ലോക്ക്ഡൗണിൽ മലയാളികളെ ഏറ്റവും ഞെട്ടിച്ചത് കോട്ടയം നസീറായിരുന്നു. മിമിക്രി കലാകാരനായും നടനായും നസീറിനെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹം മികച്ച ചിത്രകാരൻ കൂടിയാണെന്ന് മനസിലാക്കിയത് ലോക്ക്ഡൗണിനിടെയായിരുന്നു. ഷൂട്ടിങ്ങെല്ലാം നിർത്തി വീട്ടിലിരിക്കുന്ന സമയത്ത് നാൽപ്പതിലേറെ ചിത്രങ്ങളാണ് അദ്ദേഹം വരച്ചത്. ഈ ചിത്രങ്ങൾ വിറ്റു കിട്ടിയ പണം കോട്ടയം നസീർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇപ്പോൾ തന്റെ വരകൾ പങ്കുവെക്കാനായി യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. നസീർ ആർട്ട് സ്റ്റുഡിയോ എന്ന് പേരിട്ട ചാനൽ സൂപ്പർതാരം മോഹൻലാലാണ് പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. കോട്ടയം നസീറിലെ ചിത്രകാരൻ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം നല്ല മാതൃകയാണെന്നുമാണ് മോഹൻലാൽ കുറിച്ചത്. യേശുക്രിസ്തുവിന്റെ ചിത്രം വരക്കുന്നതിന്റെ വിഡിയോ ആണ് അദ്ദേഹം ആദ്യമായി ചാനലിലൂടെ പങ്കുവെച്ചത്.
മോഹൻലാലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
കോട്ടയം നസീർ, ഒരു മിമിക്രി കലാകാരനായും സിനിമയിലഭിനയിക്കുന്ന എൻ്റെ സഹപ്രവർത്തകനായും അറിയാവുന്നയാളാണ്. എന്നാൽ അദ്ദേഹം ഒരു ചിത്രകലാകാരൻ കൂടിയാണെന്നറിഞ്ഞതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ കുറെയധികം ചിത്രങ്ങൾ ഞാൻ കണ്ടിരുന്നു. ആ പെയിൻ്റിംഗുകളിൽ ചിലത് എനിക്കും സമ്മാനമായി നൽകിയിട്ടുണ്ട്.
ഈ ലോക് ഡൗൺ കാലത്ത് അദ്ദേഹം നാല്പതിലേറെ ചിത്രങ്ങൾ വരച്ചു എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും തളരാതെ നമുക്ക് മുന്നോട്ടു പോയേ മതിയാകൂ എന്നു ലോകത്തിനു കാണിച്ചു കൊടുക്കാൻ കഴിയുന്ന നല്ല മാതൃകകളിലൊന്നാണിത്.
അദ്ദേഹത്തിൻ്റെ പുതിയ സംരംഭമായ കോട്ടയം നസീർ ആർട്ട് സ്റ്റുഡിയോ എന്ന യുട്യൂബ് ചാനലിന് എൻ്റെ എല്ലാവിധ ആശംസകളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates