നടിയും സംവിധായകയുമായ വിജയ നിര്‍മ്മല അന്തരിച്ചു

മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക കൂടിയാണ് നിര്‍മ്മല.
നടിയും സംവിധായകയുമായ വിജയ നിര്‍മ്മല അന്തരിച്ചു
Updated on
1 min read

ഹൈദരാബാദ്: നടിയും സംവിധായികയുമായ വിജയ നിര്‍മ്മല (73 വയസ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്‍ഡിനന്റല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന പേരില്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടിയ സ്ത്രീയാണ് വിജയ നിര്‍മ്മല. 

വ്യത്യസ്ത ഭാഷകളിലായി 44 സിനിമകളാണ് ഇവര്‍ സംവിധാനം ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി 200 സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക കൂടിയാണ് നിര്‍മ്മല.

ശിവാജി ഗണേശനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരില്‍ ഒരാളായിരുന്നു വിജയ നിര്‍മ്മല. തമിഴ്‌നാട്ടില്‍ ജനിച്ച വിജയ നിര്‍മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1957ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

നിര്‍മ്മലയുടെ കരിയറിലെ മികച്ച വേഷങ്ങള്‍ അധികവും മലയാള സിനിമയില്‍ ആയിരുന്നു. എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേം നസീര്‍ എന്നിവരായിരുന്നു ചിത്രത്തിലെ നായകന്‍മാര്‍.

റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളിലാണ് നിര്‍മ്മല അഭിനയിച്ചത്. 

1971 ല്‍ മീന എന്ന ചിത്രമായിരുന്നു വിജയ നിര്‍മല ആദ്യമായി സംവിധാനം ചെയ്യുന്നത്. പിന്നീട് ഐവി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. അടൂര്‍ ഭാസി, വിന്‍സന്റ്, തിക്കുറിശ്ശി, മീന, ഫിലോമിന, കവിയൂര്‍ പൊന്നമ്മ എന്നിവരായിരുന്നു അതിലെ അഭിനേതാക്കള്‍. 

2009ല്‍ പുറത്തിറങ്ങിയ നേരമു ശിക്ഷയാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. വിജയ കൃഷ്ണ മൂവീസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ച് 15 സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്.

അന്തരിച്ച തെലുങ്ക് സൂപ്പര്‍ താരം കൃഷ്ണ മൂര്‍ത്തിയായിരുന്നു വിജയ നിര്‍മ്മലയുടെ ആദ്യ ഭര്‍ത്താവ്. അദ്ദേഹത്തോടൊപ്പം അന്‍പത് ചിത്രങ്ങളിലാണ് ഇവര്‍ അഭിനയിച്ചത്. കൃഷ്ണ മൂര്‍ത്തിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ഇവര്‍ നടന്‍ കൃഷ്ണയെ വിവാഹം കഴിക്കുകയായിരുന്നു. നരേഷ് ആണ് ഇവരുടെ ഏക മകന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com