

എല്ലാ വർഷത്തേയും പോലെയായിരുന്നില്ല ഇത്തവണത്തെ ഏപ്രിൽ ഫൂൾ ദിനം. കൊറോണയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് സർക്കാർ നിർദേശിച്ചിരുന്നത്. വ്യാജ പ്രചരണം ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാൽ എല്ലാ നിർദേശങ്ങളും കാറ്റിൽ പറത്തി തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ.
തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്ന് ഡോക്ടർ പറഞ്ഞു എന്നാണ് രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തത്. തുടർന്ന് നിരവധി ആരാധകരാണ് ഞെട്ടൽ രേഖപ്പെടുത്തിയത്. സുഖവിവരം ചോദിക്കാനും അവർ മറന്നില്ല. അതിന് പിന്നാലെയാണ് അതൊരു ഏപ്രിൽ ഫൂൾ തമാശയാണെന്ന് വ്യക്തമാക്കി രാം ഗോപാൽ വർമ രംഗത്തെത്തിയത്.
നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്, ഇപ്പോൾ ഡോക്ടർ എന്നോട് പറയുകയാണ് അതൊരു ഏപ്രിൽ ഫൂൾ തമാശയായിരുന്നുവെന്ന്. തീർച്ചയായും തെറ്റ് എന്റേതല്ല. എന്നാണ് അദ്ദേഹം കുറിച്ചത്. ഇതോടെ രാമിനെതിരെ രൂക്ഷ വിമർശനവുമായി നിരവധിപേർ രംഗത്തെത്തി. ഇത്രയും പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത് ഉത്തരവാദിത്വമില്ലാതെ പെരുമാറാൻ എങ്ങനെയാണ് കഴിഞ്ഞത് എന്നാണ് അവർ ചോദിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സംവിധായകനെതിരേ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates