

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും സിനിമയില്‍ സജീവമാകുന്നതായും സൂചന. ഏറെക്കാലമായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ദിവ്യ വെള്ളിത്തരയിലേക്കു മടങ്ങിവരാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ദിവ്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതും ഈ സംശയം ദൃഢപ്പെടുത്തുന്നു. പ്രജ്ജ്വല്‍ ദേവരാജാണു ഈ ചിത്രത്തിലെ നായകന്‍. വളരെ മുന്‍പ് ഷൂട്ട് ചെയ്ത ചിത്രമാണ് ദില്‍ കാ രാജ. എന്നാല്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ മാത്രമാണു പുറത്തുവരുന്നത്.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ നേതൃസ്ഥാനം വഹിച്ചിരുന്നതു ദിവ്യയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തോല്‍വി നേരിട്ടതിനു പിന്നാലെ ദിവ്യ സജീവരാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷയായി. കഴിഞ്ഞ കുറേ മാസങ്ങളായി മാണ്ഡ്യയില്‍ നിന്നുള്ള മുന്‍ എംപി കൂടിയായ ദിവ്യ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ ഒന്നിലും പങ്കെടുത്തിട്ടില്ല. സമൂഹമാധ്യമങ്ങളിലും ദിവ്യ സജീവമല്ല. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അധ്യക്ഷ എന്ന വിശേഷണം ദിവ്യ സ്പന്ദന ട്വിറ്ററില്‍ നിന്നു നീക്കുകയും ചെയ്തു.
സിനിമയില്‍ സജീവമായിരിക്കവേയാണ് 2012ല്‍ ദിവ്യ യൂത്ത് കോണ്‍ഗ്രസില്‍ ചേരുന്നത്. 2013ല്‍ മാണ്ഡ്യ മണ്ഡലത്തില്‍നിന്നു ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ ഈ മണ്ഡലത്തില്‍നിന്നു മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീടാണു കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത്.
ഇക്കാലയളവില്‍ നിരവധി വിവാദസംഭവങ്ങളില്‍ ദിവ്യ ഉള്‍പ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പല ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഇവര്‍ ശക്മായി ശബ്ദമുയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ദിവ്യ നടത്തിയ രൂക്ഷ പരാമര്‍ശങ്ങള്‍ക്കെതിരേ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
2003ല്‍ സിനിമയിലെത്തിയ ദിവ്യ എന്ന രമ്യ 39 സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത്. ഇതില്‍ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സിനിമകള്‍ ഉള്‍പ്പെടുന്നു. 2016ല്‍ പുറത്തിറങ്ങിയ നഗരഹാവു ആണ് ദിവ്യയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates