

കൊച്ചി: നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെത്തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോഗം ഓഗസ്റ്റ് ഏഴിനു കൊച്ചിയിൽ ചേരും. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ഔദ്യോഗിക എക്സിക്യൂട്ടീവാണ് ചേരുന്നത്.
ജനറൽ ബോഡിയുടെ തീരുമാനത്തെ ചോദ്യംചെയ്തു നേതൃത്വത്തിനു കത്തയച്ച നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവരെയും എക്സിക്യൂട്ടീവിലേക്കു ക്ഷണിച്ചിട്ടുണ്ട്. ഇവർക്കു പറയാനുള്ളതും കേൾക്കും. വിദേശത്തു ഷൂട്ടിംഗിലായതിനാൽ പാർവതി യോഗത്തിൽ എത്തിയേക്കില്ല. പത്മപ്രിയയും രേവതിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡബ്ല്യുസിസി പ്രതിനിധികൾ എന്ന നിലയിലല്ല, അമ്മയുടെ അംഗങ്ങൾ എന്ന നിലയിലാണ് മൂവരെയും യോഗത്തിലേക്കു ക്ഷണിച്ചതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചർച്ചചെയ്യാൻ അടിയന്തര യോഗം ചേരണമെന്നാവശ്യപ്പെട്ടാണു മൂവരും അമ്മ ജനറൽ സെക്രട്ടറിക്കു കത്തു നൽകിയത്.
ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ താരസംഘടനയിൽ നിന്നും രമ്യാനമ്പീശൻ, പത്മപ്രിയ, ഗീതുമോഹൻദാസ്, റീമ കല്ലിങ്കൽ എന്നിവർ രാജിവെച്ചിരുന്നു. സംഘടനയ്ക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അമ്മ പ്രസിഡന്റ് മോഹൻലാൽ സംഘടനയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ പ്രതികരണത്തിനെതിരെ വുമൺ കളക്ടീവ് രംഗത്തെത്തിയിരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates