നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ ഭർത്താവ് പീറ്ററുമായി പിണങ്ങിപ്പിരിഞ്ഞിരിക്കുകയാണ് വനിത. മൂന്നാം ഭർത്താവിനെ കരണത്തടിച്ച്, വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് വാർത്തകൾ വന്നത്. അതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നാണ് വനിത പറയുന്നത്. വീട്ടിൽ നിന്നും പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്നുമാണ് അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത വ്യക്തമാക്കി. ജീവിതത്തിൽ സഹിക്കുന്നതിനും പരിധിയുണ്ട്, ഇനി മുൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പോയാലും തനിക്ക് സന്തോഷം മാത്രമാണെന്നും വനിത പറഞ്ഞു. ലൈവിൽ എത്തി പൊട്ടിക്കരഞ്ഞുകൊണ്ടാണ് വനിത ഭർത്താവിനെക്കുറിച്ച് സംസാരിച്ചത്.
വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു വേണ്ടി താരകുടുംബം ഗോവയിൽ എത്തിയിരുന്നു എന്നാൽ, പിറന്നാൾ ആഘോഷത്തിനിടെ മദ്യപിച്ച നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിടുമ്പോഴാണ് ഇരുവരും പിരിയാനൊരുങ്ങുന്നത്.
വനിതയുടെ വാക്കുകൾ ഇങ്ങനെ
ഞാൻ പീറ്ററിനെ കാണുമ്പോൾ ബാച്ചിലറാണ്. വിവാഹം കഴിഞ്ഞയാളാണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ എന്റെ കുട്ടികൾ സത്യാമായി പറയുകയാണ് അദ്ദേഹത്തെ പ്രണയിക്കുകയില്ലായിരുന്നു. പരസ്പരം ഇഷ്ടമായതോടെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചത്. എനിക്കും ഒരു പാർട്ണർ വേണമെന്നും തോന്നി. പീറ്ററുമായി നല്ല ബന്ധമാണ് ഞാനും മക്കളുമായി ഉണ്ടായിരുന്നത്. അടുത്തിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്. ഉടൻ തന്നെ ആശുപത്രിയിലെത്തി ചികിത്സ നേടി. ജീവനു തുല്യം സ്നേഹിക്കുന്ന ഒരാൾ മരണത്തോട് മല്ലിടുമ്പോൾ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങൾ തുടങ്ങുന്ന സമയത്താണ് അസുഖം ഉണ്ടാകുന്നത്. അങ്ങനെ ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയതുപോലെയായി. കുടിയും വലിയും മാത്രം. ഒരുദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലേയ്ക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യിൽ ഉണ്ട്. ഐസിയുവിൽ ഒരാഴ്ച കിടന്നു.
കുടിച്ച് ലക്കുകെട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാൻ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കാൻ തുടങ്ങി. ഇവരൊക്കെ എന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചു. സഹിക്കുന്നതിനും പരിധിയില്ലേ. എനിക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല നിങ്ങളുടെ മുൻഭാര്യയ്ക്കും ആ കുട്ടികൾക്കും വേണ്ടിയെങ്കിലും ഇത് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ നിർത്താൻ തയാറായില്ല. ഇതിന്റെ പേരിൽ തർക്കമുണ്ടായി. ഒരാഴ്ച മദ്യം മാത്രമാണ് കഴിച്ചുകൊണ്ടിരുന്നത്. ഭക്ഷണം പോലും കഴിക്കുന്നില്ല. എന്നാൽ കഴിയുന്നതുപോലെ നോക്കി. ഒരു ദിവസം വെളുപ്പിന് നാല് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. വിളിച്ചാൽ ഫോണും എടുക്കില്ല. അസിസ്റ്റന്റ്സ് വന്നാണ് അദ്ദേഹത്തെ തിരിച്ച് വീട്ടിലെത്തിച്ചത്. തനിയെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ജീവിത സമ്മർദം താങ്ങാൻ വയ്യാതെയാണ് ഇങ്ങനെയായത്.
സമൂഹമാധ്യമങ്ങൾ മുഴുവൻ ഞങ്ങളെക്കുറിച്ചുള്ള ട്രോളുകള്‍. ഇതൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ടാകും. അതിനിടെയാണ് ഞങ്ങൾ ഗോവയിൽ പോയത്. വളരെയധികം സന്തോഷത്തോടെയാണ് ആ യാത്ര ആസ്വദിച്ചത്. ആ സമയത്താണ് അദ്ദേഹത്തിന്റെ ചേട്ടൻ മരിക്കുന്നത്. ഇക്കാര്യം ഞാൻ പറഞ്ഞതോടെ വല്ലാതെ അസ്വസ്ഥനായിരുന്നു. വീട്ടിൽ പോയി വരാമെന്നു പറഞ്ഞു. ഈ ഒരവസ്ഥയിൽ അതൊരു മാറ്റമുണ്ടാക്കുമെന്ന് ഞാൻ വിചാരിച്ചു. കുറച്ച് പണവും നല്‍കിയാണ് അയച്ചത്. പോയിട്ട് ഇപ്പോള്‍ ദിവസങ്ങളായി. ഇതുവരെ വിളിച്ചിട്ടില്ല. ആ വീട്ടിലും എത്തിയിട്ടില്ല. ഇപ്പോള്‍ വരെയും ഫോൺ ഓഫ് ആണ്. എന്നാൽ അയാൾ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാൻ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തെ നോക്കിയത് എങ്ങനെയെന്ന് എനിക്ക് അറിയാം. പക്ഷേ എന്നേക്കാൾ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
ഞാന്‍ ഒരു കുടുംബം തകര്‍ത്തു എന്ന് പറയുന്നവരോടാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു. അവന്‍ വേദനകളിലായിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച മോശം സമയങ്ങളില്‍ ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു. ചിരിച്ച് കൊണ്ട് ജീവിച്ചു. ഞങ്ങളെ ചുറ്റിപറ്റിയുള്ള കാര്യങ്ങള്‍ മാധ്യമങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണ്. ഒരു കാര്യവും ഞാന്‍ മറച്ച് വച്ചിട്ടില്ല. എന്റെ ജീവിതത്തെ കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് തന്നെ അത് കൈകാര്യം ചെയ്യാന്‍ സാധിക്കും. തകർച്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റവളാണ് ഞാൻ. എന്റെ മക്കൾക്കു വേണ്ടി ജീവിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates