'ഡാ ബാലാജി നിന്നെ സിനിമയ്ക്ക് ആവശ്യമില്ല പക്ഷെ വീട്ടുകാര്‍ക്ക് ആവശ്യമുണ്ട്, മാറി നിന്നോ'; മമ്മൂട്ടി പറഞ്ഞത്, കുറിപ്പ്
ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമയിലൂടെ ശ്രദ്ധ നേടിയ നടനാണ് ബാലാജി ശര്‍മ. മിനി സ്‌ക്രീനില്‍ ബാലാജിക്ക് അവസരങ്ങള്‍ ഏറെയാണെങ്കിലും സിനിമയില്‍ നിന്ന് വലിയ അവസരങ്ങള്‍ താരത്തെ തേടിയെത്താറില്ല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ബാലാജി രസകരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. താന്‍ കണ്ട ഒരു സ്വപ്‌നത്തെക്കുറിച്ചാണ് കുറിപ്പ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അദ്ദേഹം സ്വപ്‌നത്തില്‍ കാണുന്നുണ്ട്. മമ്മൂട്ടി ബാലാജിക്ക് നല്‍കിയ ഉപദേശമാണ് കുറിപ്പിലെ ഹൈലൈറ്റ്. എന്തായാലും രസകരമായ സ്വപ്‌നം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ബാലാജി പങ്കുവെച്ച ഫേയ്‌സ്ബുക്ക് കുറിപ്പ്
മമ്മൂക്കയുമായ് ഒരു കൂടിക്കാഴ്ച
Scene 1
രാവിലെ 3 മണിക്ക് എഴുന്നേറ്റു മൂന്നാം ദിനം നിര്‍മ്മാല്യ ദര്‍ശനത്തിനായി പുറപ്പെടുന്നു . പത്മനാഭ സ്വാമി ക്ഷേത്രം, ശ്രീകണ്‌ഠേശ്വര ക്ഷേത്രം, പഴവങ്ങാടി ഗണപതി, ആറ്റുകാല്‍ ദേവി എന്നിവരെ തൊഴുതു വണങ്ങി. പതിവ് ടീം കൂടെ. മനസ്സില്‍ മുഴുവനും ഫ്രസ്‌ട്രേഷന്‍ ആയിരുന്നോ? അര്‍ഹിക്കുന്ന അംഗീകാരം സിനിമയില്‍ നിന്നും കിട്ടുന്നില്ല എന്ന കുത്തലുണ്ടോ? സീരിയലില്‍ ഇപ്പോള്‍ തകര്‍ക്കുന്നു എന്ന ഒരു സഹൃദയന്റെ കമന്റിന് ചിരി മറുപടിയായി നല്‍കി ഞാന്‍ തിരികെ എത്തി . യാത്രാമധ്യേയും സ്വപ്നങ്ങളും. ഇതുവരെയെങ്കിലും എത്തിയല്ലോ എന്നുമൊക്കെയുള്ള സംസാരങ്ങള്‍ കൊണ്ട് ആശ്വാസ വാക്കുകള്‍ കൊണ്ട് സമ്പന്നം. വീട്ടില്‍ എത്തി .. നല്ല ക്ഷീണം ..
Scene 2
ഒരു കൊച്ചു പടത്തിന്റെ ഷൂട്ടിങ്ങിനായിട്ടു കാട്ടില്‍ പോയതാ... അവിടെ വേറെയും പടങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നു... ആഹാ അടിപൊളി അവരെയൊക്കെ കാണാല്ലോ. നോക്കുമ്പോള്‍ ലാലേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു . ലാലേട്ടനെ കണ്ടു. കൂടുതല്‍ സുന്ദരനായിരിക്കുന്നു. താടിയൊക്കെ എടുത്തു, ഇപ്പൊ പഴയ ആ ലാലേട്ടന്‍. ഞാന്‍ തിരക്കിനിടയിലൂടെ പതുക്കെ ആ കണ്ണുകള്‍ എന്നില്‍ എത്താന്‍ പാകത്തിലുള്ള ദൂരത്തു നിന്നു. അദ്ദേഹം എന്നെ കണ്ടു. പതിവ് കള്ള ചിരി... ഞാന്‍ ഓടി ചെന്ന് വിഷ് ചെയ്തു പറഞ്ഞു ലാലേട്ടാ ഇപ്പോള്‍ പഴയ ലാലേട്ടനായി അടിപൊളി.. ആണോ മോനെ. ചിരി.
ഞാന്‍ അവിടെ നിന്നും മടങ്ങി... കാട്ടിലൂടെ നടക്കുമ്പോള്‍ ജോഷി സാറിന്റെ ആക്ഷന്‍ സൗണ്ട് കേള്‍ക്കുന്നു... ഹൈ പൊറിഞ്ചു കഴിഞ്ഞു അടുത്ത പടവും തുടങ്ങിയോ ?? നോക്കുമ്പോള്‍ പൊറിഞ്ചു ലെഫ്റ്റ് ... ജോസ് കുറച്ചുകൂടെ ഉഷാറാവൂ എന്നൊക്കെയുള്ള കമാന്‍ഡ് കേള്‍ക്കുന്നു ... ശെടാ ഈ പടം കഴിഞ്ഞില്ലേ എന്ന് വിചാരിച്ചു നടക്കുമ്പോള്‍ പിറകില്‍ ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മളെ തള്ളി മാറ്റിക്കൊണ്ട് വരുന്നു . ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ദി മെഗാസ്റ്റാര്‍ മമ്മൂക്ക... ഞാനും തള്ളലില്‍ പെട്ട് മാറിയപ്പോള്‍ പോകുന്ന പോക്കില്‍ മമ്മൂക്ക എന്നെ കണ്ടു. ആള്‍ക്കാരോട് 'ഡോ അതൊരു നടനാ അയാളെ തള്ളിയിടല്ലേ... ഡാ ബാലാജി നിന്നെ സിനിമയ്ക്ക് ആവശ്യമില്ല പക്ഷെ വീട്ടുകാര്‍ക്ക് ആവശ്യമുണ്ട് മാറി നിന്നോ. പറഞ്ഞത് കേട്ടോ നിന്നെ സിനിമയ്ക്ക് ഇതു പോലെയാണെങ്കില്‍ ആരും വിളിക്കില്ല! 'ഞാന്‍ അന്തം വിട്ടുപോയി. അതെന്തു പറച്ചിലാ
തള്ളലില്‍ നിന്നും ഒഴിവായി ഞാന്‍ മമ്മൂക്കയുടെ പിറകെ വച്ച് പിടിച്ചു... ഞാന്‍ ഓടി അടുത്ത് ചെന്നു. മമ്മൂക്ക അപ്പോള്‍ ഒരു കസേരയില്‍ ഇരുന്നു കഴിഞ്ഞു. വേറെ ഒരാളുമായി സംസാരത്തിലാ. ഞാന്‍ ഇടയില്‍ കയറി. മമ്മൂക്ക...ഒന്ന് തൊട്ടു.
'ഛെ! ഒരാളുമായി സംസാരിക്കുന്നതിന്റെ ഇടക്കാണോ ഞോണ്ടുന്നെ'... കൈ തട്ടി മാറ്റി. ഞാന്‍ അവിടെ തന്നെ നിന്നു. ഒരു അഞ്ച് മിനുട്ട് കഴിഞ്ഞപ്പോള്‍ 'എന്താടാ ' ഞാന്‍ : ' അത് അത് ... മമ്മൂക്ക നേരെത്തെ പറഞ്ഞത് ... ഇങ്ങനെയാണെങ്കില്‍ നിന്നെ സിനിമയ്ക്കുവേണ്ട എന്നത് എന്നെ വേദനപ്പിച്ചു. എന്തിനാ അങ്ങനെ പറഞ്ഞെ? 'അത് നീ തന്നെ ആലോചിക്കൂ. എടാ സിനിമ നമുക്കാണ് വേണ്ടത്. സിനിമയ്ക്ക് ആരെയും വേണ്ട. ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ താന്തോന്നിയാ ... പക്ഷെ അത് പണ്ട്. ഇപ്പോള്‍ കാലം മാറി. ഒരുപാടു പേരുണ്ട്. കഴിവ് ഒരു മാനദണ്ഡമല്ല. ആറ്റിറ്റിയൂഡ് അതാണ് കാര്യം. നീ നിന്റെ ആറ്റിറ്റിയൂഡ് മാറ്റണം, ഇറങ്ങി അന്വേഷിക്കണം. കുറച്ചു കൂടെ ഡിപ്ലോമാറ്റിക് ആയി അപ്പ്രോച്ച് ചെയ്യാന്‍ പഠിക്കണം. നിനക്കും വരും ഇടിവെട്ട് വേഷങ്ങള്‍. അല്ലാതെ ഫ്രസ്‌ട്രേഷന്‍ അടിച്ചാല്‍ നീ തോറ്റു പോവത്തെ ഒള്ളു ... മനസ്സിലായോ നിനക്ക് ' ഞാന്‍ കരഞ്ഞില്ല എന്നേ ഉള്ളു ... തൊഴുതു ... കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു ... ഞാന്‍ എല്ലാം ശ്രദ്ധയോടെ കേട്ട് അവിടെ നിന്നു ...
Scene 3
ഞെട്ടി ഉണര്‍ന്ന ഞാന്‍ 'എന്റമ്മേ എന്തൊരു ഒറിജിനാലിറ്റി. ഇതൊക്കെ എന്നെ കൊണ്ട് എന്തിനാ കാണിച്ചേ ദൈവമേ'. സമയം നോക്കിയപ്പോള്‍ 7:30. അയ്യോ ഷൂട്ടിന് പോണമല്ലോ. ഇന്നൊരു സര്‍ക്കാര്‍ ആഡ് ഉണ്ട് . റെഡി ആവാം .. പക്ഷെ ഈ കണ്ടത് ആരോടെങ്കിലും പറയണം. ആദ്യമായി എഫ്.ബിയില്‍ എന്റെ കൂട്ടുകാരോട് ഇതു പങ്കു വച്ചാലോ എന്ന് തോന്നി .... അവരാണല്ലോ ചങ്കുകള്‍ ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
