സുരേഷ് ഗോപിയുടെ 250ാം ചിത്രമെന്ന് പ്രതീക്ഷിക്കപ്പെട്ട സിനിമയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയ്ക്കാണ് വിലക്ക്. ഇതിലെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് ഹൈക്കോടതിയുടെ വിധി.
കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി അറിയിച്ചു. പകർപ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിൻറെ 250ാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്.
കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിൻറെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റിൽ സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തു. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
തുടർന്ന് വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി നീണ്ടു നിന്ന കേസിനാണ് ഒടുവിൽ വിരാമമായത്. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാ കോടതിയുടെ വിധി പരിപൂർണമായും ശരിയാണെന്നും എസ്ജി. 250 സിനിമ നിർത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു. അഡ്വ. ബിനോയ് കടവൻ വാദി ഭാഗത്തിനു വേണ്ടി ഹാജരായി.
സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് 250ാം ചിത്രമെന്ന നിലയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിടുന്നത്. മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു. ഇതോടെയാണ് വിവാദങ്ങൾക്കു തുടക്കം.
ഇതിനു ശേഷമാണ് കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകർപ്പവകാശം ലംഘിച്ച് പകർത്തിയെന്ന് ആരോപിച്ച് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates