കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡ് പൊലീസ് ക്രൂരതയിൽ കൊലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ വലിയ പ്രതിഷേധസമരങ്ങൾ അരങ്ങേറുകയാണ്. ഈ അവസരത്തിൽ നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നെഴുതുകയാണ് നടി മാളവിക മോഹനൻ.
‘എനിക്ക് 14 വയസ്സുള്ളപ്പോൾ അന്നത്തെ എന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾ അവന്റെ അമ്മ ഒരിക്കലും അവനെ ചായ കുടിക്കാൻ അനുവദിക്കാറില്ല എന്ന് പറഞ്ഞു. കാരണം ചായ കുടിച്ചാൽ കറുത്തു പോകുമെന്നായിരുന്നു അവരുടെ വിചിത്ര ചിന്താഗതി. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ അവന്റെ അമ്മ എന്നെ കാണിച്ചുകൊണ്ട് നീ അവളെ പോലെ കറുത്തു പോകും എന്നും അവനോട് പറഞ്ഞു. അവൻ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാൻ ഗോതമ്പിന്റെ നിറമുള്ള മലയാളിപ്പെൺകുട്ടിയും ആയിരുന്നു. ഞങ്ങൾ തമ്മിലുള്ള നിറവ്യത്യാസം അതു വരെ എനിക്ക് ഒരു പ്രശ്നവുമായിരുന്നില്ല. പക്ഷേ അന്നാദ്യമായി ഒരാൾ എന്റെ നിറത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഞാനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.
നമ്മുടെ സമൂഹത്തിൽ ജാതീയതയും വർണവിവേചനവും ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ ‘കാലാ’ എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേൾക്കാം. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ഈ വർണവിവേചനം ഭീകരമാണ്. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികൾ എന്നാണ് ഉത്തരേന്ത്യക്കാർ പൊതുവെ വിളിക്കുന്നത്. എന്തു കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ അവർ ഇങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. ഉത്തരേന്ത്യക്കാർ വെളുത്തവരും സുന്ദരന്മാരും ആണെന്നും ദക്ഷിണേന്ത്യക്കാർ ഇരുണ്ട നിറക്കാരും വിരൂപരും ആണെന്നും ഒരു ധാരണ ഇപ്പോഴുമുണ്ട്.
ലോകത്തെ വംശവെറിയെ അപലപിക്കുമ്പോൾ നമ്മൾ ചുറ്റും ഒന്ന് കണ്ണോടിക്കണം. നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കും. നിറമല്ല ഒരു മനുഷ്യനെ സുന്ദരനാക്കുന്നത്. അത് അവന്റെ ഉള്ളിലെ നന്മയാണ് എന്ന് മനസ്സിലാക്കുക’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates