'ധാരണക്കുറവ് കാരണമാണ് വൈറസില്‍ ആ പിഴവ് വന്നത്‌'; ക്ഷമ ചോദിച്ച് ആഷിക്‌ അബു

ചിത്രത്തിലെ ഒരു തെറ്റിന് ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകൻ ആഷിക് അബുവും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും
'ധാരണക്കുറവ് കാരണമാണ് വൈറസില്‍ ആ പിഴവ് വന്നത്‌'; ക്ഷമ ചോദിച്ച് ആഷിക്‌ അബു
Updated on
2 min read

നിപ്പ കാലത്തിന്റെ അതിജീവനത്തെക്കുറിച്ച് പറഞ്ഞ ആഷിക് അബു ചിത്രം വൈറസ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. വലിയ താരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രം ആരാധകർ നെഞ്ചോടു ചേർത്തു. എന്നാൽ ഇപ്പോൾ ചിത്രത്തിലെ ഒരു തെറ്റിന് ക്ഷമ ചോദിച്ചിരിക്കുകയാണ് സംവിധായകൻ ആഷിക് അബുവും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരും.

വൈറസ് സിനിമയിൽ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ് ഒരു കംപ്യൂട്ടർ ഗ്രാഫിക്സ് സെഗ്മെന്റിൽ കാണിക്കുന്നുണ്ട്. ഇത് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ജൈസൺ നെടുമ്പാലയാണ് നിർമിച്ചത്. എന്നാൽ ഇത് ചിത്രത്തിൽ പരാമർശിച്ചിട്ടില്ല. വിക്കിമീഡീയ കോമൺസിലുള്ള ചിത്രം ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടർ ഗ്രാഫിക്സ് നിർമിച്ചത് എന്നത് ശ്രദ്ധിക്കാഞ്ഞതിനാലും ക്രിയേറ്റീവ് കോമൺസ് ലൈസൻസിനെക്കുറിച്ചുള്ള ധാരണക്കുറവാലുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത്. അതിനാൽ ജൈസണിനോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. 

ആഷിക് അബുവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്


അറിയിപ്പ് !

വൈറസ് സിനിമയിൽ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ് ഒരു കംപ്യൂട്ടർ ഗ്രാഫിക്സ് സെഗ്മെന്റിൽ കാണിക്കുന്നുണ്ട്. പ്രസ്തുത മാപ്, കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ശ്രീ ജൈസൺ നെടുമ്പാല നിർമിച്ച് വിക്കിമീഡിയ കോമൺസിൽ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പ്രസിദ്ധപ്പെടുത്തിയത് ഉപയോഗിച്ചാണ് സിനിമക്ക് കംപ്യൂട്ടർ ഗ്രാഫിക്സ് ചെയ്ത ടീം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധയിൽപ്പെടുകയുണ്ടായി. 

എന്നാൽ ആ ചിത്രത്തിന്റെ ക്രെഡിറ്റ് ശ്രീ ജൈസൺ നെടുമ്പാലക്കാണെന്ന് സിനിമയിൽ‌ പരാമർശിച്ചിട്ടില്ല. വിക്കിമീഡീയ കോമൺസിലുള്ള ചിത്രം ഉപയോഗിച്ചാണ് ഈ കമ്പ്യൂട്ടർ ഗ്രാഫിക്സ് നിർമിച്ചത് എന്നത് ശ്രദ്ധിക്കാഞ്ഞതിനാലും ക്രിയേറ്റീവ് കോമൺസ് ലൈസൻസിനെക്കുറിച്ചുള്ള ധാരണക്കുറവാലുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത്. ആയതിന് ശ്രീ ജൈസൺ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുകയും, ആ ചിത്രത്തിനുള്ള ആട്രിബ്യൂഷൻ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു.

സ്വതന്ത്രമലയാളം കംപ്യൂട്ടിങ് പ്രവർത്തകനും വിക്കിപ്പീഡിയനുമായ ശ്രീ ജൈസൺ നെടുമ്പാല ഇപ്പോൾ മലപ്പുറം ജില്ലയിലെ ചുങ്കത്തറ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുകയാണ്. പ്രശംസനീയമായ നിരവധി സംഭാവനകൾ മാപ്പിങ് രംഗത്തും വിക്കിപ്പീഡിയ, മലയാളം കംപ്യൂട്ടിങ് എന്നീ രംഗത്തും നൽകിയിട്ടുള്ള ശ്രീ ജൈസൺ 2018 ഡിസംബറിൽ കമ്യൂണിറ്റി പങ്കാളിത്തത്തോടെ നടത്തിയ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിന്റെ ഭൂപടനിർമ്മാണം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ദേഹം നിർമിച്ച മേല്പറഞ്ഞ കോഴിക്കോട് ജില്ലയുടെ മാപ്പ് വളരെ കൃത്യമായതും സമഗ്രമായതുമാണ്. കോഴിക്കോട് ജില്ലയിലെ ലോക്കല്‍ അതോറിറ്റികളുടെ അതിരുകളും, നിയമസഭാമണ്ഡലങ്ങളും അപ്റ്റുഡേറ്റായും കൃത്യമായും വരച്ചു ചേര്‍ത്തിട്ടുള്ള ഇന്നും ലഭ്യമായ ഒരേയൊരു ഭൂപടം അതേയുള്ളൂ.

പ്രസ്തുത ചിത്രം ഇവിടെ കാണാം: https://commons.wikimedia.org/…/File:Kozhikode-district-map…

സ്വതന്ത്രമായ ഭൂപടങ്ങളുടേയും ചിത്രങ്ങളുടേയും മറ്റ് മീഡിയകളുടേയും സംഭരണിയായ വിക്കിമീഡിയ കോമൺസ്, വിക്കിപ്പീഡിയ അടക്കമുള്ള മറ്റ് അനുബന്ധ വിക്കിമീഡിയ സംരഭങ്ങൾ എന്നിവയോടും, കാലങ്ങളായി അതിലേക്ക് സ്വതന്ത്ര വിവരങ്ങൾ ചേർത്ത് നമ്മുടെ അറിവിനേയും കലയേയും സ‌ംരക്ഷിക്കുന്ന ജൈസനടക്കമുള്ള അനേകായിരം സന്നദ്ധപ്രവർത്തകർക്കുമുള്ള നന്ദി ഞങ്ങൾ പ്രകടിപ്പിക്കുന്നു. ഭാവിയിൽ ഇത്തരം അശ്രദ്ധയും പിഴവുകളും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കാൻ പൂർണമായും ശ്രമിക്കുമെന്നും ഞങ്ങൾ എല്ലാ ഓപ്പൺ ആക്സസ് പ്രവർത്തകർക്കും ഉറപ്പ് നൽകുന്നു.

കോഴിക്കോട്ട് നിപ്പ പടർന്നു പിടിച്ച അവസരത്തിലും നിപ്പയെ തടഞ്ഞുനിർത്തുന്നതിനായി മറ്റ് ഏതൊരു സ‌ർക്കാർ സംവിധാനവുമെന്നപോലെ പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിച്ച നിരവധി പേരിൽ ഒരാൾകൂടിയായ ജൈസനോടുള്ള അകമഴിഞ്ഞ നന്ദിയും അദ്ദേഹത്തിന്റെ ഭാവിപ്രവർത്തനങ്ങൾക്കുമുള്ള എല്ലാവിധത്തിലുമുള്ള പിന്തുണയും ആശംസകളും ഞങ്ങൾ അറിയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com