ഈ വർഷം നാല് ഓസ്കർ പുരസ്കാരങ്ങൾ സ്വന്തമാക്കി ഏറെ നിരൂപക പ്രശംസ നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് വിവാദത്തിൽ. 1999ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്റെ കോപ്പിയാണ് പാരസൈറ്റ് എന്നാണ് ആരോപണം. വിജയ് നായകനായ മിൻസാര കണ്ണ എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പാരസൈറ്റ് ഒരുക്കിയിരിക്കുന്നതെന്ന് ആരോപിച്ച് ചിത്രത്തിന്റെ നിർമ്മാതാവായ പി എൽ തേനപ്പൻ രംഗത്തെത്തി. പാരസൈറ്റിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും തന്റെ സിനിമയുടെ ആശയം പകർത്തിയതിന് നഷ്ടപരിഹാരം തേടുമെന്നും തേനപ്പൻ പറഞ്ഞു.
താൻ നിർമ്മിച്ച ചിത്രത്തിന്റെ ഇതിവൃത്തമാണ് പാരസൈറ്റ് ഒരുക്കാൻ എടുത്തിരിക്കുന്നതെന്നാണ് തേനപ്പന്റെ ആരോപണം. "അവരുടെ ചിത്രത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ട് നമ്മൾ ചിത്രം നിർമ്മിച്ചതായി കണ്ടെത്തിയാൽ അവർ നടപടി എടുക്കാറുണ്ട്. അതുപോലെ തന്നെ നമ്മൾക്കും കേസ് ഫയൽ ചെയ്യാനുള്ള അവകാശമുണ്ട്. രചനാമോഷണത്തിന് ചൊവ്വാഴ്ചക്കുള്ളിൽ പാരസൈറ്റിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യും", തേനപ്പൻ പറഞ്ഞു. മികച്ച തിരക്കഥ, വിദേശ ചിത്രം, സംവിധാനം, സിനിമ എന്നീ അവാർഡുകളാണ് പാരസൈറ്റ് നേടിയത്.
മിൻസാര കണ്ണയും പാരസൈറ്റും തമ്മിലുള്ള സാമ്യം സമൂഹമാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി ചർച്ചയിലുള്ള വിഷയമാണ്. കെ എസ് രവികുമാർ സംവിധാനം ചെയ്ത മിൻസാര കണ്ണയിൽ വിജയിക്ക് പുറമേ മോണിക്ക കാസ്റ്റലിനോ, രംഭ, ഖുശ്ബു തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ഇന്ദിര ദേവി (ഖുശ്ബു) എന്ന ധനികയായ സ്ത്രീയുടെ വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ ഇതിവൃത്തം. ഖുശ്ബുവിന്റെ സഹോദരിയുമായി പ്രണയത്തിലായ നായകൻ അവളെ സ്വന്തമാക്കാനാണ് ഇവിടേക്കെത്തിയത്. തന്റെ സ്വാധീനം ഉപയോഗിച്ച് കണ്ണൻ തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഇന്ദിര ദേവിയുടെ വീട്ടില്‍ നിയമിക്കും. പിന്നെ അയാൾ ആസുത്രണം ചെയ്തപോലെ പ്രണയത്തിന് ശുഭ പര്യവസാനം ഉണ്ടാകുകയും ചെയ്യുന്നതാണ് മിൻസാര കണ്ണയുടെ ഇതിവൃത്തം. പാരസൈറ്റിലും നിർധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തിൽ കയറിപ്പറ്റുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയമാക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates