മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയായ നടി ഹണി റോസ്. മറ്റേതൊരിടത്തും ഉള്ളതുപോലെ സിനിമയിലും വിവേചനം ഉണ്ടെന്നത് സത്യമാണെന്ന് ഹണി റോസ് പറയുന്നു. ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കുക അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചെറുതല്ലെന്നും ഹണി കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് ബിസിനസ് തലത്തില്‍ ഒരു സിനിമയെ കൈകാര്യം ചെയ്യാന്‍ പ്രയാസമായിരിക്കുമെന്നാണ് കരുതപ്പെടുന്നതെന്ന് ഹണി പറയുന്നു.'നമ്മുടെ ഇന്‍ഡസ്ട്രി നായകന്‍മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവര്‍ക്ക് മാത്രമാണ് ഇവിടെ സാറ്റിലൈറ്റ് മൂല്യം. ഉദ്ദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താത്പര്യം', ഹണി റോസ് അഭിപ്രായപ്പെട്ടു.
ഇതേ പ്രശ്‌നം നേരിട്ട ഒരു സിനിമയിലാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ഹണി തുറന്നുപറഞ്ഞു. വികെപി സംവിധാനം ചെയ്യുന്ന എന്റെ അടുത്ത സിനിമ ഒരു സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ്. സിനിമയുടെ തിരകഥ ഒരുക്കിയ വീണ ആണ് എന്നെ സമീപിച്ചത്. മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് വീണ. ഈ ചിത്രത്തെക്കുറിച്ച് വീണയ്ക്കുള്ള വ്യക്തതയില്‍ എനിക്കും മതിപ്പുതോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഫ്രേമിനെക്കുറിച്ചും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. വളരെ കൃത്യമായാണ് വീണ കഥ വിവരിച്ചത്. നിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ക്കൊക്കെയും പ്രമേയം ഇഷ്ട്ടപ്പെട്ടു. തുടക്കത്തില്‍ വീണ തന്നെ ചിത്രം സംവിധാനം ചെയ്യാമെന്നാണ് കരുതിയിരുന്നത്. പക്ഷെ വീണ ഒരു സ്ത്രീയാണെന്നതായിരുന്നു പലരും ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം. ഒരു സ്ത്രീക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അവര്‍ക്ക് വിശ്വസിക്കാനാവില്ല, ഹണി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates