പ്രൊഡ്യൂസര്‍മാര്‍ കുത്തുപാള എടുക്കുമ്പോള്‍, കണ്‍ട്രോളര്‍മാര്‍ നിര്‍മാതാക്കളാകുന്നു എന്ന് വിമര്‍ശനം; മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ 

ഇനിയും നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയിലേക്ക് വരുമെന്നും അതില്‍ അസ്വഭാവികമായി ഒന്നും ഇല്ല
പ്രൊഡ്യൂസര്‍മാര്‍ കുത്തുപാള എടുക്കുമ്പോള്‍, കണ്‍ട്രോളര്‍മാര്‍ നിര്‍മാതാക്കളാകുന്നു എന്ന് വിമര്‍ശനം; മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ 
Updated on
3 min read

സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരേ രംഗത്തെത്തി നിര്‍മാതാവ് ശശീന്ദ്ര വര്‍മയ്ക്ക് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര രംഗത്ത്. 'പ്രൊഡ്യൂസര്‍മാര്‍ കുത്തുപാള എടുക്കുന്നു... പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പ്രൊഡ്യൂസേഴ്‌സ് ആകുന്നു' എന്ന ശശീന്ദ്ര വര്‍മയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതോടെയാണ് മറുപടിയുമായി ഷാജി പട്ടിക്കര രംഗത്തെത്തിയത്. 

മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കണ്‍ട്രോളര്‍ ആയിരുന്ന, സാമ്പത്തിക ലാഭമുണ്ടാക്കിയ ഒട്ടനവധി നിര്‍മാതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ബാദുഷ നിര്‍മാണ രംഗത്തേക്ക് കടന്നു വരുന്ന വിവരം വാര്‍ത്തകളില്‍ നിറയുന്ന ഈ വേളയില്‍ താങ്കളുടെ അഭിപ്രായം അത് അര്‍ഹിക്കുന്ന പുച്ഛത്തോടെ തളളിക്കളയുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഷാജി പട്ടിക്കരയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി വന്ന് നിര്‍മാതാക്കളുടെ സംഘടനയുടെ സംഘടന തലത്തിലേക്ക് വന്ന നിരവധി പേരെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. സിനിമകള്‍ പരാജയപ്പെടുന്നതിന് കണ്‍ട്രോളര്‍മാരെ ആരും കുറ്റം പറയാറില്ലെന്നും ഷാജി വ്യക്തമാക്കി. ഇനിയും നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയിലേക്ക് വരുമെന്നും അതില്‍ അസ്വഭാവികമായി ഒന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഷാജി പട്ടിക്കരയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ശശീന്ദ്രവര്‍മ്മ സാറേ നമസ്‌ക്കാരം!

'പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പ്രൊഡ്യൂസറാകുന്നു, പ്രൊഡ്യൂസര്‍മാര്‍ കുത്തുപാളയെടുക്കുന്നു' എന്ന താങ്കളുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ കണ്‍ട്രോളര്‍ ആയിരുന്ന, സാമ്പത്തിക ലാഭമുണ്ടാക്കിയ ഒട്ടനവധി നിര്‍മാതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ബാദുഷ നിര്‍മാണ രംഗത്തേക്ക് കടന്നു വരുന്ന വിവരം വാര്‍ത്തകളില്‍ നിറയുന്ന ഈ വേളയില്‍ താങ്കളുടെ അഭിപ്രായം അത് അര്‍ഹിക്കുന്ന പുച്ഛത്തോടെ തളളിക്കളയുന്നു.

സഹസംവിധായകനായിരുന്ന സജിമോനാണ്, ബാദുഷ നിര്‍മ്മാതാവുമ്പോള്‍ സംവിധായകനാവുന്നത് എന്നു കൂടി ഓര്‍മപ്പെടുത്തട്ടെ, സിനിമകള്‍ക്ക് വിജയവും പരാജയവുമുണ്ടാകും. അത് സ്വാഭാവികമാണ്. നല്ല സിനിമകള്‍ പരാജയപ്പെടുകയും ചിലയിടത്ത് മോശം എന്ന് പ്രേക്ഷകര്‍ തന്നെ പറയുന്ന സിനിമകള്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വിജയവും പരാജയവും പല ഘടകങ്ങളെ ആശ്രയിച്ചാണ് ഉണ്ടാകുന്നത്. സ്ഥിരമായി ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ മാത്രം വയ്ക്കുന്ന നിര്‍മാതാക്കളും പലരെ മാറി മാറി വയ്ക്കുന്ന നിര്‍മാതാക്കളും ഉണ്ട്. ഒരു ചിത്രത്തിന്റെ സംവിധായകന്‍ അടുത്ത ചിത്രത്തില്‍ താരങ്ങളെയോ തിരക്കഥാകൃത്തിനെയോ, ഛായാഗ്രാഹകനെയോ മാറ്റി പരീക്ഷിക്കുന്നത് പോലെയുള്ള ഒരു പ്രക്രിയ ആണ് അത്.
സ്ഥിരമായി ചില താരങ്ങളെ, അല്ലെങ്കില്‍, ക്യാമറാമാനെ, അല്ലെങ്കില്‍ തിരക്കഥാകൃത്തിനെ വയ്ക്കുന്നവരും ഉണ്ട്. അതൊക്കെ ആപേക്ഷികമാണ്.

ഇനി, ഒരു ചിത്രത്തിന്റെ ചര്‍ച്ച മുതല്‍ റിലീസ് കഴിഞ്ഞ് വിജയാഘോഷം വരെ മുന്നില്‍ നില്‍ക്കുന്ന ആളാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഒരു സിനിമയുടെ ബഡ്ജറ്റ് നിയന്ത്രിക്കുന്ന ആള്‍. അത്തരത്തില്‍ തൊഴിലില്‍ നൈപുണ്യം പ്രകടിപ്പിക്കുന്നവരാണല്ലോ മുന്‍നിരയിലേക്ക് വരുന്നതും, കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുന്നതും. പഴയ കാലം മുതലുള്ള, നിലവില്‍ സിനിമ നിര്‍മിക്കുന്നവരും, അല്ലാത്തവരുമായ നിര്‍മാതാക്കളുടെ സംഘടനയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇനി അതിലേക്ക് വരാം.

നിലവിലെ അതിന്റെ സെക്രട്ടറി ശ്രീ.ആന്റോ ജോസഫും പ്രസിഡന്റ് ശ്രീ.എം.രഞ്ജിത്തും വൈസ്പ്രസിഡന്റ് ശ്രീ.കല്ലിയൂര്‍ ശശിയും പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വന്ന് നിര്‍മാതാക്കളായി മാറിയവരാണ് ! ഇതില്‍ ശ്രീ.എം.രഞ്ജിത്ത് നിര്‍മാതാവായി സിനിമയിലെത്തി വിജയിച്ച ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളറായി, വീണ്ടും നിര്‍മ്മാണ രംഗത്ത് എത്തിയതാണ്. ഈ പറഞ്ഞ മറ്റുള്ള നിര്‍മ്മാതാക്കള്‍ കൂടി വോട്ട് ചെയ്ത് ഇലക്ഷനിലൂടെ ഭാരവാഹികള്‍ ആയതാണ്. ഇവര്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മാതാക്കള്‍ കൂടി വോട്ട് ചെയ്തിട്ടാണ് ഇന്ന് അവര്‍ അവിടെ എത്തിയത് എന്ന് ഓര്‍ക്കുക.ഇനി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ആല്‍വിന്‍ ആന്റണിയും, ആനന്ദ് പയ്യന്നൂരും അവരും ഇതേപോലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി വന്ന് നിര്‍മ്മാതാക്കളായി മുന്‍പറഞ്ഞ ഇലക്ഷനിലൂടെ ഭാരവാഹികളായവരാണ്. തങ്ങളുടെ സിനിമ നിയന്ത്രിച്ചത് പോലെ കാര്യക്ഷമമായി സംഘടനയെയും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിയും എന്ന്, മറ്റ് നിര്‍മ്മാതാക്കളുടെ വിശ്വാസത്തിന് തെളിവാണ് അവരുടെ ഭാരവാഹിത്വം.

ഇനി, ജയ്‌സണ്‍ ഇളങ്കുളം, ഗിരീഷ് വൈക്കം, അനില്‍ മാത്യു, അരോമ മോഹന്‍, സെവന്‍ ആര്‍ട്ട്‌സ് മോഹന്‍, എസ്.മുരുകന്‍, കെ.രാധാകൃഷ്ണന്‍, അപ്പി രാധാകൃഷ്ണന്‍, വിനോദ് ഷൊര്‍ണ്ണൂര്‍, എ.ഡി. ശ്രീകുമാര്‍, ദാസ് വടക്കഞ്ചേരി, ഷിബു.ജി.സുശീലന്‍, സേതു മണ്ണാര്‍ക്കാട്, ഷെയ്ക്ക് അഫ്‌സല്‍, ബാബു ഷാഹിര്‍, ആന്റണി ഇരിങ്ങാലക്കുട, എന്‍. ജീവന്‍, പ്രണവം മേനോന്‍ ,ആര്‍.പി.ഗംഗാധരന്‍, വിജീഷ് മണി, എന്നീ നിര്‍മാതാക്കളൊക്കെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായി വന്ന് നിര്‍മ്മാതാക്കളായവരാണ്. ഇവരില്‍ പലര്‍ക്കും വിതരണക്കമ്പനികളും, തിയ്യറ്ററുകളുമുണ്ട്. ഇവരൊക്കെ സിനിമ നിര്‍മിക്കുമ്പോള്‍ അതില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഉണ്ട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മാരും, മാനേജര്‍മാരും ഉണ്ട്. അവരുടെ ചില സിനിമകള്‍ പരാജയമായിട്ടുണ്ട്, അതിന് അവരാരും അവരുടെ കണ്‍ട്രോളര്‍ മോശമായത് കൊണ്ടാണ് എന്ന് പറഞ്ഞിട്ടില്ല. അപ്പോള്‍ ഒരു അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ പരിചയസമ്പത്ത് ഉണ്ടാക്കി മെയിന്‍ ടെക്ക്‌നീഷ്യന്‍ ആകുന്നത് പോലെയുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ്, പരിചയസമ്പത്തുള്ള ഒരു കണ്‍ട്രോളര്‍ നിര്‍മ്മാതാവ് ആവുക എന്നത്.

ഇവര്‍ നിര്‍മാതാകുമ്പോള്‍ പലപ്പോഴും പലയിടത്ത് നിന്നും പണം സ്വരൂപിച്ച് തന്നിലുള്ള പരിചയ സമ്പത്തിലുള്ള ആത്മവിശ്വാസം കൊണ്ടാണ് നിര്‍മ്മാണ രംഗത്തേക്കിറങ്ങുന്നത്. പുതുതായി വരുന്ന നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക ക്രയ വിക്രയത്തില്‍ ഉപദേശം നല്‍കി ചിലവ് കുറയ്ക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെയാണ്. ശരിക്കും ഒരു സിനിമയുടെ നട്ടെല്ല് തന്നെ ആണ് അയാള്‍. ഇനിയും ഒരു പാട് സിനിമകള്‍ മലയാളത്തിലുണ്ടാവും, അതിന് കണ്‍ട്രോളര്‍മാര്‍ ഉണ്ടാവും, പുതിയവര്‍ രംഗത്തേക്ക് വരും, ചിലര്‍ നിര്‍മാതാക്കളാവും, ഇത് സിനിമയാണ്. ഇതില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ല. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനിലെ എല്ലാ അംഗങ്ങള്‍ക്കും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ എല്ലാ അംഗങ്ങള്‍ക്കും ആശംസകളോടെ,

സ്‌നേഹപൂര്‍വ്വം.

ഷാജി പട്ടിക്കര
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com