഷ്ടപ്പെട്ടിട്ടില്ല. മനസിന് ഇപ്പോഴും 25 ആണ് പ്രായം. 95 ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് കല്യാണരാമനിലെ മുത്തശ്ശന്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പാട്ടുപാടിയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പിറന്നാള്‍ കെങ്കേമമാക്കിയത്.
സംഗീതംകൊണ്ട് നിറഞ്ഞതായിരുന്നു പിറന്നാള്‍ ചടങ്ങ്. മരുമകനും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയ്‌ക്കൊപ്പമിരുന്നാണ് പിറന്നാളുകാരന്‍ സംഗീതം ആസ്വദിച്ചത്. കൈതപ്രത്തിന്റെ മകന്‍ ദീപാങ്കുരനാണ് മുത്തശ്ശനുവേണ്ടിയുള്ള സംഗീതവിരുന്നിന് തുടക്കമിട്ടത്. കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ..., സത്യം ശിവം സുന്ദരം തുടങ്ങിയ ഗാനങ്ങളെല്ലാം അദ്ദേഹം മതിമറന്ന് ആസ്വദിച്ചു. വടുതല പള്ളിക്കാവ് ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഹാളിലായിരുന്നു പിറന്നാളാഘോഷം. അടുത്ത ബന്ധുക്കളെ മാത്രമാണ് ചടങ്ങിന് ക്ഷണിച്ചത്.
പയ്യന്നൂര്‍ കോറോം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍. ഇപ്പോള്‍ ഇളയമകന്‍ അഡ്വ. പി.വി കുഞ്ഞികൃഷ്ണനൊപ്പം എറണാകുളത്താണ് താമസിക്കുന്നത്. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരോട് കുശലം ചോദിക്കാന്‍ അദ്ദേഹം മറന്നില്ല.
ദേശാടനം എന്ന ചിത്രത്തിലൂടെ 75ാം വയസിലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമയിലേക്ക് വരുന്നത്. പിന്നീട് നിരവധി സിനികളില്‍ അഭിനയിച്ചു. എന്നും ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തവയെല്ലാം. രാപകല്‍, ഉടയോന്‍, പോക്കിരി രാജ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അദ്ദേഹം ആരാധകരെ കൈയിലെടുത്തു. മലയാള സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ അഭിനയ ജീവിതം. ചന്ദ്രമുഖി, പമ്മന്‍ കെ സംബന്ധം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates