മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, വിനയപ്രസാദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഏറെ ശ്രദ്ധേയമായ ഫാസിൽ ചിത്രമാണ് മണിച്ചിത്രത്താഴ്. യുവദമ്പതികളായ ഗംഗയും നകുലനും തങ്ങളുടെ പഴയ തറവാട്ടിലേക്ക് മടങ്ങിയെത്തുകയും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. തറവാട്ടിലുണ്ടായ അജ്ഞാത വധശ്രമങ്ങൾക്ക് പിന്നിലെ കെട്ടഴിക്കാനാണ് മനഃശാസ്ത്ര വിദഗ്ദ്ധനും നകുലന്റെ ഉറ്റ സുഹൃത്തുമായ ഡോ. സണ്ണി അവിടെയെത്തുന്നത്
വിനയ പ്രസാദ് അവതരിപ്പിക്കുന്ന ശ്രീദേവിയാണ് മാടമ്പള്ളിയിലെ രോഗിയെന്നാണ് എല്ലാവരും കരുതിയിരുന്നത്. നകുലന്റെ മുറപ്പെണ്ണാണ് ശ്രീദേവി. പിന്നീട് ഗംഗയാണ് രോഗിയെന്ന് കണ്ടെത്തുന്നു. ചിത്രം അവസാനിക്കുമ്പോൾ മോഹൻലാലിന്റെ ഡോക്ടർ സണ്ണി എന്ന കഥാപാത്രം ശ്രീദേവിയോട് വിവാഹാഭ്യർത്ഥന നടത്തുന്നുണ്ട്. ഇപ്പോഴിതാ സണ്ണിയുടെ ആ വിവാഹാഭ്യർത്ഥനയ്ക്ക് കത്തിലൂടെ മറുപടി കുറിച്ചിരിക്കുകയാണ് ശ്രീദേവി. ശരത് ശശി എന്നയാളുടെ ഭാവനയിൽ വിരിഞ്ഞ ഈ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കത്തിന്റെ പൂർണരൂപം
പ്രിയപ്പെട്ട സണ്ണി ജോസഫ് സൈക്കാർട്ടിസ്റ്റ്(അമേരിക്ക) വായിച്ചറിയുന്നതിന്,
ഇത് ഞാനാണ് ശ്രീദേവി. എന്നെ മനസിലാക്കാൻ എന്റെ പേരിനൊപ്പം തലയും വാലും ആവശ്യം ഇല്ല എന്ന് കരുതുന്നു. ആവശ്യമെങ്കിൽ തന്നെ പാരമ്പര്യമായി കിട്ടിയ തറവാട്ട് പേരോ, അച്ഛന്റെ പേരോ പേരിനൊപ്പം ചേർക്കാൻ തൽകാലം താൽപര്യമില്ല.
താങ്കളുടെ ഭാര്യാസ്ഥാനത്തേക്കുള്ള പ്രൊവിഷണൽ ഓഫർ ലെറ്റർ കിട്ടി ബോധിച്ചു. ഉപാധികൾക്ക് വിധേയമായി താങ്കളുടെ അമ്മ എന്നെ കണ്ടു ബോധ്യപ്പെട്ട ശേഷം ആ ജോലി ഓഫർ സ്ഥിരമാക്കും എന്ന കണ്ടീഷനും കേട്ടു. ക്രിസ്ത്യാനികൾക്ക് ചൊവ്വാ ദോഷം ഇല്ല എന്നതിന് പകരം താങ്കൾക്ക് ചൊവ്വാ ദോഷം ബാധകമല്ല എന്ന് പറഞ്ഞിരുന്നെങ്കിൽ പൊടിയ്ക്ക് പുരോഗമനം ചേർക്കാമായിരുന്നു. തൽകാലം അത് അവിടെ നിൽക്കട്ടെ.
വിവാഹത്തിന് മുൻപ് താങ്കളോ കുടുംബക്കാരോ നടത്താൻ പോകുന്ന ബാക്ക് ഗ്രൗണ്ട് വെരിഫിക്കേഷനിൽ നിന്ന് കിട്ടേണ്ട ചില വിവരങ്ങൾ ഞാനായി നേരത്തെ അറിയിക്കാം എന്ന് കരുതി, അതാണ് ഈ കത്തിന്റെ ഉദ്ദേശ്യം.
നകുലനും ഞാനും കളിക്കൂട്ടുകാർ ആയിരുന്നു. കുട്ടിക്കാലത്ത് ഒരിക്കലും ഞാനൊരു പെണ്ണ് ആണെന്നോ, നകുലൻ ആണ് ആണെന്നോ പറഞ്ഞു എന്നെ ആരും മാറ്റി നിർത്തിയിട്ടില്ല. എന്റെ അച്ഛൻ ഞങ്ങളുടെ ബന്ധത്തെ പുതിയ ഒരു നിലയിലേക്ക് ആലോചിക്കുന്നതിന് മുൻപേ നകുലൻ എന്നോടുള്ള ഇഷ്ടത്തിന്റെ പല സൂചനകളും തന്നിരുന്നു. ആ ഇഷ്ടവും ഉപാധികൾക്ക് വിധേയമാണ് എന്ന് ഞാൻ മനസിലാക്കിയത് എന്റെ അപ്പച്ചിയും നകുലന്റെ അമ്മയുമായ ശാരദ എന്ന സ്ത്രീ ഞങ്ങളുടെ വിവാഹം വേണ്ട എന്ന് തീരുമാനിച്ചപ്പോഴാണ്.
എന്റെ അഭിപ്രായം ചോദിക്കാതെ വാശി പിടിച്ചു നകുലന്റെ വിവാഹ ദിവസം തന്നെ എന്നെയും കല്യാണം കഴിപ്പിച്ച അച്ഛൻ, പുരുഷന്മാരുടെ വാശിയുടെയും ദുരഭിമാനത്തിന്റെയും മാത്രം വിലയുള്ള കമ്പോള ചരക്കുകൾ ആണ് സ്ത്രീകൾ എന്ന് എന്നോട് പറയാതെ പറഞ്ഞു. തന്റേതല്ലാത്ത കാരണത്താൽ എന്നെ വിവാഹം കഴിച്ച ധീര പുരുഷൻ ദൂരെ എവിടെയോ കിടക്കുന്ന ചൊവ്വയെ പേടിച്ചു എന്നെ ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു. വീട്ടിലേക്ക് തിരികെ വന്നപ്പോൾ സഹതാപം പ്രകടിപ്പിച്ചു കുടുംബക്കാർ എനിക്ക് അബല എന്ന മുദ്ര ചാർത്തി തന്നു.
നകുലനും ഗംഗയും നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഞാൻ വീണ്ടും ആക്റ്റീവ് ആയി എന്ന് ചെറിയമ്മ പറഞ്ഞു കേട്ടു. വീട്ടിൽ ഗസ്റ്റുകൾ വരുമ്പോൾ അടച്ചിരിക്കുന്നത് ബോറാണല്ലോ എന്ന് കരുതി എല്ലാരോടും ഇടപഴകി എന്നല്ലാതെ അതിൽ കൂടുതൽ മാറ്റങ്ങളൊന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
ഗംഗയുടെ മാനസിക രോഗം മറ്റുള്ളവരുടെ മുന്നിൽ വെച്ചു പുറത്തു വരാതിരിക്കാൻ എന്നെ പിടിച്ചു പൂട്ടിയിട്ടയാളാണ് താങ്കൾ. അതെന്താണ് എല്ലാരുടെയും മുന്നിൽ ഞാൻ മാനസിക രോഗിയായാൽ ഒരു കുഴപ്പവും ഇല്ലേ? നകുലന് വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്ന പേരിൽ ഒരു പോലീസ് കേസ് വന്നിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ സ്ഥിതി?
