മുംബൈ: ബോളിവുഡ് താരം താരം അലോക്‌നാഥിനെതിരെയുള്ള മീ ടൂ പരാതിയില്‍ കേസ് എടുത്തതായി മുംബൈ പൊലീസ്. എഴുത്തുകാരിയും പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന വിനീത നന്ദയുടെ പരാതിയിലാണ് നടപടി.
ഇരുപത് വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അലോക് നാഥിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണറായ മനോജ് ശര്‍മ്മ വെളിപ്പെടുത്തി.
അലോക്‌നാഥിന്റെ വീട്ടില്‍വച്ച് നടത്തിയ പാര്‍ട്ടിക്കിടെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും അവശനിലയിലായ തന്നെ വീട്ടില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റിക്കൊണ്ടു പോയ ശേഷം ബോധം കെടുത്തി ബലാത്സംഗം ചെയ്തുവെന്നും അവര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പിറ്റേ ദിവസം ഉച്ചയ്ക്ക് ശേഷം മാത്രമാണ് താന്‍ ഉറക്കമുണര്‍ന്നതെന്നും ശരീരമാസകലം വേദനയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
താന്‍ പ്രൊഡ്യൂസറായിരുന്ന ജനപ്രിയ ടെലിവിഷന്‍ സീരിയലിലെ നായകനായിരുന്നു അലോക് നാഥ് അന്നെന്നും പല തവണ ശാരീരികമായ അക്രമങ്ങള്‍ക്ക് മുതിര്‍ന്നുവെന്നും പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ചതോടെ ഷോയില്‍ നിന്ന് അലോകിനെ പുറത്താക്കുകയായിരുന്നുവെന്നും വിനിത ഫേസ്ബുക്കില്‍ കുറിച്ചു.
വലിയ മാനസിക ബുദ്ധിമുട്ടുകളാണ് താന്‍ ഇക്കാലയളവില്‍ അനുഭവിച്ചതെന്നും ഇതേക്കുറിച്ച് പുറത്ത് ചിലരോട് വെളിപ്പെടുത്തിയതോടെ ജോലി പോലും ഇല്ലാത്ത അവസ്ഥയുണ്ടായെന്നും മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടേണ്ടി വന്നുവെന്നും അവര്‍ കുറിച്ചു. സുഹൃത്തുക്കള്‍ നല്‍കിയ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തിലേക്ക് തിരിച്ചുവരവ് അസാധ്യമായേനെയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത് ഇപ്പോളെങ്കിലും തുറന്ന് ലോകത്തോട് പറയുന്നത് ഒരു പെണ്‍കുട്ടിക്കും തന്റെ അവസ്ഥ ഉണ്ടാവാതെ ഇരിക്കാനാണ് എന്നും സത്യം ഒരിക്കലും മൂടിവയ്ക്കാന്‍ ശ്രമിക്കരുതെന്ന പാഠം നല്‍കാനാണെന്നും അവര്‍ എഴുതി. വിനീതയുടെ വെളിപ്പെടുത്തലിന് പിന്നാലെ ടെലിവിഷന്‍ താരങ്ങളായ നവ്‌നീത് നിഷാനും, സന്ധ്യാ മൃദുലും ദീപിക അമിനും സമാന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതോടെയാണ് അലോക് നാഥിനെതിരെ കുരുക്കു മുറുകിയത്.
വിനീതയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അലോക്‌നാഥിന്റെ ഭാര്യ കോടതിയില്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചിരുന്നു. ഇത് ബോംബൈ ഹൈക്കോടതി തള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates