'പനി നന്നായി കുറവുണ്ട് തൊണ്ടവേദനയും, കേരളം അപ്പടി മോശമാണെന്ന് ഞാൻ ഉദ്ദേശിച്ചില്ല'; വിശദീകരണ കുറിപ്പുമായി സനൽകുമാർ

രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചെറിയ പിഴവുകൾ പോലും വലിയ വിപത്തുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു
'പനി നന്നായി കുറവുണ്ട് തൊണ്ടവേദനയും, കേരളം അപ്പടി മോശമാണെന്ന് ഞാൻ ഉദ്ദേശിച്ചില്ല'; വിശദീകരണ കുറിപ്പുമായി സനൽകുമാർ
Updated on
2 min read

തിരുവനന്തപുരത്തെ സർക്കാർ കോവിഡ് ഒ.പി.യിലെ പരിമിതമായ സൗകര്യങ്ങളെ പറ്റിയുള്ള സംവിധായകൻ സനൽ കുമാർ ശശിധരന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കടുത്ത പനിയും തൊണ്ടവേദനയും ബാധിച്ചതിനെ തുടർന്നാണ് ദിശയിൽ വിളിച്ചു ചോദിച്ച ശേഷം കോവിഡ് പരിശോധന നടത്താനായി അദ്ദേഹം ആശുപത്രിയിൽ എത്തിയത്. എന്നാൽ ടർപ്പോളിൻ ഷീറ്റിന് താഴെ മുപ്പതോളം പേർക്കൊപ്പം മണിക്കൂറുകൾ പരിശോധനയ്ക്കായി കാത്തിരിക്കേണ്ടിവന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് കേരളത്തിലെ ആരോ​ഗ്യരം​ഗത്തെ മോശമായി ചിത്രീകരിക്കുന്നതാണ് കുറിപ്പ് എന്ന് പറഞ്ഞുകൊണ്ടുള്ള അഭിപ്രായങ്ങൾ ഉയർന്നു. ഇപ്പോൾ വിശദീകരണ കുറിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് സനൽ കുമാർ.  കോവിഡ് ടെസ്റ്റിന് എത്തുന്ന രോഗികൾ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണെന്നും ഓൺലൈൻ സംവിധാനങ്ങളിലൂടെ ഇത് നിയന്ത്രിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കുറിച്ചു. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിൽ തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. പക്ഷേ രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചെറിയ പിഴവുകൾ പോലും വലിയ വിപത്തുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തനിക്ക് പനിയും തൊണ്ടവേദനയും കുറവുണ്ടെന്നും സനൽകുമാർ പറഞ്ഞു.

സനൽകുമാർ ശശിധരന്റെ കുറിപ്പ്

കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികൾ അപ്പടി മോശമാണ് എന്ന് ആരോപിക്കാൻ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല ആ പോസ്റ്റ്. പലരും അങ്ങനെ ഉപയോഗിച്ച് കണ്ടു. “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം” എന്ന് സമാധാനിക്കാനേ വഴിയുള്ളു. പറയാനുദ്ദേശിച്ചത് ഇതാണ്

കോവിഡ് ടെസ്റ്റിന് എത്തുന്ന രോഗികൾ ഒന്നിച്ച് കൂടിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. രോഗം ഉള്ളവരും ഇല്ലാത്തവരുമായ നാല്പതും അൻപതും പേർ ആറും ഏഴും മണിക്കൂർ ഒരു സ്ഥലത്ത് കാത്തിരിക്കേണ്ടിവരുന്നത് രോഗ വ്യാപനത്തിന് കാരണമാവും. ഒരു ഓൺലൈൻ സംവിധാനം ഉപയോഗിച്ച് രോഗികളുടെ ഡീറ്റെയിത്സ് ശേഖരിക്കുകയും ടെസ്റ്റിന് ഒരു നിശ്ചിത സമയം നൽകുകയും ചെയ്യുകയാണെങ്കിൽ ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് ഒരേ സമയം മൂന്നോ നാലോ രോഗികൾ മാത്രമായി നിയന്ത്രിക്കാം. അത് രോഗികൾക്ക് മാത്രമല്ല ആരോഗ്യപ്രവർത്തകർക്കും ഗുണകരമാണ്.

കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിൽ തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. പക്ഷേ രോഗവ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ചെറിയ പിഴവുകൾ പോലും വലിയ വിപത്തുകൾ കൊണ്ടുവരും. കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയും സാഹചര്യങ്ങളെ മറികടക്കാൻ സന്നദ്ധരാക്കുകയും വേണം. ഒരു കാര്യവും മൂടിവെച്ച് പരിഹരിക്കാൻ കഴിയില്ല. തുറന്നു വെക്കണം കാണണം പരിഹാരങ്ങൾ തനിയേ വരും.

രോഗവ്യാപനം ക്രമാതീതമായി ഉണ്ടായാൽ നമ്മുടെ ആശുപത്രി സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാവും എന്ന തിരിച്ചറിവുണ്ടാവണം. എല്ലാ സൂചനകളും പഠനങ്ങളും പറയുന്നത് രോഗവ്യാപനം ഉണ്ടാകും എന്നു തന്നെയാണ്. അങ്ങനെ വന്നാൽ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതേക്കുറിച്ച് കൃത്യമായ ധാരണ വേണം. ചെറിയതോതിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ ടെസ്റ്റ് ചെയ്യണം എന്ന് പറയുകയും ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ കുറവായിരിക്കുകയും ടെസ്റ്റ് ചെയ്ത് ഫലം പോസിറ്റീവ് ആയാൽ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിന് ഒരു സ്ട്രാറ്റജി ഇല്ലതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ടെസ്റ്റിംഗിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഈ ഗുരുതരമായ ആശയക്കുഴപ്പം എത്രയും പെട്ടെന്ന് മാറ്റുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്.

NB: പനി നന്നായി കുറവുണ്ട് തൊണ്ടവേദനയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com