അത് പോട്ടെ ഫ്ലാഷ്ബാക്ക് പറയുമ്പോൾ ഇയാൾ എന്താണ് നകുലനോട് പറഞ്ഞത്? നകുലന് വേണ്ടി ഇനി ഒരായിരം വട്ടം ഭ്രാന്തിയായി അഭിനയിക്കാൻ ഞാൻ തയ്യാറാണെന്നോ? ഒരു മാനുഷിക. പരിഗണന അല്ലെങ്കിൽ പിള്ളേർ ടിക്ടോക്കിൽ അഭിനയിക്കുന്നത് പോലെ ഒരു തവണ അഭിനയിച്ചു, അത്ര മതി. വലിയ ആഡംബരമാക്കേണ്ട, അതിനെ എനിക്ക് നകുലനോടുള്ള ഇഷ്ടമോ അടുപ്പമോ ആയി കാണുകയും വേണ്ട.
എല്ലാം കഴിഞപ്പോൾ ക്ലൈമാക്സ് പഞ്ചിന് വേണ്ടി എന്നെ താങ്കൾ പ്രൊപ്പോസ് ചെയ്തത് ഞാൻ പ്രതീക്ഷിച്ചതാണ്. സ്‌കൂളിലും, കോളേജിലുമൊക്കെ ഇത്തരം ചെക്കന്മാരെ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാലും താങ്കളിൽ നിന്ന് അല്പം കൂടി നല്ലൊരു പ്രൊപ്പോസൽ ഞാൻ പ്രതീക്ഷിച്ചു. എന്റെ മറുപടി കാത്തു നിൽക്കാതെ താങ്കൾ പോയെങ്കിലും, അച്ഛനോട് ഈ വിഷയം താങ്കൾ സൂചിപ്പിച്ചു എന്ന് കേട്ടു. അത് നന്നായി, ആണുങ്ങൾ തമ്മിലാണല്ലോ കച്ചവടം പറഞ്ഞു ഉറപ്പിക്കേണ്ടത്.
ജനലയ്ക്ക് അരികിൽ നിന്നുള്ള എന്റെ നോട്ടം സമ്മതം എന്ന് താങ്കൾ ധരിച്ചിട്ടുണ്ടെങ്കിൽ അതൊരു യാത്രയയപ്പ് മര്യാദ മാത്രമായിരുന്നു എന്ന് ഞാൻ പറയട്ടെ. ജനാലയ്ക്കരുകിൽ ആരെങ്കിലും വരുവാനുണ്ട് എന്ന് കരുതി കാത്തിരിക്കുന്ന ഗംഗയല്ല ഞാൻ. വിധേയത്വത്തിന്റെ ചങ്ങലയായ താലി പൊട്ടിച്ചെറിഞ്ഞു സ്വാതന്ത്ര്യത്തിലേക്ക് നടന്ന ശ്രീദേവിയാണ് ഞാൻ.
ആയതിനാൽ താങ്കളുടെ ഓഫർ സ്വീകരിക്കുവാൻ താല്പര്യം ഇല്ല എന്നറിയിക്കട്ടെ. ഇനി എവിടെയെങ്കിലും ചികിൽസിക്കാൻ പോകുമ്പോൾ പെണ്കുട്ടികളോട് ഇഷ്ടം തോന്നിയാൽ, അമ്മയെ അയയ്ക്കാം, അമ്മ തീരുമാനിക്കട്ടെ എന്ന പ്രോവിഷനൽ ഓഫർ കൊടുക്കാതെ ഉഭയകക്ഷി ചർച്ചയിലൂടെ ഒരു തീരുമാനത്തിൽ എത്താൻ ശ്രമിക്കുക.
വിഷ് യൂ ഗുഡ് ലേക്ക് ഇൻ ഫ്യൂചർ
എന്ന് ശ്രീദേവി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates